നിലവിലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കിയ പ്രധാന നിയമങ്ങളില്‍ ഒന്നാണ് ആധാര്‍ ഭേദഗതി ബില്‍ 2019. ജൂണ്‍ 24 ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ ജൂലൈ നാലിനാണ് പാസാക്കിയത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ അവഗണിച്ച് ബില്ലിന് രാജ്യസഭയില്‍ അംഗീകാരം ലഭിച്ചു. 2019 മാര്‍ച്ച് രണ്ടിന് പ്രഖ്യാപിച്ച ഓര്‍ഡിനന്‍സിന് ഈ ബില്‍ പകരം വയ്ക്കുകയാണ്.

എന്തെല്ലാമാണ് ആധാറിലെ പ്രധാന മാറ്റങ്ങള്‍?

പതിനെട്ട് വയസ് തികയുമ്പോള്‍ ആധാര്‍ നമ്പര്‍ റദ്ദാക്കാന്‍ ആധാര്‍ നമ്പര്‍ ഉടമകളായ കുട്ടികള്‍ക്ക് സാധിക്കും. അതോറിറ്റി വ്യക്തമാക്കിയിട്ടുള്ള സ്വകാര്യതയുടെയും സുരക്ഷയുടെയും മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ പ്രമാണീകരണം നടത്താന്‍ ഐഡന്റിറ്റികളെ അനുവദിക്കുകയുള്ളൂ. സ്വീകാര്യമായ കെവൈസി രേഖയായി ആധാര്‍ നമ്പര്‍ ഉപയോഗിക്കാം. സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആധാര്‍ നിയമത്തിലെ സെക്ഷന്‍ 57 ഇല്ലാതാക്കും എന്നിവയാണ് പ്രധാനമായ മാറ്റങ്ങള്‍.

ആധാര്‍ ഡാറ്റയിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഒരു കോടി രൂപ പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നും ഈ ഭേദഗതി ബില്ലില്‍ വ്യക്തമാക്കുന്നു. ആധാര്‍ ഭേദഗതി ബില്‍ ലോക്‌സഭയില്‍ ജൂണ്‍ 24നാണ് അവതരിപ്പിച്ചത്. 1885ലെ ടെലഗ്രാഫ് ആക്ട്, 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം എന്നിവ പ്രകാരം സ്വമേധയാ കെവൈസി പ്രമാണീകരണത്തിനായി ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നതിനാണ് ഭേദഗതികള്‍ നല്‍കിയത്.

വ്യക്തിയുടെ അനുവാദത്തോടെ മൊബൈല്‍ ഫോണുമായും ബാങ്ക് അക്കൗണ്ടുമായും ആധാര്‍ ബന്ധിപ്പിക്കാനും സ്വകാര്യ വ്യക്തികള്‍ക്ക് ഡാറ്റ ഉപയോഗിക്കാന്‍ അവസരം നല്‍കുന്നതുമാണ് ഭേദഗതി. മൊബൈല്‍ കണക്ഷന്‍ എടുക്കാനും ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി വിധിയോടെ അസാധുവായ സാഹചര്യത്തിലാണ് പുതിയ ബില്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook