ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര സർക്കാർ ‘പിഎം ഗതിശക്തി മാസ്റ്റർ പദ്ധതി’ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ സമഗ്രമായി വികസിപ്പിക്കുന്നതിനുള്ള 100 ലക്ഷം കോടി രൂപയുടെ പദ്ധതിയാണിത്.
എന്താണ് ഗതിശക്തി മാസ്റ്റർ പദ്ധതി?
ഭാവിയിൽ യുവാക്കൾക്കുള്ള തൊഴിലവസരങ്ങളുടെ ഉറവിടമായി ഈ പദ്ധതി മാറുമെന്നാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പറഞ്ഞത്.
“വരും ദിവസങ്ങളിൽ, പ്രധാനമന്ത്രി ഗതിശക്തി പദ്ധതി ആരംഭിക്കും, 100 ലക്ഷം കോടിയുടെ ദേശീയ അടിസ്ഥാന സൗകര്യ പദ്ധതി മാസ്റ്റർ പ്ലാനായ ഇത് സമഗ്രമായ അടിസ്ഥാന സൗകര്യവികസനങ്ങൾക്ക് അടിത്തറയിടുകയും നമ്മുടെ സമ്പദ്വ്യവസ്ഥയിലേക്ക് ഒരു സംയോജിത പാത രാജ്യത്തിന് നൽകുകയും ചെയ്യും,” മോദി പറഞ്ഞു.
പദ്ധതിയുടെ ശ്രദ്ധാകേന്ദ്രങ്ങൾ എന്തൊക്കെയാണ്?
തദ്ദേശീയ നിർമ്മാതാക്കളുടെ പേര് ആഗോള നിലയിലേക്ക് ഉയർത്താനും ആഗോളവിപണിയിലെ അവരുടെ എതിരാളികളുമായി മത്സരിക്കാനും ഗതിശക്തി പദ്ധതി സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഭാവിയിൽ പുതിയ സാമ്പത്തിക മേഖലകളുടെ സാധ്യതകളും ഉയർത്തുന്നു.
ഇന്ത്യ ഉത്പാദനവും കയറ്റുമതിയും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ നിന്ന് ആഗോള വിപണിയിൽ വിറ്റഴിക്കപ്പെടുന്ന എല്ലാ ഉൽപ്പന്നങ്ങളും ഇന്ത്യയോട് ചേർത്തുനിർത്തണം, അതായത് നിങ്ങളുടെ ഓരോ ഉൽപ്പന്നവും ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായിരിക്കണം എന്നാണ് ഞാൻ പറയുന്നത്, അദ്ദേഹം പറഞ്ഞു.
പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും പദ്ധതി ആരംഭിക്കുന്നത് എപ്പോഴാണെന്നും അറിയേണ്ടതുണ്ട്. നാഷണൽ ഹൈഡ്രജൻ മിഷൻ ആരംഭിക്കുന്നതും പെൺകുട്ടികൾക്കായി സൈനിക സ്കൂളുകൾ തുറക്കുന്നതും ഉൾപ്പടെയുള്ളവയാണ് പ്രധാനമന്ത്രി ഇന്ന് നടത്തിയ മറ്റ് സുപ്രധാന പ്രഖ്യാപനങ്ങൾ.
Also read: പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നയമായി; അറിയാം സവിശേഷതകള്‍