സ്പുട്നിക് V വാക്സിനിന്റെ അടിയന്തര അംഗീകാരത്തിനായി ഇന്ത്യൻ ഡ്രഗ് റഗുലേറ്ററെ സമീപിച്ചതായി ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസ് അറിയിച്ചിരിക്കുകയാണ്. രാജ്യത്തെ കോവിഡ് വാക്സിൻ വിതരണം സംബന്ധിച്ച് ഇത് എന്താണ് അർത്ഥമാക്കുന്നതെന്ന് പരിശോധിക്കാം.

എന്താണ് സ്പുട്നിക് V?

മനുഷ്യരിൽ കാണുന്ന രണ്ട് സാധാരണ കോൾഡ് വൈറസുകൾക്കെതിരേ (അഡെനോ വൈറസ്) ഉപയോഗിക്കാവുന്ന വാക്സിനിൽ മാറ്റം വരുത്തിയാണ് സ്പുട്നിക് വി വികസിപ്പിച്ചത്. കോൾഡ് ഇൻഫെക്ഷന് കാരണമാവുന്ന ജീനിന് പകരം സാർസ് കോവി 2 വൈറസ് സ്പൈക് പ്രോട്ടീൻ (വൈറസിന്റെ ഉപരിതലത്തിലുള്ള സ്പൈക്ക് പ്രോട്ടീനാണ് മനുഷ്യ ശരീര കോശങ്ങൾക്കുള്ളിലേക്ക് തുളഞ്ഞു കയറാൻ സഹായിക്കുന്നത്) നിർമിക്കുന്ന കോഡ് ഉൾപ്പെടുത്തിയാണ് ഈ മാറ്റം വരുത്തിയത്.

ഒരു വ്യക്തിക്ക് കുത്തിവയ്പ് നൽകുമ്പോൾ ഈ കോഡ് കോശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു വാഹക സംവിധാനമായി മനുഷ്യ അഡെനോവൈറസുകൾ പ്രവർത്തിക്കുന്നു, അതിനാൽ യഥാർത്ഥ വൈറസ് ബാധിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ അത് സംരക്ഷിക്കുന്നതിനായി ശരീരത്തിന് ആന്റിബോഡികളുടെ രൂപത്തിൽ രോഗപ്രതിരോധ പ്രതികരണം വികസിപ്പിക്കാൻ കഴിയും.

ആദ്യത്തെ സോവിയറ്റ് ബഹിരാകാശ ഉപഗ്രഹമായ സ്പുട്നികിന്റെ അതേ പേരിലുള്ള വാക്സിൻ മോസ്കോയിലെ ഗമാലിയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് വികസിപ്പിച്ചെടുത്തത്.

ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് ഇന്ത്യയിൽ ഈ വാക്സിൻ പരീക്ഷണം നടത്തുന്നത്. രണ്ട്, മൂന്ന് ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങളിൽ രാജ്യത്ത് 1,500 ഓളം പേർ പങ്കെടുക്കുകയും ചെയ്തു. മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും ഫെബ്രുവരി 21 നകം അവ പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു.

സ്പുട്‌നിക് V വാക്സിന്റെ അടിയന്തര അംഗീകാരം

സ്പുട്നിക് V വാക്സിന് അംഗീകാരം ലഭിച്ചാൽ ഇന്ത്യയിൽ ഉപയോഗത്തിനായി അംഗീകരിച്ച മൂന്നാമത്തെ കോവിഡ് -19 വാക്‌സിനായി സ്പുട്‌നിക് V മാറും. മാത്രമല്ല, വാക്‌സിനേഷൻ നൽകിയവരിൽ രോഗലക്ഷണങ്ങളുള്ള കോവിഡ് -19 കേസുകൾ തടയാനുള്ള കഴിവ് കൂടുതലാണെന്നത് കണക്കിലെടുത്ത് കൂടുതൽ ഫലപ്രാപ്തിക്ക് സാധ്യതയുള്ള സാധ്യതയുള്ള വാക്‌സിൻ കൂടിയായി അത് മാറും.

റഷ്യയിലെ സ്പുട്‌നിക് V മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ നിന്നുള്ള ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഇടക്കാല ഫലങ്ങൾ വ്യക്തമാക്കുന്നത് വാക്സിൻ 91.6 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുവെന്നാണ്. വാക്സിനുകളുടെ ഫലപ്രാപ്തി എന്നത് രോഗ ലക്ഷണങ്ങളോടു കൂടിയ കോവിഡ് -19 കേസുകൾ തടയുന്നതിനുള്ള കഴിവാണ്.

ഫൈസർ-ബയോ‌ടെക്, മോഡേണ-എൻ‌ഐ‌ഐ‌ഡി എന്നിവ വികസിപ്പിച്ചെടുത്ത വാക്‌സിനുകളെക്കാൾ അല്പം കുറവാണ് സ്പുട്നിക് വാക്സിനിന്റെ ഫലപ്രാപ്തി എന്ന് കരുതപ്പെടുന്നു. ഫൈസർ-ബയോ‌ടെക്, മോഡേണ-എൻ‌ഐ‌ഐ‌ഡി വാക്സിനുകൾക്ക് ഏകദേശം 95 ശതമാനവും 94 ഉംശതമാനവും ഫലപ്രാപ്തി ഉണ്ട്. നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന വാക്സിനുകളേക്കാൾ കൂടുതൽ ഫലപ്രാപ്തി സ്പുട്നിക് വാക്സിനുണ്ട്.

ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന ഓക്സ്ഫോർഡ്-അസ്ട്രസെനക്കയുടെ കോവിഷീൽഡ് എന്നിവയുടെ ഉപയോഗത്തിനാണ് ഇന്ത്യയിൽ അംഗീകാരമുള്ളത്. നിലവിൽ ക്ലിനിക്കൽ ട്രയൽ മോഡിൽ നടത്തിക്കൊണ്ടിരിക്കുന്ന കോവാക്സിന്റെ ഫലപ്രാപ്തി ലഭ്യമല്ല. കോവിഷീൽഡിന്റെ ഫലപ്രാപ്തി, 53 മുതൽ 79 ശതമാനം വരെയാണ്. ആസ്ട്രാസെനെകയും ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും വികസിപ്പിച്ച വാക്സിനെ അടിസ്ഥാനമാക്കിയാണ് കോവിഷീൽഡ് നിർമിക്കുന്നത്. ഓക്സ്ഫോഡ്-ആസ്ട്രാസെനെക വാക്സിന്റെ രണ്ടു ഡോസുകളും തമ്മിൽ രണ്ടാഴ്ചയിൽ കൂടുതൽ ഇടവേളയുണ്ടെങ്കിൽ ഫലപ്രാപ്തി 82 ശതമാനത്തിൽ കൂടുതലാകാമെന്ന് ഒരു പഠനത്തിൽ പറയുന്നു.

ഇനി എന്ത് സംഭവിക്കും?

സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, അപേക്ഷ വിദഗ്ദ്ധ സമിതി പരിശോധിക്കും. അവലോകന പ്രക്രിയയുടെ ഭാഗമായി വാക്‌സിനിന്റെ രണ്ടാംഘട്ട പഠനത്തിന്റെ സുരക്ഷാ റിപ്പോർട്ടുകളും അതിന്റെ മൂന്നാം ഘട്ട പഠനത്തിന്റെ ഇടക്കാല ഡേറ്റയും പഠനവിധേയമാക്കും.

ഇന്ത്യയിൽ അടിയന്തിര അടിസ്ഥാനത്തിൽ സ്പുട്നിക് V വാക്സിന് നിയന്ത്രിത അനുമതി നൽകണമോ എന്ന് എസ്ഇസി ശുപാർശകൾ നൽകും.

ഈ ശുപാർശകളെ അടിസ്ഥാനമാക്കി, പകർച്ചവ്യാധിയുടെ ഈ ഘട്ടത്തിൽ സ്പുട്നിക് V ഇന്ത്യയിൽ ഉപയോഗിക്കാൻ അനുവദിക്കുമോ എന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ആവശ്യപ്പെടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook