കോവിഡിന്റെ ഇരുണ്ട കാലത്തിലേക്കു വീണ്ടും ഇന്ത്യ ചുവടുവയ്ക്കുന്ന സൂചനകളാണ് നിലനില്‍ക്കുന്നത്. കേസുകള്‍ ഗണ്യമായി ഉയരുന്ന രാജ്യങ്ങളിൽനിന്നുള്ളവർക്ക് മറ്റു രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങള്‍. സ്വന്തം രാജ്യത്തെ പൗരന്മാരുള്‍പ്പെടെ ഇന്ത്യയില്‍നിന്ന് വരുന്നവർക്കു ന്യൂസിലൻഡ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് വിലക്ക്. ഇത് താത്കാലികം മാത്രമാണെന്നാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍ പറഞ്ഞത്.

ന്യൂസിലൻഡ് എന്തുകൊണ്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തി?

രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടനുസരിച്ച് ന്യൂസിലൻഡില്‍ വ്യാഴാഴ്ച 23 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പതിനേഴും ഇന്ത്യയില്‍ നിന്നുള്ളവരാണ്. കോവിഡ് വ്യാപനം പൂര്‍ണമായി ഇല്ലാതാക്കുന്നതില്‍ ന്യൂസിലൻഡ് മികച്ച പ്രവര്‍ത്തനം നടത്തിയിരുന്നു. ഏകദേശം 40 ദിവസമായി പ്രാദേശികമായി പകരുന്ന കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. രോഗബാധയുള്ളവര്‍ കൂടുതലായി രാജ്യത്ത് എത്തുന്നതിനാല്‍ അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തുകയാണ് സര്‍ക്കാര്‍. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ശരാശരി കോവിഡ് കേസുകളുടെ എണ്ണം ഏഴായി ഉയര്‍ന്നതായും ഓക്ടോബറിന് ശേഷം ഇത്രയും വര്‍ധനവ് ആദ്യമാണെന്നും ജസീന്ത ആര്‍ഡണ്‍ പറഞ്ഞു.

Read More: രാജ്യത്ത് 1,26,789 പുതിയ കോവിഡ് കേസുകൾ; പ്രധാനമന്ത്രി വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചു

കൂടുതല്‍ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തുമോ?

നിലവിൽ, ഇന്ത്യയിലേക്കുള്ളതോ തിരിച്ചുള്ളതോ ആയ വിമാന സർവീസുകൾ, ഒന്നെങ്കില്‍ ഒരു പ്രത്യേക രാജ്യം തിരിച്ചയയ്ക്കുന്നതോ അല്ലെങ്കിൽ എയർ ബബിൾ ക്രമീകരണ പ്രകാരമുള്ളവയോയാണ്. അമേരിക്ക, ബ്രിട്ടൻ, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, റഷ്യ, ഖത്തര്‍, യുഎഇ എന്നിവയുള്‍പ്പെടെ 27 രാജ്യങ്ങളുമായി ഇന്ത്യക്ക് എയര്‍ ബബിള്‍ ക്രമീകരണമുണ്ട്.

ആയതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കു മറ്റ് രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തുമോ എന്നതില്‍ വ്യക്തതയില്ല. കോവിഡ് കണക്കിലുണ്ടായ വര്‍ധനയാണ് യാത്രാവിലക്കിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്ന്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍മൂലം കോവിഡ് കേസുകളുടെ എണ്ണം കൂടിയത് ന്യൂസിലൻഡില്‍ മാത്രമല്ല. മറ്റു പല രാജ്യങ്ങളിലും ഇന്ത്യയില്‍ നിന്നെത്തിയവരില്‍ അണുബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

കാനഡയിലെ ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് മാര്‍ച്ച് മൂന്നിനും 19നും ഇടയില്‍ രാജ്യത്തെത്തിയ യാത്രക്കാരില്‍ കോവിഡ് പോസിറ്റീവ് ആയവരുണ്ട്. ഇതില്‍ മൂന്നിലൊന്നും ഡല്‍ഹിയില്‍ നിന്നുള്ള വിമാനത്തില്‍ വന്നവരാണ്. കോവിഡ് ബാധിതരെയും വഹിച്ച് സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയെ ഹോങ്കോങ് സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. 15 ദിവസത്തേക്ക് ഹോങ്കോങ് ഭരണകൂടം എയര്‍ ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തുകയുമുണ്ടായി.

മറ്റു രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍

ബ്രിട്ടൻ ട്രാഫിക് സിഗ്നല്‍ സിസ്റ്റം അടിസ്ഥാനമാക്കി മറ്റു രാജ്യങ്ങളെ റെഡ്, ആമ്പര്‍, ഗ്രീന്‍ എന്നിങ്ങനെ ക്രമീകരിച്ചിട്ടുണ്ട്. ഏതൊക്കെ രാജ്യങ്ങളാണ് ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. വാക്സിനേഷന്റെ അളവും ഓരോ രാജ്യത്തും കോവിഡ് വൈറസിലുണ്ടായ വ്യതിയാനങ്ങളുമാകും മുഖ്യ ഘടകങ്ങളാകുക.

Read Also: കോവിഡ് രോഗമുക്തി നേടിയവരിൽ മൂന്നിൽ ഒരാൾക്ക് ന്യൂറോളജിക്കൽ സൈക്യാട്രിക് പ്രശ്നങ്ങൾക്ക് സാധ്യതയെന്ന് പഠനം

ബ്രിട്ടൻ നേരത്തെ തന്നെ ചില രാജ്യങ്ങളെ റെഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഖത്തര്‍, ദക്ഷിണാഫ്രിക്ക, യുഎഇ, വെനസ്വേല, സിംബാവെ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍. പ്രസ്തുത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റെഡ് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും എത്തുന്ന ബ്രട്ടീഷ് പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം കോവിഡ് പരിശോധനയും. ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്കു നിയന്ത്രണങ്ങളില്ല. എന്നാല്‍ ആമ്പര്‍ പട്ടികയില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ വീടുകളിലും റെഡ് പട്ടികയില്‍ ഉള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ പത്ത് ദിവസം ഹോട്ടലിലും ക്വാറന്റൈനില്‍ കഴിയണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook