ഇന്ത്യയിലെ മുൻനിര ഓൺലൈൻ പലചരക്ക് വിൽപന സേവനമായ ബിഗ് ബാസ്‌കറ്റിൽനിന്ന് വിവരച്ചോർച്ച നടന്നിരിക്കാൻ സാധ്യതയുള്ളതായി സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ് പുറത്തുവന്നിരുന്നു. അതിന്റെ ഫലമായി 20 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കപ്പെടുന്നുവെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ത്യൻ കമ്പനികളെ ബാധിച്ച നിരവധി വിവരച്ചോർച്ചകളുടെ തുടർച്ചയാണ് ഈ സംഭവം.

എപ്പോഴാണ് ബിഗ്ബാസ്കറ്റ് വിവരച്ചോർച്ച സംഭവിച്ചത്?

ഒക്ടോബർ 14 നാണ് വിവരച്ചോർച്ച നടന്നതെന്ന് സൈബർ സുരക്ഷ സ്ഥാപനമായ സൈബിൾ പറയുന്നു. ഒക്ടോബർ 30 നാണ് ലംഘനം ആദ്യം കണ്ടെത്തിയതെന്നും ലംഘനം നടന്നതായി തീർച്ചപ്പെടുത്തിയതിന് ശേഷം നവംബർ 1 ന് ബിഗ് ബാസ്‌ക്കറ്റ് മാനേജുമെന്റിനോട് ഇത് സംബന്ധിച്ച വിവരം വെളിപ്പെടുത്തിയെന്നും കമ്പനി അറിയിച്ചു.

ബിഗ് ബാസ്‌ക്കറ്റിലെ എന്ത് വിവരങ്ങളാണ് ചോർന്നത്?

20 ദശലക്ഷം ഉപയോക്താക്കളുടെ മുഴുവൻ പേരുകൾ, ഇമെയിൽ ഐഡികൾ, പാസ്‌വേഡ് ഹാഷുകൾ (ഒടിപികൾ ആവാൻ സാധ്യതയുള്ളവ), പിൻ, കോൺടാക്റ്റ് നമ്പറുകൾ (മൊബൈൽ, ഫോൺ), പൂർണ വിലാസം, ജനനത്തീയതി, സ്ഥലം, ഐപിഅഡ്രസ്സ് എന്നിവ പോലുള്ള സ്വകാര്യ വിവരങ്ങൾ ചോർന്നെന്ന് സൈബിൾ അവകാശപ്പെട്ടു. ഉപയോക്താക്കൾ ലോഗിൻ ചെയ്ത ഐപി വിലാസങ്ങൾ ഡാർക്ക് വെബിൽ 40,000 ഡോളറിന് വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്നും സൈബിൾ പറയുന്നു.

ഡാർക്ക് വെബിൽ നിങ്ങളുടെ വിവരങ്ങൾ ചോർന്നോ എന്ന് എങ്ങനെ അറിയും?

www.amibreached.com എന്ന ഒരു പോർട്ടലിൽ നിന്ന് ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിലേക്ക് ചോർന്നോ എന്ന് പരിശോധിക്കാൻ കഴിയുമെന്ന് സൈബിൾ പറയുന്നു.

ബിഗ് ബാസ്‌ക്കറ്റിന്റെ പ്രതികരണം?

സൈബർ സുരക്ഷ വിദഗ്ധരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിന്റെ വിശ്വാസ്യതയും ചോർച്ച നടന്നെങ്കിൽ അതിന്റെ വ്യാപ്തിയും വിലയിരുത്തുമെന്ന് ബിഗ് ബാസ്കറ്റ് വ്യക്തമാക്കി. ബെംഗളൂരുവിലെ സൈബർ ക്രൈം സെല്ലിലും കമ്പനി പരാതി നൽകിയിട്ടുണ്ട്.

“ഞങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യതയും രഹസ്യാത്മകതയും ഞങ്ങളുടെ മുൻ‌ഗണനയാണ്, ക്രെഡിറ്റ് കാർഡ് നമ്പറുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക വിവരങ്ങളൊന്നും ഞങ്ങൾ സംഭരിക്കുന്നില്ല, മാത്രമല്ല ഈ സാമ്പത്തിക വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുണ്ട്. ഇമെയിൽ ഐഡികൾ, ഫോൺ നമ്പറുകൾ, ഓർഡർ വിശദാംശങ്ങൾ, വിലാസങ്ങൾ എന്നിവ മാത്രമാണ് ഞങ്ങൾ സൂക്ഷിക്കുന്ന വിവരങ്ങൾ, അതിനാൽ ഇവ മാത്രമാവും ആക്സസ് ചെയ്യാൻ സാധ്യതയുള്ള വിശദാംശങ്ങൾ,” ബിഗ് ബാസ്കറ്റിന്റെ പ്രസ്താവനയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook