കൊറോണ വൈറസായ സാർസ്-കോവി-2 സംബന്ധിച്ച പഠനങ്ങൾ സൂചിപ്പിക്കുന്നത് അവ ഉദ്ഭവിച്ചത് വവ്വാലുകളിൽ കാണപ്പെടുന്ന സമാന വൈറസുകളിൽ നിന്നാണെന്നാണ്. എന്നാൽ മനുഷ്യരിൽ നിന്ന് വവ്വാലിലേക്ക് പകരുന്നതിനുള്ള സാധ്യതകളെക്കുറിച്ചാണ് കൺസർവേഷൻ സയൻസ് ആന്റ് പ്രാക്ടീസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ പറയുന്നത്. ഇത്തരത്തിൽ വവ്വാലുകളിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണെന്ന് പഠന ഫലത്തിൽ പറയുന്നു. വടക്കേ അമേരിക്കൻ വവ്വാലുകളിലേക്ക് മനുഷ്യരിൽ നിന്ന് വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് ശീതകാലത്ത് നടത്തിയ പഠനത്തിൽ പറയുന്നു. യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) ആണ് പഠനത്തിന് നേതൃത്വം നൽകിയത്.

സംരക്ഷണ നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിൽ, വവ്വാലുകളിലേക്ക് വൈറസ് പകരുന്നതിനുള്ള മൊത്തത്തിലുള്ള അപകടസാധ്യത ആയിരത്തിൽ ഒന്ന് ആണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പിപിഇ) ശരിയായ ഉപയോഗത്തിലൂടെയോ അല്ലെങ്കിൽ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചതായി ഉറപ്പിക്കുകയോ ചെയ്ത സാഹചര്യങ്ങളിൽ മനുഷ്യരിൽ നിന്ന് വവ്വാലുകളിലേക്ക് രോഗം പകരാനുള്ള സാധ്യത 3,333 ൽ ഒരാൾക്ക് എന്ന നിലയിലേക്ക് കുറഞ്ഞതായും പഠനത്തിൽ കണ്ടെത്തി.

Read More: ഒന്നിൽ കൂടുതൽ തവണ കോവിഡ് ബാധിക്കുമോ? കണ്ടെത്തൽ ഇങ്ങനെ

ശാസ്ത്രജ്ഞരുടെ ഗവേഷണത്തിന്റെ ഒരു പ്രധാന മേഖലയാണ് വവ്വാലുകളുമായി ബന്ധപ്പെട്ടത്. വിളകളെ നശിപ്പിക്കുന്ന കീടങ്ങളെ ഭക്ഷിക്കുന്നതിലൂടെ കീടനാശിനികളുടെ ആവശ്യകത കുറയ്ക്കുന്നതിലൂടെ വവ്വാലുകൾ പ്രതിവർഷം 3 ബില്യൺ ഡോളറിലധികം യുഎസ് കാർഷിക വ്യവസായ രംഗത്ത് ലാഭം നേടിക്കൊടുക്കുന്നുവെന്ന് മുമ്പത്തെ യു‌എസ്‌ജി‌എസ് പഠനങ്ങൾ കണ്ടെത്തിയിരുന്നു. എന്നിട്ടും ആ ജീവികളെ പലപ്പോഴും ഹൊറർ സിനിമകളിൽ ഭയപ്പെടുത്തുന്ന സൃഷ്ടികളായി തെറ്റായി ചിത്രീകരിക്കുന്നു.

“ശാസ്ത്രജ്ഞർ‌ സംരക്ഷണ ഉപകരണങ്ങൾ‌ ധരിക്കുമ്പോൾ, പ്രത്യേകിച്ചും ഉയർന്ന ഫിൽ‌ട്രേഷൻ‌ കാര്യക്ഷമതയുള്ള മാസ്കുകൾ ധരിക്കുമ്പോൾ‌ അല്ലെങ്കിൽ‌ ഗവേഷണം നടത്തുന്നതിന്‌ മുമ്പ്‌ കോവിഡ് -19 നെഗറ്റീവ് ആണെന്ന് ഫലം ലഭിക്കുന്ന സാഹചര്യങ്ങളിൽ‌, അവരിൽ നിന്ന് വൈറസ് വടക്കേ അമേരിക്കൻ‌ വവ്വാലുകളിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാാണ്,” യു‌എസ്‌ജി‌എസ് വെബ്‌സൈറ്റിൽ ശാസ്ത്രജ്ഞൻ മൈക്കൽ റൺ‌ജെയെ ഉദ്ധരിച്ച് പറയുന്നു.

Read More: കോവിഡ്-19 രോഗവ്യാപനം ഗർഭകാലത്തെ പ്രശ്നങ്ങൾ വർധിക്കാൻ കാരണമായെന്ന് പഠനം

ഫ്രീ-ടെയിൽഡ് വവ്വാലുകൾ, ചെറിയ തവിട്ട് വവ്വാലുകൾ, വലിയ തവിട്ട് വവ്വാലുകൾ എന്നിങ്ങനെ മൂന്ന് വവ്വാൽ സ്പീഷിസുകളെ വിശകലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശാരീരികവും പെരുമാറ്റപരവുമായ വ്യത്യാസങ്ങളുള്ളവയാണ് ഈ വവ്വാലുകൾ. മനുഷ്യർക്കും വവ്വാലുകൾക്കുമിടയിൽ വൈറസ് പകരാനുള്ള വിവിധ വഴികൾ ശാസ്ത്രജ്ഞർ പരിഗണിച്ചു. ഇതിൽ വായുവിലൂടെ പകരുന്നത് പ്രധാന മാർഗമാണ്.

ഒരു സാധാരണ ശൈത്യകാല സർവേയിൽ കുറഞ്ഞത് ഒരു വവ്വാലിലേക്കെങ്കിലു അണുബാധ പകരാനുള്ള സാധ്യത ഈ പഠനത്തിൽ കണക്കാക്കുന്നു. ഇതിൽ അഞ്ച് ശാസ്ത്രജ്ഞരുടെ ഒരു സംഘം 1,000 വവ്വാലുകളുടെ കൂട്ടം താമസിക്കുന്ന ഒരു ഗുഹയിൽ ഒരു മണിക്കൂർ ചെലവഴിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച യു‌എസ്‌ജി‌എസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, വേനൽക്കാല ഗവേഷണ സമയത്ത് ഗവേഷകർ സാർസ് കോവി-2 വവ്വാലുകളിലേക്ക് പകരാനുള്ള സാധ്യത പരിശോധിച്ചിരുന്നു. ശൈത്യകാലത്തും വേനൽക്കാലത്തുമുള്ള ഗവേഷണങ്ങളിൽ വ്യത്യസ്ത ക്രമീകരണങ്ങളും പ്രവർത്തനങ്ങളുമാണ് ഉൾക്കൊള്ളുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook