scorecardresearch

ഒന്നിൽ കൂടുതൽ തവണ കോവിഡ് ബാധിക്കുമോ? കണ്ടെത്തൽ ഇങ്ങനെ

ഒരിക്കൽ രോഗം വരുന്നവർക്ക് പിന്നീട് വരാതിരിക്കാനുള്ള പ്രതിരോധശേഷി ലഭിക്കുമോ, അതോ വീണ്ടും വരുമോ എന്നതിൽ ഇതുവരെ ശാസ്ത്രലോകത്തിന് വ്യക്തതയില്ല

ഒന്നിൽ കൂടുതൽ തവണ കോവിഡ് ബാധിക്കുമോ? കണ്ടെത്തൽ ഇങ്ങനെ

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി(ഐസിഎംആർ) ലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ സാർസ്-കോവ് 2 വൈറസ് മൂലം വീണ്ടും രോഗം ബാധിച്ച വിശ്വാസയോഗ്യമായ ചില കേസുകൾ കണ്ടെത്തുകയുണ്ടായി. എപിഡമോളജി ആൻഡ് ഇൻഫെക്ഷൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, 1300 പേരില്‍ രണ്ട് തവണ കോവിഡ് പോസിറ്റീവായവരെ കണ്ടെത്തി. രണ്ട് തവണ പോസിറ്റീവ് ആയതിന്റെ ഇടയിലും പരിശോധനകൾ നടത്തിയവരാണ് പഠനത്തില്‍ കണ്ടെത്തിയവര്‍.

ഇതിലെ 1300ൽ 58 പേർ, അല്ലെങ്കിൽ 4.5 ശതമാനം ആളുകൾക്കും രണ്ടാമത് പോസിറ്റീവ് ആകുന്നത് 102 ദിവസങ്ങൾക്ക് ശേഷമാണ്, അതിനിടയിൽ നടത്തിയിട്ടുള്ള പരിശോധനയിൽ അവർക്ക് നെഗറ്റീവ് ഫലങ്ങൾ ലഭിച്ചിരുന്നു. അതുകൊണ്ട് ഇവർ വീണ്ടും രോഗബാധിതരായവരാകാൻ സാധ്യതയുണ്ട്.

എന്താണ് ഇതിനു പ്രാധാന്യം?

ശാസ്ത്രലോകത്ത് ഒരു തുറന്ന ചർച്ചയ്ക്കു വഴിവയ്ക്കുന്നതാണ് സാർസ്-കോവ്2 മൂലം ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും വരുമെന്നുള്ളത്. ഒരിക്കൽ രോഗം വരുന്നവർക്ക് പിന്നീട് വരാതിരിക്കാനുള്ള പ്രതിരോധശേഷി ലഭിക്കുമോ, അതോ വീണ്ടും വരുമോ എന്നതിൽ ഇതുവരെ ശാസ്ത്രലോകത്തിന് വ്യക്തതയില്ല. വീണ്ടും രോഗം വരാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്ന് അറിയുന്നത് മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിൽ നിർണായകമാണ്. രോഗം പടരുന്നത് തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കാനും ജനങ്ങൾ ശാരീരിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും എത്ര നാൾ തുടരണമെന്ന് തീരുമാനിക്കാനും ഇതിനു സാധിക്കും. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വാക്സിനേഷൻ ഡ്രൈവിനെയും ബാധിക്കുന്ന ഒന്നാണിത്.

ഇതുവരെ വളരെ കുറച്ചു പേരിൽ മാത്രമാണ് വീണ്ടും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ഓഗസ്റ്റിൽ ഹോങ്കോങ്ങിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. പിന്നീട് അമേരിക്കയിലും ബെൽജിയത്തിലും കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. തുടരെ രണ്ടിലധികം തവണ പോസിറ്റീവാകുന്ന കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇവ രണ്ടാമത് രോഗം ബാധിച്ചതാണെന്ന് പറയാൻ സാധിക്കില്ല.

രോഗം ബാധിച്ചവർ ദീർഘ നാളത്തേക്ക് വൈറസും വഹിച്ചു നടക്കുന്ന “പെർസിസ്റ്റന്റ് വൈറൽ ഷെഡിങ്” എന്ന പ്രക്രിയയാണിത്. മൂന്ന് മാസം വരെ ഇത് തുടർന്നേക്കാം. അത്തരം വൈറസിന് വ്യപനശേഷി കുറവായിരിക്കും ഒപ്പം ,മറ്റൊരാളെ രോഗബാധിതനാക്കാനുള്ള സാധ്യതയും കുറവാണ്. എന്നാൽ, പരിശോധനകളിൽ വൈറസ് സാന്നിധ്യം അറിയാൻ സാധിക്കും.

Read Also: ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വകഭേദം ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ തകർക്കുമോ?

എങ്ങനെയാണു വീണ്ടും രോഗം ബാധിച്ചാൽ തിരിച്ചറിയാനാവുക?

വീണ്ടും രോഗം ബാധിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാൻ വൈറസിന്റെ സാംപിളിൽ ജനിതക ഘടന വിശകലനം നടത്തുകയാണ് ചെയ്യുക. രണ്ട് വൈറസുകളുടെയും ജനിതക ഘടനയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും.

എന്നാൽ പോസിറ്റീവ് ആകുന്ന എല്ലാവരുടെയും സാംപിൾ ജനിതക പരിശോധനയ്ക്ക് എടുക്കില്ല. സമയവും അധ്വാനവും വേണ്ട ഒരു പ്രക്രിയയാണത്. ആയതിനാൽ കുറച്ചു സാംപിളുകൾ മാത്രം തിരഞ്ഞെടുത്താകും പരിശോധന നടത്തുക.

ഹോങ്കോങ്ങിൽ പോസിറ്റീവായ മുപ്പത്തി മൂന്നുകാരൻ ആദ്യ തവണ പോസിറ്റീവ് ആയപ്പോൾ ജനിതക പരിശോധന നടത്തിയതിനാൽ രണ്ടാം തവണയും നടത്തിയിരുന്നു. ആദ്യം പോസിറ്റീവായ വൈറസിന്റെ ജനിതക വിവരങ്ങൾ ഉണ്ടെങ്കിലേ രണ്ടാം തവണ ടെസ്റ്റ് നടത്തി രണ്ട് വൈറസുകളെയും താരതമ്യം ചെയ്യാൻ സാധിക്കുകയുള്ളൂ.

എങ്ങനെയാണ് ഐസിഎംആർ പഠനം വീണ്ടും രോഗ സാധ്യതയുണ്ടോയെന്ന ചോദ്യത്തിലേക്ക് എത്തിയത്?

ജനിതക വിശകലനത്തിനുള്ള രേഖകൾ ലഭ്യമല്ലാത്തതിനാൽ 102 ദിവസത്തിനിടയിൽ രോഗം ബാധിച്ചവരുടെ കണക്കാണ് ശാസ്ത്രജ്ഞർ പഠനത്തിന് ഉപയോഗിച്ചത്. 90 ദിവസം വരെ മാത്രമേ വൈറസ് ശരീരത്തിൽ തുടരുകയുള്ളൂവെന്ന സെന്റർ ഫോർ ഡിസീസ് കൺട്രോൾ(സിഡിസി) യുടെ റിപ്പോർട്ട് പ്രകാരമാണിത്.

വൈറൽ ഷെഡിങ്ങിന്റെ നേരിയ സാധ്യതപോലും ഒഴിവാക്കാൻ ഇടയിൽ കോവിഡ് പരിശോധനകൾ നടത്തിയവരുടെ മാത്രം കേസുകളാണ് പഠനത്തിനായി സ്വീകരിച്ചത്. 1300 പേരിൽ 58 പേരുടെ കേസുകളാണ് പഠിച്ചത്.

ഇവരിൽ നടത്തിയ പഠനത്തിൽനിന്ന് കണ്ടെത്തിയത് എന്ത്?

ഐസിഎംആറിന്റെ പഠനത്തിലെ 58 പേരിൽ, 38 പേരെ നേരിൽ വിളിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. ആദ്യതവണയും രണ്ടാം തവണയും ഉണ്ടായ രോഗലക്ഷണങ്ങൾ അവരിൽ നിന്നും അറിയാൻ സാധിച്ചു. മറ്റു 20 പേരുടെ വിവരങ്ങൾ ലഭ്യമായിരുന്നില്ല. വിവരങ്ങൾ ലഭിച്ച 38 പേരിൽ 29 പേർ 20 നും 40 നും ഇടയിൽ പ്രായം വരുന്ന പുരുഷന്മാരും 12 പേർ ആരോഗ്യപ്രവർത്തകരുമായിരുന്നു. ഇവർക്ക് രണ്ടാമത് രോഗം ബാധിച്ചത് ആദ്യം രോഗം ബാധിച്ച് 102 മുതൽ 160 ദിവസങ്ങൾക്ക് ഇടയിലായിരുന്നു.

കൂട്ടത്തിൽ 27 പേർ അതിന്റെ ഇടയിലുള്ള സമയങ്ങളിൽ അവർക്ക് യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞപ്പോൾ 8 പേർക്ക് ചെറിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതായി പറഞ്ഞു. ബാക്കി മൂന്ന് പേർക്ക് പനി, ചുമ, ശ്വാസതടസം തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നതായും പറഞ്ഞു.

രോഗം ബാധിച്ച 38 പേരിൽ 20 പേർക്ക് രണ്ട് തവണയും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. അതിൽ 6 പേരുടേത് ആദ്യത്തേതിൽ നിന്ന് കൂടുതൽ മോശമായിരുന്നു. ആറുപേരുടെ ആദ്യ രോഗബാധയായിരുന്നു കൂടുതൽ മോശം. മറ്റ് എട്ട് പേരുടേത് രണ്ടുതവണയും ഒരുപോലെ ആയിരുന്നു.

എന്താണ് ഇതിന്റെ കുഴപ്പങ്ങൾ?

ജനിതക വിശകലനം നടത്താത്തതിനാൽ ഈ 58 കേസുകൾ രണ്ടാം രോഗബാധയാണെന്ന് ഉറപ്പിക്കാൻ സാധിക്കില്ല. പക്ഷെ ശാസ്ത്രജ്ഞർ പറയുന്നത് പ്രകാരം ഒരിക്കൽ രോഗം വന്നാൽ പിന്നീട് രോഗം വരാതിരിക്കാനുള്ള പ്രതിരോധശേഷി ലഭിക്കുമെന്ന് അനുമാനിക്കാൻ സാധിക്കില്ല. രണ്ടാമതും ആളുകൾ രോഗബാധിതരാകുന്നുണ്ടാകും, പക്ഷെ അത് രോഗബാധിതരായവരുടെ ജനിതക പരിശോധനയിലൂടെ മാത്രമേ ഉറപ്പിക്കാൻ സാധിക്കൂ.

എന്തായാലും ഇത്രയും  ജനിതക പരിശോധനകൾ സാധ്യമല്ലാത്തതിനാൽ, 102 ദിവസത്തിനു ഇടയിൽ ഒരു നെഗറ്റീവ് റിസൾട്ട് ഉൾപ്പടെ വീണ്ടും രോഗ ബാധിതരാകുന്നവരെ രണ്ടാമത് രോഗം ബാധിച്ചവരായി കണക്കാക്കാം എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Explained how likely is covid reinfection