scorecardresearch

ബില്‍ക്കിസ് ബാനോയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി; എന്താണ് പുനഃപരിശോധനാ ഹര്‍ജി?

എന്താണ് റിവ്യൂ പെറ്റീഷന്‍, എങ്ങനെ, എന്ത് അടിസ്ഥാനത്തില്‍, ആര്‍ക്കെല്ലാം ഫയല്‍ ചെയ്യാമെന്നു വിശദമായി പരിശോധിക്കാം

Bilkis Bano, What is review petition, Supreme Court, Gujarat riots, Godhra 2002 riots

2002-ല്‍ ഗുജറാത്തില്‍ നടന്ന ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗം ചെയ്യുകയും മകള്‍ ഉള്‍പ്പെടെ ഏഴു ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ വെറുതെ വിട്ട വിഷയത്തില്‍ ബില്‍ക്കിസ് ബാനോ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. പ്രതികളെ ശിക്ഷ പൂര്‍ത്തിയാകും മുന്‍പ് മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അനുമതി നല്‍കിയ സുപ്രീം കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

കേസിന്റെ വിചാരണ മഹാരാഷ്ട്രയില്‍ നടന്നതിനാല്‍ ഗുജറാത്തിനു പകരം മഹാരാഷ്ട്രയിലെ ശിഷാ ഇളവ് നയം തന്റെ കേസില്‍ ബാധകമാക്കണമെന്നാവശ്യപ്പെട്ടാണു മേയ് 13 ലെ സുപ്രീം കോടതി വിധിക്കെതിരെ ബില്‍ക്കിസ് ഹര്‍ജി സമര്‍പ്പിച്ചത്.

എന്താണ് റിവ്യൂ പെറ്റീഷന്‍, എങ്ങനെ, എന്ത് അടിസ്ഥാനത്തില്‍, ആര്‍ക്കെല്ലാം ഫയല്‍ ചെയ്യാമെന്നു നമുക്ക് വിശദമായി പരിശോധിക്കാം.

എന്താണ് ബില്‍ക്കിസ് ബാനോ കേസ്?

2002-ലെ ഗോധ്ര കലാപത്തെത്തുടര്‍ന്ന് 20-30 ഹിന്ദു പുരുഷന്മാര്‍ ബില്‍ക്കിസ് ബാനോയെയും കുടുംബത്തെയും വാളുകളും വടികളുമായി ആക്രമിച്ചു. ബില്‍ക്കിസിനെ ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്യുകയും മൂന്നു വയസുള്ള മകള്‍ ഉള്‍പ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു. സംഭവസമയത്ത് അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു ഇരുപത്തിയൊന്നുകാരിയായ ബില്‍ക്കിസ്. കേസ് ദേശീയ മനുഷ്യാവകാശ കമ്മിഷനിലും സുപ്രീം കോടതിയിലുമെത്തി. സുപ്രീം കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു.

നിരന്തരമായ വധഭീഷണി കാരണം, കേസിന്റെ വിചാരണ ഗുജറാത്തില്‍നിന്ന് മുംബൈയിലേക്കു മാറ്റി. മുംബൈയിലെ പ്രത്യേക സി ബി ഐ കോടതിയില്‍ ആറ് പോലീസ് ഉദ്യോഗസ്ഥരും ഒരു സര്‍ക്കാര്‍ ഡോക്ടറും ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ കുറ്റം ചുമത്തി. ജസ്വന്ത് നായ്, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിന്‍ ചന്ദ്ര ജോഷി, കേസര്‍ഭായ് വൊഹാനിയ, പ്രദീപ് മോര്‍ധിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നീ 11 പ്രതികള്‍ക്കു കോടതി 2008 ജനുവരി 21ന് ജീവപര്യന്തം തടവ് വിധിച്ചു. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തി, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നിവയ്്ക്കും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റു വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കുമാണു ശിക്ഷ വിധിച്ചത്. പ്രതികളുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു.

ശിക്ഷായിളവ് തേടി പ്രതികളിലൊരായ രാധേശ്യാം 2019-ല്‍ നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. വിചാരണ മഹാരാഷ്ട്രയിലാണു പൂര്‍ത്തിയായത് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. 15 വര്‍ഷവും നാല് മാസവും കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍, ശിക്ഷായിളവിനായി രാധേശ്യാം 2022ല്‍ സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാനത്തിന്റെ 1992 ലെ ശിക്ഷായിളവ് നയമനുസരിച്ച് രാധേശ്യാമിന്റെ അപേക്ഷയില്‍ ‘രണ്ട് മാസത്തിനുള്ളില്‍’ തീരുമാനമെടുക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഓഗസ്റ്റില്‍, ഗുജറാത്ത് സര്‍ക്കാര്‍ 11 പ്രതികളെയും വിട്ടയച്ചു. ഇതേത്തുടര്‍ന്നാണു ബില്‍ക്കിസ് ബാനോ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.

എന്താണ് പുനഃപരിശോധനാ ഹര്‍ജി, എപ്പോള്‍ ഫയല്‍ ചെയ്യാം?

സുപ്രീം കോടതിയുടെ ഒരു വിധി രാജ്യത്തെ നിയമമായി മാറുന്നുവെന്നാണു ഭരണഘടന വ്യക്തമാക്കുന്നത്. ഭാവിയിലെ കേസുകള്‍ തീരുമാനിക്കുന്നതിനുള്ള തീര്‍പ്പ് നല്‍കുന്നതിനാല്‍ ഇത് അന്തിമമാണ്. എന്നിരുന്നാലും, ഭരണഘടനയുടെ അനുച്‌ഛേദം 137 പ്രകാരം, സുപ്രീം കോടതിക്ക് അതിന്റെ മുന്‍കാല വിധികളും ഉത്തരവുകളും പുനഃപരിശോധിക്കാനുള്ള അധികാരമുണ്ട്.

ഒരു പുന:പരിശോധന നടക്കുമ്പോള്‍, കേസിന്റെ പുതിയ കാര്യം പരിഗണിക്കരുത്, മറിച്ച് നീതിനിഷേധത്തിന് കാരണമായ ഗുരുതരമായ പിഴവുകള്‍ തിരുത്താന്‍ അനുവാദമുണ്ട് എന്നതാണു നിയമം.

”വ്യക്തമായ വീഴ്ചയോ സ്പഷ്ടമായ തെറ്റോ അല്ലെങ്കില്‍ ഗുരുതരമായ പിഴവ് പോലെയുള്ള ജുഡീഷ്യല്‍ വീഴ്ചയോ നേരത്തെ സംഭിച്ചാല്‍ മാത്രമേ പുന:പരിശോധന അംഗീകരിക്കാന്‍ കഴിയൂ,” 1975-ലെ ഒരു വിധിയില്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. അതിനാല്‍, സുപ്രീം കോടതി പുന:പരിശോധന അംഗീകരിക്കുന്നത് പൊതുവെ അപൂര്‍വമാണ്.

എന്തടിസ്ഥാനത്തിലാണു പുനഃപരിശോധന തേടാന്‍ കഴിയുക?

സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധി പുനഃപരിശോധിക്കുന്നതിന് മൂന്ന് അടിസ്ഥാനങ്ങളാണു 2013 ലെ വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പുതിയതും പ്രധാനപ്പെട്ടതുമായ കാര്യമോ തെളിവുകളോ കണ്ടെത്തല്‍ അല്ലെങ്കില്‍ ഹരജിക്കാരന്റെ അറിവില്‍ പെടാത്തതോ അദ്ദേഹത്തിനു ഹാജരാക്കാന്‍ കഴിയാത്തതോ ആയ തെളിവുകള്‍; രേഖയില്‍ പ്രകടമായ തെറ്റ് അല്ലെങ്കില്‍ പിശക്; മറ്റേതെങ്കിലും മതിയായ കാരണം എന്നിവയാണവ. തുടര്‍ന്നുള്ള വിധികളില്‍, ‘ഏതെങ്കിലും മതിയായ കാരണം’ അര്‍ത്ഥമാക്കുന്നത് മറ്റു രണ്ട് കാരണങ്ങള്‍ക്കു സമാനമായ ഒരു കാരണമാണെന്ന് കോടതി വ്യക്തമാക്കി.

2013ലെ മറ്റൊരു വിധിയില്‍ (യൂണിയന്‍ ഓഫ് ഇന്ത്യയും സന്ദൂര്‍ മാംഗനീസ് ആന്‍ഡ് അയണ്‍ ഓര്‍റസ് ലിമിറ്റഡും തമ്മിലുള്ള കേസ്), ഒരു പുന:പരിശോധന എപ്പോള്‍ അംഗീകരിക്കാവുന്ന കാര്യത്തില്‍ കോടതി ഒമ്പത് തത്വങ്ങള്‍ നിരത്തി. ”ഒരു പുന:പരിശോധനയെന്നത് ഒരു തരത്തിലും തെറ്റായ തീരുമാനം വീണ്ടും കേള്‍ക്കുകയും തിരുത്തുകയും ചെയ്യുന്ന മറവിലുള്ള അപ്പീല്‍ അല്ല. മറിച്ച് സ്പഷ്ടമായ ഒരു പിശക് തിരുത്തുന്നതിനുവേണ്ടി മാത്രമുള്ളതാണത്,” കോടതി പറഞ്ഞു. വിഷയത്തില്‍ രണ്ടു വീക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പുന:പരിശോധനയ്ക്ക്് അടിസ്ഥാനമാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഒരു കേസിലെ കക്ഷികള്‍ക്കു മാത്രമേ ആ വിധിയില്‍ പുനഃപരിശോധന തേടാവൂയെന്നു നിര്‍ബന്ധമില്ല. സിവില്‍ നടപടി ക്രമവും സുപ്രീം കോടതി ചട്ടങ്ങളും അനുസരിച്ച്, ഒരു വിധിയില്‍ ആക്ഷേപമുള്ള ഏതൊരു വ്യക്തിക്കും പുനഃപരിശോധന ആവശ്യപ്പെടാം. എന്നാല്‍, സമര്‍പ്പിച്ച എല്ലാ പുനഃപരിശോധനാ ഹര്‍ജികളും കോടതി പരിഗണിക്കാറില്ല.

തന്റെ കേസില്‍ ബില്‍ക്കിസ് ബാനോ തന്നെയാണു അഭിഭാഷകയായ ശോഭ ഗുപ്ത മുഖേന പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചത്.

പുന:പരിശോധനാ ഹര്‍ജി പരിഗണിക്കുന്ന നടപടിക്രമം എന്താണ്?

വിധി അല്ലെങ്കില്‍ ഉത്തരവിന്റെ തീയതി മുതല്‍ 30 ദിവസത്തിനകം പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നാണു സുപ്രീം കോടതി ആവിഷ്‌കരിച്ച 1996 ചട്ടങ്ങള്‍ വ്യക്തമാക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍, പുന:പരിശോധനാ ഹര്‍ജി ഫയല്‍ ചെയ്യുന്നതിലെ കാലതാമസത്തെ ന്യായീകരിക്കുന്ന ശക്തമായ കാരണങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുമെങ്കില്‍ കോടതി അനുവദിക്കും.

പുന:പരിശോധനാ ഹര്‍ജി കള്‍ സാധാരണയായി അഭിഭാഷകരുടെ വാക്കാലുള്ള വാദങ്ങളില്ലാതെ പരിഗണിക്കുമെന്നു ചട്ടങ്ങള്‍ പറയുന്നു. ജഡ്ജിമാര്‍ അവരുടെ ചേംബറില്‍ ഹര്‍ജി കേള്‍ക്കുന്നു. അസാധാരണമായ കേസുകളില്‍, കോടതി വാക്കാലുള്ള വാദം കേള്‍ക്കാന്‍ അനുവദിക്കാറുണ്ട്. 2014-ലെ ഒരു കേസില്‍, എല്ലാ വധശിക്ഷ കേസുകളിലെയും പുനഃപരിശോധനാ ഹര്‍ജികള്‍ മൂന്നു ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ച് തുറന്ന കോടതിയില്‍ കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

പുനഃപരിശോധനാ ഹര്‍ജി പരാജയപ്പെട്ടാലോ?

കോടതി അവസാന ആശ്രയമെന്ന നിലയില്‍, സുപ്രീം കോടതിയുടെ വിധി നീതിനിഷേധത്തിനു കാരണമാകില്ല. രൂപ ഹുറയും അശോക് ഹുറയും തമ്മിലുള്ള 2002ലെ കേസില്‍, കോടതി ക്യുറേറ്റീവ് പെറ്റീഷന്‍ എന്ന ആശയം വികസിപ്പിച്ചെടുത്തു. അതിന്റെ നടപടിക്രമം ദുരുപയോഗം ചെയ്യുന്നതു തടയാന്‍ പുന:പരിശോധന ഹര്‍ജി തള്ളപ്പെട്ടാല്‍ മാത്രമാണു ക്യുറേറ്റീവ് പെറ്റിഷന്‍ കേള്‍ക്കുക.

പുന:പരിശോധന ഹര്‍ജിയുടെ കാര്യത്തിലെന്ന പോലെ ക്യുറേറ്റീവ് പെറ്റീഷന്റെ കാര്യത്തിലും വാക്കാലുള്ള വാദം അനുവദിക്കില്ല. ബില്‍ക്കിസ് ബാനോ ഈ വഴി സ്വീകരിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. തന്റെ കേസില്‍ കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് അവര്‍ മറ്റൊരു റിട്ട് ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Explained lawwhat is a review petition

Best of Express