ഹൈന്ദവ വിശ്വാസിയായ മരുമകളും മുസ്‌ലിമായ അമ്മായിഅമ്മയും തമ്മിലുള്ള ഊഷ്‌മള ബന്ധം കാണിക്കുന്നതിലൂടെ മതേതരത്വത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് ടൈറ്റാൻ ഗ്രൂപ്പിന്റെ കീഴിലുള്ള തനിഷ്ക് തങ്ങളുടെ ഉത്സവ കളക്ഷനായ ‘ഏകത്വ’യ്ക്കായി പുറത്തിറക്കിയ പരസ്യം വിവാദമായതോടെ പിൻവലിച്ചു. പരസ്യം ലൗ
ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. ഇന്ത്യയിലെ മിശ്രവിവാഹങ്ങളെക്കുറിച്ചാണ് ഇന്ത്യൻ എക്‌സ്‌പ്രസ് ഇവിടെ പറയുന്നത്.
ഇന്ത്യയിൽ നടക്കുന്ന മിശ്ര വിവാഹങ്ങൾക്ക് രേഖയുണ്ടോ?
രാജ്യത്ത് മിശ്ര വിവാഹങ്ങൾ സെൻസസ് രേഖപ്പെടുത്തുന്നില്ല. അത്തരം വിവാഹങ്ങളെക്കുറിച്ച് അറിയാൻ സർക്കാർ ദേശീയതലത്തിൽ ഒരു സർവേയും നടത്തിയിട്ടില്ല.
മിശ്രവിവാഹങ്ങളുടെ പ്രത്യാഘാതത്തെക്കുറിച്ച് അറിയാൻ പഠനങ്ങൾ നടന്നിട്ടുണ്ടോ?
ഗവേഷക വിദഗ്ധർ നടത്തിയ നിരവധി പഠനങ്ങളിൽ മിശ്ര വിവാഹങ്ങൾ സമൂഹത്തിൽ വലിയ തോതിൽ സ്വാധീനം ചെലുത്തുന്നുവെന്ന് കണ്ടെത്തി. ഉദാഹരണത്തിന്, കേന്ദ്രസർക്കാർ നടത്തുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ‌്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിലെ വിദ്യാർത്ഥികളും അധ്യാപകരും 2013 ൽ ഇന്ത്യയിലെ മിശ്രവിവാഹങ്ങളെക്കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ മിശ്രവിവാഹങ്ങളുടെ വ്യാപ്തി അറിയാൻ “ഇന്ത്യ ഹ്യൂമൻ ഡെവലപ്‌മെന്റ് സർവേ (ഐഎച്ച്ഡിഎസ്)” ഡാറ്റയിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ടായിരുന്നു പഠനം.
Also Read: തനിഷ്‌ക് പരസ്യം പിൻവലിക്കുമ്പോൾ നിരാകരിക്കുന്നത് യാഥാര്‍ഥ്യത്തെ
1503 ഗ്രാമങ്ങളിലെയും ഇന്ത്യയിലുടനീളമുള്ള 971 നഗരപ്രദേശങ്ങളിലെയും 41,554 വീടുകളിൽ ദേശീയതലത്തിൽ പ്രതിനിധീകരിക്കുന്ന മൾട്ടി-ടോപ്പിക് സർവേയാണ് ഇന്ത്യ ഹ്യൂമൻ ഡെവലപ്‌മെന്റ് സർവേ 2005 (ഐഎച്ച്ഡിഎസ്). മേരിലാൻഡ് യൂണിവേഴ്സിറ്റി, ന്യൂഡൽഹിയിലെ നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (എൻസിഇആർ) എന്നിവരാണ് സംയുക്തമായി ഇത് സംഘടിപ്പിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് ഹെൽത്താണ് സർവേയ്ക്കുള്ള ധനസഹായം നൽകിയത്. ഇരുമതസ്ഥർ തമ്മിലുള്ള വിവാഹത്തെക്കുറിച്ച് നേരിട്ട് ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ഇത്തരം വിവാഹങ്ങളുടെ എണ്ണം കണ്ടെത്തുന്നതിന് ഭാര്യാഭർത്താക്കന്മാരുടെ മതപരമായ പശ്ചാത്തലത്തെ കുറിച്ച് പഠനത്തിൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു.
15-49 വയസ്സിനിടയിലുള്ള വിവാഹിതരായ സ്ത്രീകളിൽ 2.21 ശതമാനം പേർ തങ്ങളുടെ മതത്തിന് പുറത്താണ് വിവാഹം കഴിച്ചതെന്ന് പഠനം സൂചിപ്പിക്കുന്നു. മറ്റ് മതവിഭാഗങ്ങളെ അപേക്ഷിച്ച് (15-19) ചെറുപ്പക്കാരായ സ്ത്രീകളിൽ മിശ്ര വിവാഹങ്ങളുടെ അനുപാതം ഏറ്റവും ഉയർന്നതാണ്(2.8 ശതമാനം). ഇത് 20-24 വയസ്സിനിടയിലുള്ളവർക്ക് 2.3 ശതമാനമാണ്. 25-29 ന് 2 ശതമാനവും 30 വയസ്സിനു മുകളിലുള്ളവർക്ക് 1.9 ശതമാനവും. വിവാഹ പ്രായം കൂടുന്നതിനനുസരിച്ച് ഇത് കുറയുന്നു. നഗരപ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകളിൽ മിശ്ര വിവാഹങ്ങൾ 2.9 ശതമാനമാണ്. ഗ്രാമീണ മേഖലയിലെ 1.8 ശതമാനവും.
വിവിധ മതവിഭാഗങ്ങളിൽ മിശ്ര വിവാഹം എത്രത്തോളം പ്രചാരത്തിലുണ്ട്?
ക്രിസ്ത്യൻ മത വിഭാഗത്തിലാണ് ഏറ്റവുമധികം സ്ത്രീകൾ തങ്ങളുടെ മതത്തിനു പുറത്തുള്ളവരെ വിവാഹം ചെയ്യുന്നത്, 3.5 ശതമാനം സ്ത്രീകൾ ഇതരമതങ്ങളിൽ നിന്നുമാണ് വിവാഹം ചെയ്തിരിക്കുന്നത്. സിഖുകാർ രണ്ടാം സ്ഥാനത്ത് 3.2 ശതമാനവും ഹിന്ദുക്കൾ 1.5 ശതമാനവും മുസ്‌ലിങ്ങൾ 0.6 ശതമാനവുമാണ്. ഏന്നാൽ ഏത് മത വിഭാഗത്തിലുള്ളവരെയാണ് സ്ത്രീകൾ വിവാഹം കഴിക്കുന്നത് എന്ന് ഡേറ്റയിൽ പറയുന്നില്ല.
ഏതെല്ലാം സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ മിശ്രവിവാഹങ്ങൾ നടക്കുന്നത്?
രാജ്യത്ത് ഏറ്റവും കൂടുതൽ മിശ്ര വിവാഹങ്ങൾ നടക്കുന്നത് പഞ്ചാബിലാണ്. 7.8 ശതമാനമാണ് പഞ്ചാബിലെ മിശ്ര വിവാഹങ്ങളുടെ കണക്ക്. സിഖ് മതവും ഹിന്ദുമതവും പിന്തുടരുന്ന മതപരമായ ആചാരങ്ങളും ഈ ഉയർന്ന സംഖ്യയ്ക്ക് കാരണമാകുന്നു. ഝാർഖണ്ഡിൽ 5.7 ശതമാനവും ആന്ധ്രയിൽ 4.9 ശതമാനവുമാണ് കണക്ക്. മിശ്ര വിവാഹങ്ങളിൽ ഏറ്റവും കുറഞ്ഞ ശതമാനം ബംഗാളിലാണ്, 0.3 ശതമാനം. ഛത്തീസ്ഗഢിൽ 0.6 ശതമാനവും രാജസ്ഥാനിൽ 0.7 ശതമാനവുമാണ്.
മിശ്ര വിവാഹങ്ങൾ സമൂഹത്തെ എങ്ങനെ ബാധിക്കുന്നു?
സാമൂഹ്യശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് മിശ്രവിവാഹങ്ങൾ, അവ ഇതര-മതമോ അല്ലെങ്കിൽ ഇതര-വംശമോ ആകാം, സമുദായങ്ങളുടെ സാമൂഹിക-സാംസ്കാരിക സ്വാംശീകരണത്തിന് സഹായിക്കുകയും സമൂഹത്തിൽ മികച്ച സംയോജനത്തിന് സഹായിക്കുകയും ചെയ്യുന്നുവെന്നാണ്.
Read in English: Explained: What a 2013 study revealed about interfaith marriages