അടുത്ത വർഷം ജനുവരി മൂന്ന് മുതൽ ഇന്ത്യയിലെ 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകി തുടങ്ങും. ഇതിനായുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ തിങ്കളാഴ്ച പുറത്തിറക്കി. ഏത് വാക്‌സിനാണ് നൽകുന്നതെന്നും സ്ലോട്ടുകൾ ബുക്കുചെയ്യുന്ന രീതിയും വിവരിക്കുന്നതാണ് മാർഗനിർദേശം.
15-18 വയസ്സിനിടയിലുള്ള കുട്ടികൾക്ക് ഏത് വാക്സിനാണ് നൽകുക?
15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ മാത്രമേ നൽകൂ എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശത്തിൽ പറയുന്നു.
എല്ലാ കുട്ടികളും വാക്സിനേഷന് യോഗ്യരാണോ?
15 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 2007ലോ അതിനു ശേഷമോ ജനിച്ച ആർക്കും വാക്സിനെടുക്കാം.
കുട്ടികൾക്ക് എങ്ങനെ വാക്സിനേഷന് രജിസ്റ്റർ ചെയ്യാം?
നിലവിലുള്ള കോവിൻ അക്കൗണ്ട് വഴി ഗുണഭോക്താക്കൾക്ക് ഓൺലൈനായി സ്വയം രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മൊബൈൽ നമ്പർ വഴി പുതിയ അക്കൗണ്ട് ഉണ്ടാക്കിയും രജിസ്റ്റർ ചെയ്യാം. വാക്സിനേഷന് അർഹതയുള്ള പൗരന്മാർക്ക് മാത്രമേ ഈ ഓപ്ഷൻ നിലവിൽ ലഭ്യമാകൂ.
അതുകൊണ്ട്, കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ നിലവിലുള്ള കോവിൻ അക്കൗണ്ടുകൾ ഉപയോഗിച്ച് ജനുവരി ഒന്ന് മുതൽ വാക്സിനേഷൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാം.
Also Read: രാജ്യത്ത് ഒമിക്രോൺ കേസുകൾ 578 ആയി ഉയർന്നു; കൂടുതൽ ഡൽഹിയിൽ
കുട്ടികൾക്കുള്ള വാക്സിനേഷൻ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതിനുള്ള മറ്റു ഓപ്ഷനുകൾ എന്തൊക്കെയാണ്?
വെരിഫയർ/വാക്‌സിനേറ്റർ മുഖേന ഗുണഭോക്താക്കൾക്ക് ഓൺസൈറ്റ് രജിസ്‌റ്റർ ചെയ്യാമെന്നും മാർഗനിർദേശത്തിൽ പറയുന്നു. കൂടാതെ, ഓൺലൈനായോ ഓൺസൈറ്റിലോ ബുക്ക് ചെയ്യാം (അതായത് കുട്ടികൾക്ക് വാക്‌സിൻ കേന്ദ്രത്തിൽ നേരിട്ട് ചെന്ന് വാക്‌സിൻ സ്വീകരിക്കാം).
കുട്ടികൾക്ക് വാക്സിനേഷൻ സൗജന്യമാണോ?
എല്ലാവർക്കും സർക്കാരിന്റെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായി വാക്‌സിൻ നൽകുന്നുണ്ട്. എന്നാൽ, സ്വകാര്യ ആശുപത്രികളിലോ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിലോ പോയി എടുക്കുന്നവർ ഫീസ് നൽകണം.