ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 48 ല്‍ 23 സീറ്റും ജയിച്ച ബിജെപി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ടത് അപ്രതീക്ഷിത തിരിച്ചടി തന്നെയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈകിട്ട് ആറോടെ പുറത്തുവിട്ട കണക്ക് പ്രകാരം 103 സീറ്റുകളില്‍ മാത്രമാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. 2014 ല്‍ 122 സീറ്റുകളുണ്ടായിരുന്നിടത്തു നിന്നാണ് ഈ പതനം.
288 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പകുതിയും ജയിച്ച് വീണ്ടും അധികാരത്തിലെത്താമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് ഇതോടെ തിരിച്ചടി കിട്ടിയിരിക്കുന്നത്. 2014 നേക്കാള്‍ മികച്ച ഭൂരിപക്ഷവുമായി വീണ്ടും അധികാരത്തിലെത്താമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസിന്റെ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്. ദേശീയതയും രാജ്യസുരക്ഷയും മാത്രം തിരഞ്ഞെടുപ്പ് ആയുധമാക്കിയായിരുന്നു ബിജെപിയുടെ പ്രചരണമത്രയും.
സാമ്പത്തിക മാന്ദ്യവും ജോലിനഷ്ടവുമൊന്നും ബിജെപിയുടെ പ്രചരണത്തില്‍ വിഷയമായിരുന്നില്ല. എന്നാല്‍ വോട്ടര്‍മാര്‍ തങ്ങളുടെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ്. മറ്റ് പാര്‍ട്ടിയിലെ നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിച്ചുകൊണ്ടുള്ള ബിജെപിയുടെ തന്ത്രവും വിജയം കണ്ടിട്ടില്ലെന്ന് പറയാം. ലോക്‌സഭാ സീറ്റ് ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന രാജെ ഭോസലെ ഉപതിരഞ്ഞെടുപ്പില്‍ വന്‍ പരാജയമാണ് മുന്നില്‍ കാണുന്നത്.
പക്ഷെ ഈ സാഹചര്യം ശിവസേനയ്ക്ക് സന്തോഷം പകരുന്നതാണ്. അറുപതോളം സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്ന ശിവസേന ബിജെപിയ്ക്ക് മുന്നോട്ടുള്ള യാത്ര വരും ദിവസങ്ങളില്‍ പ്രയാസമുള്ളതാക്കി മാറ്റുമെന്നുറപ്പാണ്. പ്രത്യേകിച്ചും വീണ്ടും മുഖ്യമന്ത്രിയാകാനുള്ള ഫഡ്‌നാവിസിന്റെ മോഹങ്ങള്‍ക്കായിരിക്കും ഇത് തിരിച്ചടിയാവുക.
തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും വലിയ നേട്ടങ്ങളൊന്നും നല്‍കുന്നില്ല. നാലാം സ്ഥാനമാണ് നിലവിലെ ഗതിയനുസരിച്ച് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്. ആറ് മണിവരെ 46 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. ഇതോടെ പ്രതിപക്ഷ നേതാവിന്റെ പദവി കോണ്‍ഗ്രസിന് സഖ്യകക്ഷിയായ എന്‍സിപിയ്ക്ക് വിട്ടു കൊടുക്കേണ്ടി വരും. 53 സീറ്റുകളിലാണ് എന്‍സിപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 147 സീറ്റുകളിലും എന്‍സിപി 117 സീറ്റുകളിലുമാണ് മത്സരിച്ചത്.