തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായിരുന്നു ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റേത്. മൂന്ന് സേനകളുടേയും തലപ്പത്ത് ഒരാള്‍. സേനകളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
എന്താണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്?
മൂന്ന് സേനകളുടേയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി രൂപീകരിച്ച പദവിയാണിത്. പ്രതിരോധ നീക്കങ്ങളില്‍ പ്രധാനമന്ത്രിയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. സേനകള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടാകുന്ന അവസരത്തിലടക്കം നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതിന് സിഡിഎസിന് സാധിക്കും. മെച്ചപ്പെട്ട സൈനിക ശേഷിയുള്ള രാജ്യങ്ങള്‍ക്ക് ഇത്തരത്തിലുള്ള പദവിയുണ്ട്. അമേരിക്ക ഉദാഹരണം. അവരുടെ അധികാര പരിതികളില്‍ മാറ്റമുണ്ടായേക്കാം.
ഏറ്റവും ഉന്നത സൈനിക ഉദ്യോഗസ്ഥനായിരിക്കും സിഡിഎസ്. പ്രസിഡന്റിന് സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കാന്‍ സിഡിഎസിനാകും. എന്‍എസ്സി അടക്കമുള്ള സുരക്ഷാ കൗണ്‍സിലുകള്‍ സിഡിഎസിന്റെ അധികാര പരിതിയില്‍ വരും.
എന്തുകൊണ്ട് ഇതുവരെയില്ല?
ഇന്ത്യയ്ക്ക് നേരത്തെ തന്നെ ചെയര്‍മാന്‍ ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി എന്നൊരു പദവിയുണ്ട്. എന്നാല്‍ ഈ പദവിയ്ക്ക് ഒരുപാട് പരിമിധികളുണ്ട്. മൂന്ന് സേനകളിലേയും ഏറ്റവും മുതിര്‍ന്നയാളായിരിക്കും ഈ പദവി വഹിക്കുക. നിലവില്‍ ഈ പദവി വഹിക്കുന്നത് എയര്‍ ചീഫ് മാര്‍ഷല്‍ ബീരേന്ദര്‍ സിങ് ധനോവയാണ്. 2015 ല്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ തന്നെ ഈ പദവി അപര്യാപ്തമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. കോളോണിയല്‍ കാലത്തു നിന്നും ചെറിയ ചില മാറ്റങ്ങളോട് കൂടി പിന്തുടര്‍ന്നു പോന്ന പദവിയാണിത്.
Read More: ഇന്ത്യയ്ക്ക് ഇനി ചീഫ് ഡിഫന്‍സ് സ്റ്റാഫും
2000 ല്‍ കാര്‍ഗില്‍ റിവ്യു കമ്മിറ്റിയാണ് സിഡിഎസ് എന്ന പദവി മുന്നോട്ട് വയ്ക്കുന്നത്. പതിനേഴ് വര്‍ഷമായി കാര്യമായ മുന്നേറ്റമൊന്നുമുണ്ടായില്ല.
എതിര്‍പ്പുകള്‍ എന്തൊക്കെയാണ്?
സിഡിഎസ് ദീര്‍ഘനാളായി ആലോചകളിലുണ്ടായിരുന്നതാണെങ്കിലും ഈ പദവിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഇപ്പോഴും വ്യക്തമായൊരു ചിത്രം ലഭ്യമല്ല. സിഡിഎസിന്റെ നിയമത്തിനെതിരെ പ്രതിപക്ഷത്തു നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു കഴിഞ്ഞു. സൈന്യത്തിന്റെ തലപ്പത്ത് ഒരാള്‍ മാത്രമാകുന്ന അവസ്ഥ ഭാവിയില്‍ ഏത് തരത്തിലാകും തിരിച്ചടിയാവുക എന്നതിലും ആശങ്കയുണ്ട്. സൈനിക അട്ടിമറി വരെ പ്രവചിക്കുന്നവുണ്ട്.