ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ ഹാന്റാവൈറസ് ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന് രാജ്യത്തെ ഇംഗ്ലീഷ് ദിനപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹാന്റാവൈറസ് പുതിയതല്ല. 1993-ല്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) പറയുന്നു. വൈറസ് ബാധിതരമായ എലികളില്‍ നിന്നാണ് മനുഷ്യരിലേക്ക് പകര്‍ന്നത്.

ചൈനയിലെ രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ആള്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ട്. ഹാന്റാവൈറസുമായി ബന്ധമുള്ള ആന്‍ഡസ് വൈറസാണ് ആദ്യ രോഗിയെ ബാധിച്ചത്.

എന്താണ് ഹാന്റാവൈറസ്?

എലികളില്‍ നിന്നും പടരുന്ന ഒരു കൂട്ടം വൈറസുകളില്‍ ഒന്നാണ് ഹാന്റാവൈറസ്. ഈ വൈറസുള്ള എലിയുമായി സമ്പര്‍ക്കം വരുന്നയാള്‍ക്ക് വൈറസ് ബാധിക്കാം. വനം, വയലുകള്‍ തുടങ്ങിയവയോട് ചേര്‍ന്ന ഗ്രാമപ്രദേശങ്ങളിലാണ് ഇത് പടരാന്‍ സാധ്യത. രോഗബാധിതരായ എലികള്‍ക്ക് താമസിക്കാന്‍ പറ്റിയ ഇടങ്ങളാണ് ഇവ.

അമേരിക്കയിലും കാനഡയിലും എലികളിലുള്ള സിന്‍ നോംബ്രെ ഹാന്റാവൈറസാണ് ആളുകളെ ബാധിക്കുന്നത്. ഇതുപോലെ എലികളില്‍ ഓരോ തരം ഹാന്റാവൈറസുകളാണ് വസിക്കുന്നത്. ഇത് മനുഷ്യരിലേക്ക് പടരാം.

ന്യൂ വേള്‍ഡ് ഹാന്റാവൈറസ് എന്നാണ് അമേരിക്കയില്‍ ഈ കുടുംബത്തില്‍പ്പെട്ട വൈറസുകള്‍ അറിയപ്പെടുന്നത്. കഠിനമായ ശ്വാസകോശ രോഗമായ ഹാന്റാവൈറസ് പള്‍മണറി രോഗത്തിന് കാരണം ഈ വൈറസാണ്. ഈ രോഗം കാരണമുള്ള മരണനിരക്ക് 38 ശതമാനമാണ്.

മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ വൈറസ് പടരുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അമേരിക്ക, ചിലി, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ അപൂര്‍വമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവിടെയൊന്നും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ടില്ല.

എന്താണ് രോഗലക്ഷണങ്ങള്‍?

ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങാന്‍ എലികളുടെ മൂത്രം, മലം, ഉമിനീര്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തില്‍ വന്ന് ആദ്യ ആഴ്ച മുതല്‍ എട്ടാമത്തെ ആഴ്ച്ച വരെയെടുക്കും. പനി, പേശികളുടെ വേദന, തലവേദന, തണുപ്പ്, വയറിലെ പ്രശ്‌നങ്ങള്‍, തളര്‍ച്ച തുടങ്ങിയവ രോഗലക്ഷണങ്ങളാണ്. നാല് മുതല്‍ പത്താമത്തെ ആഴ്ച്ചകളില്‍ ചുമയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook