കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,514 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് ദിവസം മുന്‍പ് പ്രതിദിന രോഗികളുടെ എണ്ണം 2,183 മാത്രമായിരുന്നു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 16,622 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 4,980 സജീവ കേസുകളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിവാര ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടിപിആര്‍) 0.32 ശതമാനത്തില്‍ നിന്ന് 0.54 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടും ടിപിആര്‍ കുറഞ്ഞിട്ടില്ല.
എവിടെയൊക്കെയാണ് കേസുകള്‍ വര്‍ധിക്കുന്നത്
പ്രധാനമായും ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് രോഗവ്യാപനം വര്‍ധിക്കുന്നതായി കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത 2,541 കേസുകളില്‍ ആയിരവും ഡല്‍ഹിയിലാണ്. ഏപ്രില്‍ പകുതിയോടെയാണ് ഡല്‍ഹിയില്‍ കേസുകളുടെ എണ്ണം ഉയര്‍ന്നു തുടങ്ങിയത്. മാസ്ക് ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും നിര്‍ബന്ധമാക്കി. കഴിഞ്ഞ അഞ്ച് ദിവസവും ആയിരത്തിനടുത്താണ് പ്രതിദിന കേസുകള്‍.
രോഗവ്യാപനം ശമിച്ചുവെന്ന് സൂചനകള്‍ ലഭിച്ചതോടെ ഏപ്രില്‍ ആദ്യ വാരത്തോടെ രാജ്യ തലസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുകയും മാസ്കിന്റെ കാര്യത്തില്‍ ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രതിദിന കേസുകള്‍ നൂറില്‍ നിന്ന് ആയിരത്തിലേക്ക് എത്തി. എന്നാല്‍ ഡല്‍ഹി ഇതുവരെ കണ്ടെട്ടുള്ളതില് വച്ച് ഏറ്റവും ഉയര്‍ന്ന കണക്കല്ല ഇത്. ഡിസംബര്‍-ജനുവരി മാസത്തിലായിരുന്നു വലിയ വര്‍ധനവ് ഉണ്ടായത്. പ്രതിദിന കേസുകള്‍ 12 ദിവസത്തിനിടെ രണ്ടായിരത്തില്‍ നിന്ന് അയ്യായിരത്തിലേക്ക് എത്തിയിരുന്നു. പിന്നീട് ഇത് 10,000 ആവുകയും ചെയ്തു.
കേസുകള്‍ വര്‍ധിക്കുന്നതുകൊണ്ട് ആശങ്കപ്പെടേണ്ടതുണ്ടോ?
“ജനങ്ങള്‍ മാസ്ക് ഉപേക്ഷിച്ചു തുടങ്ങിയാല്‍ കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കേസുകളുടെ എണ്ണത്തിൽ കാലാനുസൃതമായ ഉയർച്ച താഴ്ചകൾ ഉണ്ടാകും, ഗുരുതരമായ രോഗങ്ങളും മരണവും ഉണ്ടാകുന്നുണ്ടോ എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്,” ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ എപ്പിഡെമിയോളജി വിഭാഗം മുൻ മേധാവി ഡോ ലളിത് കാന്ത് പറഞ്ഞു.
ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കുറവാണ്. ലോക് നായക്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) തുടങ്ങിയ വലിയ ആശുപത്രികൾ കോവിഡ് ബാധിച്ചവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. മിക്ക ആളുകൾക്കും പനിയും ചുമയും ജലദോഷവും തൊണ്ടവേദനയും ഉണ്ടാകുന്നുണ്ടെങ്കിലും മൂന്നോ അഞ്ചോ ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്നതായും ഡോക്ടർമാർ പറയുന്നു.
മരണങ്ങളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. കേസുകളില്‍ വര്‍ധനവ് കണ്ടതുടങ്ങിയതില് പിന്നെ 14 ദിവസത്തിനുള്ളിൽ കോവിഡ് മൂലം 10 മരണങ്ങൾ ഡല്‍ഹിയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. മരണങ്ങൾ മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരില്‍ മാത്രമാണ് സംഭവിക്കുന്നതെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ നിര്‍ദേശങ്ങളുടെ ആവശ്യമുണ്ടോ?
കേസുകൾ വര്‍ധിക്കാന്‍ തുടങ്ങിയതിന് ശേഷം മാസ്ക് നിര്‍ബന്ധമാക്കുകയും ധരിക്കാത്തവര്‍ 500 രൂപ പിഴ ഈടാക്കേണ്ടി വരുമെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഉത്തരവിറക്കിയിരുന്നു. ഉത്തരവുകൾക്ക് പകരം ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി മാസ്ക് നിര്‍ബന്ധമാക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Also Read: കോവിഡ്: കേസുകള്‍ വര്‍ധിക്കുന്നത് കൊച്ചിയില്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി