യുഎസിന്റെ 49-ാമത് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് കമല ഹാരിസ്. രാജ്യത്തെ രണ്ടാമത്തെ പരമോന്നത പദവിയായ വൈസ് പ്രസഡിന്റ് പദവി വഹിക്കുന്ന ആദ്യ വനിതയായി ഇതോടെ അവർ. യുഎസിലെ ഭരണമാറ്റ ഘട്ടം കഴിഞ്ഞിരിക്കുകയാണ്. കമല ഹാരിസും യുഎസിന്റെ 46-ാമത് പ്രസിഡന്റ് ജോ ബൈഡനും യുഎസിന്റെ ഭരണപരമായ ചുമതലകൾ ഏറ്റെടുത്തിരിക്കുകയാണ്.

വൈസ് പ്രസിഡന്റിന്റെ താമസസ്ഥലം

ചുമതലയേറ്റേങ്കിലും ഹാരിസ് ഉടൻ തന്നെ ഔദ്യോഗിക വസതിയിലേക്ക് മാറില്ലെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഔദ്യോഗിക വസതിയിലെ ചില അറ്റകുറ്റപ്പണികൾ ഇനിയും പൂർത്തിയാകാത്തതിനാലാണിത്. അവ പൂർത്തിയായിക്കഴിഞ്ഞാൽ അവർ ഔദ്യോഗിക വസതിയായ, വടക്കുപടിഞ്ഞാറൻ വാഷിംഗ്ടൺ ഡിസിയിലെ നമ്പർ വൺ ഒബ്സർവേറ്ററി സർക്കിളിലേക്ക് മാറും. 1893 ൽ നിർമിച്ച കെട്ടിടത്തിലാണ് വാൾട്ടർ മൊണ്ടേലിന്റെ കാലം മുതൽ വൈസ് പ്രസിഡന്റുമാർ താമസിക്കുന്നത്. 1977 മുതൽ 1981 വരെ ജിമ്മി കാർട്ടറിന്റെ ഭരണ കാലത്താണ് മൊണ്ടേൽ വൈസ് പ്രസിഡന്റായിരുന്നത്.

യുഎസ് നേവൽ ഒബ്സർവേറ്ററിയുടെ ബേസിലാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. യു‌എസ്‌എൻ‌ഒ സൂപ്രണ്ടിന്റെ താമസ സ്ഥലമായി ഉപയോഗിക്കാൻ ലക്ഷ്യമിട്ട് നിർമിച്ച ഈ കെട്ടിടം പിന്നീട് വൈസ് പ്രസിഡന്റുമാർക്കുള്ള വസതിയായി മാറുകയായിരുന്നു.

Read More: ജനാധിപത്യം മഹത്തരമെന്ന് ബൈഡൻ; ചരിത്രമെഴുതി കമല

മൊണ്ടേലിനുമുമ്പ്, വൈസ് പ്രസിഡന്റുമാരും അവരുടെ കുടുംബങ്ങളും അവരുടെ വീടുകളിലായിരുന്നു ഔദ്യോഗിക പദവിയിലിരിക്കുന്ന സമയത്തും താമസിച്ചുകൊണ്ടിരുന്നത്. ഈ സ്വകാര്യ വസതികൾ ഏറ്റെടുക്കുന്നതിനുള്ള ചെലവ് കാലക്രമേണ വർദ്ധിച്ചതിനാൽ, 1974 ൽ, നേവൽ ഒബ്സർവേറ്ററിയിലെ വീട് വൈസ് പ്രസിഡന്റിന്റെ വസതിയായി പുനർനിർണയിക്കാൻ യുഎസ് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.

ജോർജ് ബുഷ്, അൽ ഗോർ, ഡാൻ ക്വെയ്‌ൽ, ഡിക്ക് ചെനി, ജോ ബൈഡൻ, മൈക്ക് പെൻസ് എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കവെ അവരും കുടുംബാംഗങ്ങളും നമ്പർ വൺ ഒബ്സർവേറ്ററി സർക്കിളിലാണ് താമസിച്ചിരുന്നത്.

വൈസ് പ്രസിഡന്റിന്റെ ഉത്തരവാദിത്തങ്ങൾ

സെനറ്റിന്റെ പ്രസിഡന്റാണ് വൈസ് പ്രസിഡന്റ്. പ്രസിഡന്റ് മരിക്കുകയോ രാജിവയ്ക്കുകയോ ചെയ്താലോ അല്ലെങ്കിൽ പ്രസിഡന്റിന് താൽക്കാലികമായി ഭരണം നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിലോ യുഎസ് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല കൈകാര്യം ചെയ്യേണ്ടത് വൈസ് പ്രസിഡന്റാണ്.

കമല ഹാരിസിന് നിലവിൽ പ്രത്യേക വകുപ്പുകളുടെ ചുമതലയൊന്നും നൽകിയിട്ടില്ലെന്നും എന്നാൽ ഏറ്റവും ഉയർന്ന പരിഗണന നൽകേണ്ട വിഷയങ്ങളിൽ അവർ പ്രസിഡന്റ് ബൈഡനൊപ്പം ഭരണ പങ്കാളിയായി പ്രവർത്തിക്കുമെന്നും ന്യൂയോർക്ക് ടൈംസിലെ ഒരു റിപ്പോർട്ടിൽ പറയുന്നു. ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ അവർക്ക് കഴിയുന്നുവെങ്കിൽ, അത് “ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വൈസ് പ്രസിഡന്റുമാരിൽ ഒരാളായി” കമല ഹാരിസ് മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More: വൈറ്റ് ഹൗസിനോട് വിടചൊല്ലി, ബൈഡന്റെ സത്യപ്രതിജ്ഞയ്‌ക്ക് കാത്തുനിന്നില്ല; വീണ്ടും കാണുമെന്നും ട്രംപ്

യുഎസ് വൈസ് പ്രസിഡന്റുമാരായിരുന്ന അഞ്ച് പേർ പിന്നീട് യുഎസ് പ്രസിഡന്റുമാരായിട്ടുണ്ട്. മൂന്ന് വൈസ് പ്രസിഡന്റ് സ്ഥാനമലങ്കരിച്ചവരിൽ തിയോഡോർ റൂസ്‌വെൽറ്റ് (1906), ചാൾസ് ഡാവെസ് (1925), അൽ ഗോർ (2007) എന്നിങ്ങനെ മൂന്നുപേർ സമാധാനത്തിനുള്ള നോബൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

വൈസ് പ്രസിഡന്റും പ്രസിഡന്റും തമ്മിലുള്ള ബന്ധം

ഇരുപതാം നൂറ്റാണ്ട് മുതൽ രണ്ട് തരത്തിലാണ് വൈസ് പ്രസിഡന്റ്- പ്രസിഡന്റ് ബന്ധമെന്ന് എലെയ്ൻ സി കമാർക്കിന്റെ “പിക്കിങ് ദ വൈസ് പ്രസിഡന്റ്” എന്ന പുസ്തകത്തിൽ പറയുന്നു. ബാലൻസിംഗ് മോഡൽ, പാർട്ട്നർഷിപ്പ് മോഡൽ എന്നിവയാണ് അവ. ഇതിന് പുറമെ പുതിയ തരത്തിലുള്ള ഭരണ ഇടപെടലുകളും വികസിച്ച് വരാമെന്നും പുസ്തകത്തിൽ പറയുന്നു.

മുൻകാലങ്ങളിൽ വൈസ് പ്രസിഡന്റ് പദവി പേരിന് മാത്രമായിരുന്നെങ്കിലും പിന്നീട് സ്ഥിതി മാറി എന്ന് ഒരു യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റിലെ ഒരു ലേഖനത്തിൽ പറയുന്നു. കാലക്രമേണ വൈസ് പ്രസിഡന്റ് പദവിയുടെ പ്രാധാന്യം വർധിക്കുകയായിരുന്നു. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഈ പദവിയിലേക്ക് കൈവരികയും ചെയ്തു.

അമേരിക്കൻ ചരിത്രത്തിലുടനീളം, വൈസ് പ്രസിഡന്റിന്റെ ഓഫീസിന് അധികാരവും പ്രത്യേക പരിഗണനയും ഇല്ലായിരുന്നുവെന്ന് കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ (സിഎഫ്ആർ) നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. “ജിമ്മി കാർട്ടറിന്റെ ഭരണത്തിൻ കീഴിലാണ് ഇതിന് മാറ്റം വന്നത്. അദ്ദേഹത്തിന്റെ ഭരണത്തിൽ വൈസ് പ്രസിഡന്റിന് (മൊണ്ടേൽ) ആദ്യമായി നിരവധി ആനുകൂല്യങ്ങൾ നൽകി. ഇന്റലിജൻസ് ബ്രീഫിങ്ങുകൾ, പതിവ് മീറ്റിങ്ങുകൾ, ഒരു സ്വകാര്യ പ്രതിവാര ഉച്ചഭക്ഷണം, വെസ്റ്റ് വിങ്ങിലെ ഒരു ഓഫീസിലേക്കുള്ള ആക്സസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു,” സിഎഫ്ആർ രേഖകളിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook