ഇന്റർനെറ്റ് കണക്റ്റിവിറ്റിയില്ലാത്ത ഒരു വിദൂര ഗ്രാമത്തിൽ, കൈയിൽ ഒട്ടും കാശില്ലാതെ നിങ്ങൾ താമസിക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ടിലെ പണം ഉപയോഗിച്ച് മൊബൈൽ ഫോൺ വഴി പണമിടപാട് നടത്താൻ കഴിയുമോ? കഴിയും എന്നാണ് ഇപ്പോൾ ആ ചോദ്യത്തിന് ഉത്തരം. 200 രൂപ വരെയുള്ള ഇടപാടുകൾ ഇൻ്റർനെറ്റ് ഇല്ലെങ്കിലും ഫോൺ വഴിയോ വാലറ്റ് വഴിയോ നടത്താൻ ഇനി സാധിക്കും.
ചെറിയ മൂല്യമുള്ള പേയ്‌മെന്റുകളുടെ ഓഫ്‌ലൈൻ മോഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുമതി നൽകിയതിനാലാണ് ഇത് ഇപ്പോൾ സാധ്യമാവുന്നത്.
എങ്ങനെയാണ് ഇത് ചെയ്യുന്നത്?
ഓഫ്‌ലൈൻ ഇടപാടുകളിൽ ഓരോ ഇടപാടിനും 200 രൂപ വരെയാണ് പരിധി. അക്കൗണ്ടിൽ ബാലൻസ് നിറയുന്നത് വരെയുള്ള സമയപരിധിയിൽ ആകെ പരമാവധി 2000 രൂപയാവുന്നത് വരെ ഇത്തരം ഇടപാടുകൾ നടത്താം. ഉപഭോക്താക്കളുടെ മൊബൈൽ വാലറ്റിലോ അക്കൗണ്ടിലേ 2000 രൂപ ഈ സമയത്ത് ഉണ്ടായിരിക്കണം.
Also Read: Covid-19 : ഒമിക്രോൺ ഗുരുതരമാവാത്തതിന് കാരണം ശ്വാസകോശത്തെ ബാധിക്കാത്തതോ? ഗവേഷണ ഫലങ്ങൾ ഇവയാണ്
ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റ് എന്നാൽ ഇന്റർനെറ്റ് അല്ലെങ്കിൽ ടെലികോം കണക്റ്റിവിറ്റി ആവശ്യമില്ലാത്ത ഇടപാട് എന്നാണ് അർത്ഥമാക്കുന്നത്. ഈ പുതിയ ചട്ടക്കൂടിന് കീഴിൽ, കാർഡുകൾ, വാലറ്റുകൾ, മൊബൈൽ ഉപകരണങ്ങൾ എന്നിവ പോലുള്ള ഏതെങ്കിലും ചാനലോ ഉപകരണമോ ഉപയോഗിച്ച് അത്തരം പേയ്‌മെന്റുകൾ അടുത്തടുത്ത രണ്ട് ഉപകരണങ്ങളിൽ (പ്രോക്‌സിമിറ്റി മോഡ്) നടത്താം.അത്തരം ഇടപാടുകൾക്ക് ഒരു അധിക ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ (എഎഫ്എ) ആവശ്യമില്ല.
“ഇത് പ്രാഥമികമായി ചെറിയ മൂല്യമുള്ള ഇടപാടുകൾ സ്വീകരിക്കുന്നതിന് മാത്രമുള്ളതാണെങ്കിലും, രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തികമായി ഉൾപ്പെടുത്തുന്നതിനുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു വലിയ നീക്കമാണിത്,” വേൾഡ് ലൈനിലെ സൗത്ത് ഏഷ്യ ആൻഡ് മിഡിൽ ഈസ്റ്റ് എംഡി ദീപക് ചന്ദനാനി പറഞ്ഞു.
ഉടനടി അലർട്ടുകൾ ലഭിക്കില്ല
ഇടപാടുകൾ ഓഫ്‌ലൈനായതിനാൽ, കുറച്ച് സമയത്തിന് ശേഷമാവും ഉപഭോക്താവിന് അലേർട്ടുകൾ (എസ്എംഎസ് അല്ലെങ്കിൽ ഇ-മെയിൽ വഴി) ലഭിക്കുക. ഉപഭോക്താക്കളുടെ പ്രത്യേക സമ്മതം നേടിയ ശേഷം മാത്രമേ ഓഫ്‌ലൈൻ പേയ്‌മെന്റ് മോഡ് പ്രവർത്തനക്ഷമമാക്കാൻ കഴിയൂ. കാലാകാലങ്ങളിൽ ഭേദഗതി വരുത്തി ആർബിഐ പുറപ്പെടുവിക്കുന്ന ഉപഭോക്തൃ ബാധ്യത പരിമിതപ്പെടുത്തുന്ന സർക്കുലറിലെ വ്യവസ്ഥകൾ പ്രകാരം ഉപഭോക്താക്കൾക്ക് പരിരക്ഷ ലഭിക്കും. എന്നിരുന്നാലും, എഎഫ്എ ഉള്ള ഓൺലൈൻ മോഡിൽ മാത്രമേ ഓഫ്ലൈനിൽ ഉപയോഗിച്ച ലിമിറ്റ് റീഫിൽ ചെയ്യാൻ കഴിയൂ.
എന്തുകൊണ്ട് ഓഫ്‌ലൈൻ മോഡ്?
മൊബൈൽ ഫോണുകൾ, കാർഡുകൾ, വാലറ്റുകൾ എന്നിവ ഉപയോഗിച്ചുള്ള ഡിജിറ്റൽ പണമിടപാടുകളിൽ ഗണ്യമായ വളർച്ചയുണ്ടായി. ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ അഭാവം അല്ലെങ്കിൽ ഇന്റർനെറ്റിന്റെ കുറഞ്ഞ വേഗത ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിനുള്ള ഒരു പ്രധാന തടസ്സമാണ്. പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ ഇത് കൂടുതലാണ്. ഈ പശ്ചാത്തലത്തിൽ, കാർഡുകൾ, വാലറ്റുകൾ, മൊബൈൽ ഉപകരണങ്ങൾ എന്നിവ വഴിയുള്ള ഓഫ്-ലൈൻ പേയ്‌മെന്റുകളുടെ ഓപ്ഷൻ നൽകുന്നത് ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ സ്വീകാര്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: ഇന്ത്യ അനുമതി നൽകിയ കോവിഡ് ഗുളിക, എന്താണ് മോൾനുപിരാവിർ?
ഓഫ്‌ലൈൻ പേയ്‌മെന്റ് മാർഗങ്ങൾ വികസിപ്പിക്കുന്നതിന് സ്ഥാപനങ്ങളെ റിസർവ് ബാങ്ക് പ്രോത്സാഹിപ്പിക്കുന്നു. “ഗ്രാമീണ മേഖലകളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ക്രമരഹിതമാകുകയും ഡിജിറ്റൽ ഇടപാടുകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാൽ ഓഫ്‌ലൈൻ മോഡിൽ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റിനായി ആർബിഐയുടെ പുതിയ ചട്ടക്കൂട് വളരെ ആവശ്യമാണ്,” റാപ്പിപേ ഫിൻടെക് സിഇഒ നിപുൺ ജെയിൻ പറഞ്ഞു.
പൈലറ്റ് പദ്ധതി വിജയിച്ചു
2020 സെപ്തംബർ മുതൽ 2021 ജൂൺ വരെയുള്ള കാലയളവിൽ ഈ പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ പരീക്ഷിച്ച് വിജയിച്ചതായി ആർബിഐ അറിയിച്ചു. 1.16 കോടി രൂപ ആകെ മൂല്യമുള്ള 2.41 ലക്ഷം ഇടപാടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പൈലറ്റ് പദ്ധതിയിൽ നടന്നതായും ആർബിഐ പറയുന്നു.
പൈലറ്റ് പദ്ധതിയിൽ നിന്ന് ലഭിച്ച അനുഭവവും പ്രോത്സാഹജനകമായ പ്രതികരണവും കണക്കിലെടുത്ത്, റിസർവ് ബാങ്ക് ഇപ്പോൾ രാജ്യത്തുടനീളം ഓഫ്‌ലൈൻ മോഡിൽ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുന്നതിനുള്ള ഒരു ചട്ടക്കൂട് അവതരിപ്പിച്ചിരിക്കുകയാണ്.