ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്തി യുഎസിന്റെ 46ാമത്തെ പ്രസിഡന്റായി ജോ ബൈഡൻ മാറിയിരിക്കുകയാണ്. പെൻ‌സിൽ‌വാനിയയിലും ജയം നേടിയതോടെ ബൈഡൻ പ്രസിഡന്റ് സ്ഥാനമുറപ്പിച്ചതായി അസോസിയേറ്റഡ് പ്രസ് ആണ് റിപ്പോർട്ട് ചെയ്തത്.

ലോകം അമേരിക്കയിലേക്ക് നോക്കുമ്പോൾ ഇന്ത്യയും വ്യത്യസ്തമല്ല. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബൈഡൻ ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തെ ഊട്ടിയുറപ്പിക്കുമോ എന്നതാണ് ചോദ്യം.

ജോ ബൈഡൻ ഇന്ത്യയുടെ സുഹൃത്താകുമോ?

ബരാക് ഒബാമ ഭരണത്തിൽ വൈസ് പ്രസിഡന്റ് ആകുന്നതിന് വളരെ മുമ്പുതന്നെ, ഇന്ത്യയുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാൻ ബൈഡൻ വാദിച്ചിരുന്നു. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ശക്തമാകുന്നതിനായി സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാനായും പിന്നീട് വൈസ് പ്രസിഡന്റായും പ്രധാന പങ്കുവഹിച്ച നേതാവാണ് ബൈഡൻ.

വാസ്തവത്തിൽ, 2006 ൽ, യു‌എസിന്റെ വൈസ് പ്രസിഡന്റാകുന്നതിന് മൂന്ന് വർഷം മുമ്പു തന്നെ, യുഎസ്-ഇന്ത്യ ബന്ധങ്ങളുടെ ഭാവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ബൈഡൻ പ്രഖ്യാപിച്ചിരുന്നു: “2020 ൽ ലോകത്തിൽ ഏറ്റവുമധികം അടുപ്പം കാത്തുസൂക്ഷിക്കുന്ന രണ്ട് രാജ്യങ്ങൾ ഇന്ത്യയും അമേരിക്കയുമാകണം എന്നതാണ് എന്റെ ആഗ്രഹം,” അദ്ദേഹം പറഞ്ഞു.

ഇന്തോ-യുഎസ് ആണവ കരാറിനെ പിന്തുണയ്ക്കാൻ ബരാക് ഒബാമ തുടക്കത്തിൽ വിമുഖത പ്രകടിപ്പിച്ചിരുന്നെങ്കിലും, 2008 ൽ യുഎസ് കോൺഗ്രസിൽ ആണവകരാർ അംഗീകരിക്കുന്നതിന് ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാർക്കും ഒരുപോലെ ബൈഡൻ പ്രവർത്തിച്ചു.

ഒബാമ ഭരണത്തിൽ വൈസ് പ്രസിഡന്റ് ആയിരുന്ന കാലയളവിൽ അദ്ദേഹം നൽകിയ സംഭാവന എന്താണ്?

ഇന്തോ-യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന വക്താക്കളിൽ ഒരാളായിരുന്നു ബൈഡെൻ, പ്രത്യേകിച്ച് തന്ത്രപരമായ മേഖലകളിൽ. ആ സമയത്ത്, ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിന് പരസ്യമായ പിന്തുണയുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. തുടർച്ചയായുള്ള ഇന്ത്യൻ ഗവൺമെന്റുകളുടെ പ്രധാന ആവശ്യമായിരുന്നു ഇത്. എന്നാൽ ബൈഡൻ വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്താണ് ഇത് നിറവേറിയത്.

ഒബാമ-ബൈഡൻ ഭരണത്തിൽ, ഇന്ത്യയെ “പ്രധാന പ്രതിരോധ പങ്കാളി” എന്ന് നാമകരണം ചെയ്തു. പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുമായി നൂതനവും നിർണായകവുമായ സാങ്കേതിക വിദ്യ പങ്കിടുന്നതിനും യുഎസ് കോൺഗ്രസ് അംഗീകരിച്ച പദവിയായിരുന്നു ഇത്. യുഎസിന്റെ പരമ്പരാഗത സഖ്യ സമ്പ്രദായത്തിന് പുറത്തുള്ള ഒരു രാജ്യത്തിന് ആദ്യമായാണ് ഈ പദവി നൽകുന്നത് എന്നതിനാൽ ഇത് നിർണായകമായിരുന്നു.

വാസ്തവത്തിൽ, 2016 ഓഗസ്റ്റിൽ, ഒബാമ ഭരണകൂടത്തിന്റെ അവസാന കാലയളവിൽ, ഇരുപക്ഷവും ലോജിസ്റ്റിക് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (ലെമോവ) യിൽ ഒപ്പുവച്ചു. ശക്തമായ സൈനിക സഹകരണത്തിനുള്ള മൂന്ന് “അടിസ്ഥാന കരാറുകളിൽ” ആദ്യത്തേതായിരുന്നു ഇത്.

ഇന്തോ-പസഫിക്കിൽ ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കുന്നതിനാൽ ലെമോവ ഇന്ത്യ-യുഎസ് നേവി-ടു-നേവി സഹകരണത്തിന് വളരെയധികം ഉപയോഗപ്രദമാണ്. ഈ കരാറിന്റെ ഉപയോഗക്ഷമത ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ കാറിന് ഇന്ധനം നിറയ്ക്കുന്നതിന് നിങ്ങളുടെ സ്വന്തം വീട്ടിൽ നിന്നോ വർക്ക് ഷോപ്പിൽ നിന്നോ അകലെയായിരിക്കുമ്പോൾ അത് നന്നാക്കുന്നതിന് ഒരു സുഹൃത്തിന്റെ ഗാരേജിലോ വർക്ക് ഷോപ്പിലോ നിർത്താൻ കഴിയുന്നത് പോലെയാണ് ഇത്.

ഭീകവാദത്തോടുള്ള ബൈഡന്റെ സമീപനം എന്താണ്?

തീവ്രവാദത്തിനെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാനും സൈന്യത്തെ ശക്തിപ്പെടുത്താനും ഇന്ത്യയും അമേരിക്കയും ആ കാലയളവിൽ ഒരുമിച്ച് പ്രവർത്തിച്ചു.

പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരതയെക്കുറിച്ച് ഭരണകാലത്ത് അദ്ദേഹം കൂടുതൽ പറഞ്ഞിട്ടില്ലെങ്കിലും, അതിർത്തി കടന്നുള്ള ഭീകരവാദത്തെ കുറിച്ച് ചർച്ച ഉയരുന്ന സമയത്ത് ഇന്ത്യ-പാകിസ്ഥാൻ വിഷയത്തിൽ യുഎസ് ഭരണകൂടത്തിന്റെ സമീപനത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.

ചൈനയോടുള്ള​ ബൈഡൻ ഭരണകൂടത്തിന്റെ സമീപനം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ചൈനയുടെ ആക്രമണാത്മക പെരുമാറ്റത്തെക്കുറിച്ച് വാഷിംഗ്ടണിൽ ഒരു തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്, ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാർക്കും ഇടയിൽ ചൈനയെ ഒരു തന്ത്രപരമായ എതിരാളിയും ഭീഷണിയുമായി ഒരുവിധം ഉഭയകക്ഷി സമവായമുണ്ട്.

ചൈനയുമായുള്ള അതിർത്തി നിലപാടിന്റെ അവസാന ആറുമാസങ്ങളിൽ ട്രംപ് ഭരണകൂടം ഇന്ത്യയുടെ പിന്തുണയിൽ അങ്ങേയറ്റം ശബ്ദമുയർത്തിയിരിക്കുമ്പോൾ, ബൈഡെൻ ഭരണകൂടത്തിൽ നിന്നും സമാനമായ സമീപനം ഇന്ത്യ പ്രതീക്ഷിക്കുന്നു.

ബൈഡൻ ഇന്ത്യയോട് നല്ല സമീപനമുള്ള പ്രസിഡന്റാകുമോ?

കഴിഞ്ഞ 20 വർഷത്തിനിടയിൽ, ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, ഡൊണാൾഡ് ട്രംപ് തുടങ്ങി ഓരോ യുഎസ് പ്രസിഡന്റുമാർക്കും പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാൽ ഈ പറഞ്ഞവരെല്ലാം ഒരു വിഷയത്തിൽ യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തിലാണ്.

അതിനാൽ, ഇന്ത്യയുമായുള്ള മികച്ച ബന്ധത്തിന് അനുകൂലമായി ഉഭയകക്ഷി പിന്തുണ നൽകുന്ന ഒരു പാരമ്പര്യമുണ്ട്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഓരോ യുഎസ് പ്രസിഡന്റും ആ ബന്ധം തങ്ങളുടെ മുൻഗാമികളേക്കാൾ കൂടുതൽ മെച്ചപ്പെടുത്തിയിട്ടേയുള്ളൂ.

അതിനാൽ തന്നെ, ബൈഡൻ ആ പാരമ്പര്യം കാത്തു സൂക്ഷിക്കില്ല എന്ന് വിശ്വസിക്കാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ല. എന്നാൽ തീർച്ചയായും, അദ്ദേഹത്തിന് അവരുടേതായ ശൈലിയും സൂക്ഷ്മതകളും ഉണ്ടാകും, ഒപ്പം ബന്ധത്തിൽ വ്യക്തിപരമായ മുദ്ര പതിപ്പിക്കുകയും ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook