കോവിഡ് -19 രോഗവ്യാപന സമയത്ത് ഗർഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതൽ വഷളായതായി പഠനം. ദ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച 17 രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള 40 പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കണ്ടെത്തലുകൾ രാജ്യം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നുണ്ടെങ്കിലും മൊത്തം ഡാറ്റയുടെ വിശകലനത്തിൽ നിന്ന് വ്യക്തമാവുന്നത് കോവിഡ് -19 പിടിമുറുക്കുന്നതിന് മുമ്പുള്ള കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ മഹാമാരി സമയത്ത് ഗർഭഘട്ടത്തിൽ ശിശുക്കൾ മരിക്കുന്നതും മാതൃമരണനിരക്കും ഏകദേശം മൂന്നിലൊന്ന് വർദ്ധിച്ചുവെന്നാണ്.
40 പഠനങ്ങളിൽ 12 എണ്ണം ഗർഭകാലത്തിന്റെ അവസാനകാലത്ത് ഗർഭസ്ഥ ശിശു മരിക്കുന്ന സംഭവങ്ങളെക്കുറിച്ചാണ് റിപ്പോർട്ട് ചെയ്യുന്നത്. പൂൾ ചെയ്ത ഡാറ്റയുടെ വിശകലനത്തിൽ കോവിഡിന് മുൻപുള്ള ഇത്തരം സംഭവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗർഭത്തിലിരിക്കെ ശിശു മരണപ്പെടുന്നതിനുള്ള സാധ്യത 25 ശതമാനതക്തിലധികം വർദ്ധിച്ചു.
മാതൃ മരണനിരക്കിൽ കോവിഡിന്റെ സ്വാധീനത്തെക്കുറിച്ചുള്ള രണ്ട് പഠനങ്ങൾ അവലോകനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് ഇന്ത്യയിൽ നിന്നും ഒന്ന് മെക്സിക്കോയിൽ നിന്നും. ഗർഭകാലത്തോ പ്രസവത്തിനിടയിലോ അമ്മമാർ മരിക്കാനുള്ള സാധ്യത മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ 33 ശതമാനത്തിലധികം വർദ്ധിച്ചു. മെക്സിക്കോയിൽ നിന്നുള്ള പഠനത്തിലാണ് ഇതിലെ ഭൂരിപക്ഷവും രേഖപ്പെടുത്തിയത്.
താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ പ്രതികൂല ഫലങ്ങളുടെ നിരക്ക് വളരെ ഉയർന്നതാണെന്ന് പഠനത്തിൽ പങ്കെടുക്കാത്ത പിജിഐഎംആർ ചണ്ഡിഗഡിലെ അസിസ്റ്റന്റ് പ്രൊഫസർ (നിയോനാറ്റോളജി) ഡോ. ജോഗേന്ദർ കുമാർ പറഞ്ഞു. “വിഭവ-ദരിദ്ര്യമുള്ള രാജ്യങ്ങളിൽ, സാധാരണ സാഹചര്യങ്ങളിൽപ്പോലും, ആന്റിനേറ്റൽ ചെക്ക്-അപ്പുകൾ, പ്രസവ അടിയന്തിര സാഹചര്യങ്ങൾ, ആശുപത്രികളിലോ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലോ ഉള്ള പ്രസവത്തിനുള്ള സൗകര്യങ്ങൾ, മാന്യമായ പ്രസവ പരിചരണം എന്നിവയ്ക്ക് മതിയായ കവറേജ് നൽകുന്നത് ഒരു വെല്ലുവിളിയാണ്. കോവിഡ് -19 മഹാമാരി ഈ വിടവ് വർദ്ധിപ്പിച്ചു…, ”അദ്ദേഹം പറഞ്ഞു.
“ഇന്ത്യയിൽ കോവിഡ് 19 ന്റെ മരണനിരക്ക് 1.3 ശതമാനം ആണ്, ഇതിൽ ഭൂരിഭാഗവും പ്രായമായവരാണ്. ഗർഭിണികളായ സ്ത്രീകളിൽ കോവിഡുമായി ബന്ധപ്പെട്ട നേരിട്ടുള്ള മരണ നിരക്ക് മറ്റുള്ളവരുടേത് പോലെയാണ്. എന്നിരുന്നാലും, പരിചരണം തേടുന്നതിനുള്ള കാലതാമസം കാരണം, ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകൾക്ക് സാധ്യതയുണ്ട്, അതിനാൽ കോവിഡ്-കാരണമുള്ള മരണനിരക്ക് വർദ്ധിച്ചു. നിർഭാഗ്യകരമായ ഭാഗം ഗർഭസ്ഥ ശിശുക്കളുടെ മരണം സാമൂഹിക തലത്തിൽ കണക്കാക്കപ്പെടുന്നില്ല എന്നതാണ്. ആശുപത്രികളിൽ പ്രസവത്തിനായി സ്ഥാപിതമായ റിപ്പോർട്ടിംഗ് സംവിധാനമുണ്ട്, പക്ഷേ കമ്മ്യൂണിറ്റി തലത്തിലില്ല,” ജോഗേന്ദർ കുമാർപറഞ്ഞു.