ഇൻട്രാനാസൽ കോവിഡ് -19 വാക്സിനായ ബിബിവി 154ന്റെ ക്ലിനിക്കൽ ട്രയലുകൾക്കായുള്ള ഭാരത് ബയോടെക്കിന്റെ അപേക്ഷ ഒരു വിദഗ്ദ്ധ സംഘം പരിശോധിക്കുകയാണ്. ഇതിനായുള്ള ക്ലിനിക്കൽ ട്രയലിനുള്ള പ്രോട്ടോക്കോൾ പരിഷ്കരിക്കാനും വിദഗ്ദ്ധ സംഘം കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വാക്സിനിന്റെ പ്രത്യേകത എന്താണെന്നും എത്രത്തോളം പ്രസക്തമാണ് ഇത്തരമൊരു ആശയമെന്നും പരിശോധിക്കാം.

എന്താണ് ഇൻട്രാനാസൽ വാക്സിൻ?

വാക്സിനുകൾ സാധാരണയായി പേശികളിലേക്കോ (ഇൻട്രാമസ്കുലർ) അല്ലെങ്കിൽ ചർമ്മത്തിനും പേശികൾക്കുമിടയിലുള്ള ടിഷ്യൂകളിലേക്കോ (subcutaneous) കുത്തിവയ്ക്കാവുന്ന ഷോട്ടുകളായിട്ടാണ് നൽകുന്നത്. എന്നാൽ ഇൻട്രാനാസൽ വാക്സിനുകളുടെ കാര്യത്തിൽ കുത്തിവയ്പിന് പകരം മൂക്കിലേക്ക് സ്പ്രേചെയ്തോ മൂക്കുകൊണ്ട് വലിച്ചെടുത്തോ ആണ് അകത്തെത്തിക്കുന്നത്. ഇത് വാക്സിൻ നൽകുന്നതിനായി സാധാരണയായി ഉപയോഗിക്കാറുള്ള മാർഗമല്ല. ഇതുവരെ ചില ഫ്ലൂ വാക്സിൻ ഷോട്ടുകൾ മാത്രമേ ഈ രീതിയിൽ നൽകിയിട്ടുള്ളൂ.

ഒരു മഹാമാരി സമയത്ത് ഇൻട്രാനാസൽ വാക്സിൻ നൽകുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?

കുത്തിവയ്പ് വാക്സിനുകൾ ഉൽ‌പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമ്പോഴുള്ള ചില ബുദ്ധിമുട്ടുകളെ മറികടക്കാൻ ഇൻട്രാനാസൽ വാക്സിൻ ഉപയോഗിക്കുന്നതിലൂടെ കഴിയും. മാത്രമല്ല, മൂക്ക്, വായ, ശ്വാസകോശം എന്നിവിടങ്ങളിലെ ടിഷ്യൂകളിൽ കാണപ്പെടുന്ന രോഗപ്രതിരോധ കോശങ്ങളുടെ ഒരു കൂട്ടത്തെ ഉത്തേജിപ്പിക്കാനും അവയ്ക്ക് കഴിഞ്ഞേക്കും. ഇൻട്രനാസൽ വാക്സിനുകൾ കുത്തിവയ്ക്കേണ്ട ആവശ്യമില്ലാത്തതിനാൽ സിറിഞ്ചുകൾ, സൂചികൾ, സ്പിരിറ്റ് സ്വാബുകൾ തുടങ്ങിയവയുടെ ആവശ്യകത കുറയ്ക്കുന്നു.

Read More: വാക്സിൻ ഷോട്ടുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാൻ ഫ്രഞ്ച് ഉപദേശക സമിതി ശുപാർശ ചെയ്തതിനുള്ള കാരണങ്ങൾ

ബി‌ബി‌വി 154 തൊലിക്കകത്തേക്ക് കയറുന്നതല്ലെന്ന് ഭാരത് ബയോടെക് പറയുന്നു. സൂചി കാരണമുള്ള പരിക്കുകളും അണുബാധകളും ഇല്ലാതാക്കുന്നു. മാത്രമല്ല അവ കൈകാര്യം ചെയ്യാൻ എളുപ്പമാണെന്നതിനാൽ ഇതിന് പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ ആവശ്യമില്ലെന്നും കമ്പനി പറയുന്നു.

ഇത് ഒരൊറ്റ ഡോസ് വാക്സിനാണ്. അത് വാക്സിൻ സ്വീകരിക്കുന്നവർക്കും എളുപ്പമാക്കുന്നു. നിലവിലുള്ള കുത്തിവയ്ക്കുന്ന് കോവിഡ് -19 വാക്സിനുകൾ ഉപയോഗിച്ചവർക്ക് ബൂസ്റ്റർ ഡോസിനായി വീണ്ടും വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് എത്തേണ്ടി വരുന്നുണ്ട്. ഇത് പുതിയ വാക്സിനിലൂടെ ഒഴിവാക്കാമെന്നും ഭാരത് ബയോടെക് പറയുന്നു.

അത്തരമൊരു വാക്സിൻ ഉൽ‌പാദനം വലിയ തോതിൽ നടത്തുന്നത് എളുപ്പമാണെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. ഈ വാക്സിൻ നൂറ് കോടി ഡോസ് വരെ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും കമ്പനി നേരത്തെ പറഞ്ഞിരുന്നു.

എന്താണ് മുന്നിലുള്ള പ്രതിസന്ധികൾ?

അഞ്ചാം പനി അടക്കമുള്ള രോഗങ്ങൾക്കെതിരായ ഇൻട്രനാസൽ വാക്സിനുകൾ വികസിപ്പിക്കാനുള്ള മുൻകാല ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. ഈ വാക്സിനുകൾ കൂടുതലും നശിച്ചുപോയിട്ടില്ലാത്ത, ദുർബലമായ വൈറസുകളെ ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. അവ ക്ലിനിക്കൽ ട്രയലിൽ വിജയിച്ചിട്ടുമില്ലായിരുന്നു. ഒരു ലൈവ് അറ്റൻ‌വേറ്റഡ് ഇൻ‌ഫ്ലുവൻസ ഫ്ലൂ വാക്സിൻ മാത്രമാണ് ഈ രീതിയിൽ ലൈസൻസ് ചെയ്തിട്ടുള്ളത്. ഇൻട്രനാസൽ കോവിഡ് -19 വാക്സിൻ ലഭിക്കുന്നതിനുള്ള ആദ്യത്തെ പരസ്യ ശ്രമമാണ് ഭാരത് ബയോടെക്കിന്റെ ബിബിവി 154.

പ്രതിരോധ പ്രതികരണം വികസിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിൽ ഉപയോഗിക്കുന്ന അതേ മാർഗമാണ് ബിബിവി 154 ഇൻട്രാനാസൽ വാക്സിനിലും ഉപയോഗിക്കുക.

Read More: സ്‌മെൽ ടെസ്റ്റിലൂടെ കോവിഡ് നിർണയം സാധ്യമോ?

വാക്സിനുമായി ബന്ധപ്പെട്ട് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ പ്രതീക്ഷയേകുന്നതാണെന്ന് കമ്പനി പറയുന്നുണ്ട്. എന്നാൽ മനുഷ്യരിൽ പരീക്ഷിക്കുമ്പോൾ ഈ വാക്സിൻ യഥാർത്ഥത്തിൽ എത്രത്തോളം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കാണേണ്ടതുണ്ട്.

വാക്സിൻ മൂക്കിലൂടെയാണ് നൽകുന്നതിനാൽ കുത്തിവയ്പ് നടത്തുമ്പോഴുള്ളതിലും കുറഞ്ഞ അളവ് മതിയാവും ഇൻട്രാനാസൽ വാക്സിന് എന്ന് ചില വിദഗ്ധർ മുൻപ് പറഞ്ഞിട്ടുണ്ട്.

വിദഗ്ധ സമിതിയുടെ ശുപാർശകൾ എന്തൊക്കെയാണ്?

ഭാരത് ബയോടെക്ക് മൃഗങ്ങളിൽ പരീക്ഷണം നടത്തിയതിന്റെ വിവരങ്ങളും ബിബിവി 154 ന്റെ ഒന്ന് രണ്ട് ഘട്ട ട്രയലുകൾ നടത്താനുള്ള പ്രോട്ടോക്കോളും ഇന്ത്യൻ ഡ്രഗ് റെഗുലേറ്ററിന് കീഴിലുള്ള ഒരു സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി) ജനുവരി 18 ന് പരിശോധിച്ചിരുന്നു.

വിശദമായ ചർച്ചകൾക്ക് ശേഷം, 75 വോളന്റിയർമാരെ പങ്കെടുപ്പിച്ച് ആദ്യ ഘട്ട ക്ലിനിക്കൽ ട്രയൽ നടത്താമെന്ന് എസ്ഇസി ശുപാർശ ചെയ്തു. ആദ്യ ഘട്ട ട്രയൽ കഴിഞ്ഞ ഉടൻ തന്നെ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്ഇസിക്ക് സമർപിക്കണം. ഈ വിവരങ്ങൾ എസ്ഇസി പരിശോധിച്ച ശേഷം മാത്രമാണ് രണ്ടാം ഘട്ട ട്രയലിലേക്ക് പോകാൻ കഴിയുക. ട്രയലുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ സ്ഥാപനം പരിഷ്കരിക്കേണ്ടിയും വരുമെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook