നിങ്ങളുടെ വസ്ത്രങ്ങളില്‍ കൊറോണ വൈറസ് അതിജീവിക്കുമോ. അതിജീവിക്കുമെങ്കില്‍ എത്ര സമയം. ആദ്യ ചോദ്യത്തിന് ഉത്തരം അതിജീവിക്കാന്‍ സാധ്യതയുണ്ടെന്നാണ്. പക്ഷേ, എത്ര സമയത്തേക്ക് എന്നത് വ്യക്തമല്ല. പ്ലാസ്റ്റിക്, സ്റ്റീല്‍, കാര്‍ഡ്‌ബോര്‍ഡ് തുടങ്ങിയ പ്രതലങ്ങളിലും വായുവിലും വൈറസ് എത്ര സമയം ജീവിക്കുമെന്നതിനെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നു കഴിഞ്ഞു. പക്ഷേ, ഫാബ്രിക്കിനെ ആരും പരിഗണിച്ചിട്ടില്ല.

എന്നിരുന്നാലും മിക്ക വൈറസുകളും കാര്‍ഡ്‌ബോര്‍ഡ് പോലുള്ള സൂക്ഷ്മ സുഷിരങ്ങളുള്ള പ്രതലത്തേക്കാള്‍ സുഷിരങ്ങളില്ലാത്ത പ്രതലങ്ങളായ സ്റ്റീലിൽ കൂടുതല്‍ സമയം ജീവിക്കുമെന്ന് അറിയാം. സുഷിരങ്ങളുള്ള പ്രതലങ്ങളുടെ ഗുണം എന്താണെന്ന് വച്ചാല്‍ അവ വൈറസിനെ സുഷിരങ്ങളില്‍ കെണിയിലാക്കും. ഇത് പ്ലാസ്റ്റിക് പോലുള്ള പ്രതലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വൈറസിന്റെ വ്യാപനത്തെ പ്രയാസകരമാക്കുന്നു.

ഏതു സാഹചര്യത്തിലും വസ്ത്രങ്ങള്‍ ശുചിയായിരിക്കുന്നത് പ്രധാനമാണ്. വസ്ത്രങ്ങളുടെ കാര്യത്തില്‍ ഒരു ഉപദേശവും ഇല്ലെന്ന് സാംക്രമിക രോഗ വിദഗ്ദ്ധനായ ഡോ. തനു സിംഘാള്‍ പറയുന്നു. ലിനന്‍ തുണികള്‍ 60-90 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടില്‍ അലക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്നത്. ഡിറ്റര്‍ജന്റുകള്‍ക്ക് വൈറസിനെ കൊല്ലാന്‍ കഴിയുമെന്നാണ് നാം കരുതുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൊറോണ വൈറസിന്റെ കാര്യത്തില്‍ അറിവൊന്നുമില്ല. രോഗം ബാധിച്ചവരുടെ വസ്ത്രങ്ങള്‍ പ്രത്യേകം അലക്കാന്‍ ശ്രദ്ധിക്കണമെന്ന് അവര്‍ പറയുന്നു.

സാധാരണ വീട്ടില്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റ് ഉപയോഗിച്ച് 60-90 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടില്‍ മെഷീനിലോ സാധാരണ അലക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ രോഗികളുടെ വസ്ത്രങ്ങളും കിടക്ക വിരികളും ടവലുകളും വൃത്തിയാക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് പറയുന്നു. നന്നായി ഉണക്കുക. രോഗാണുവുള്ള തുണി പ്രത്യേകം അലക്ക് ബാഗില്‍ സൂക്ഷിക്കുക. മലിനീകരിക്കപ്പെട്ട അലക്കുതുണി ഇളക്കരുത്. മലിനീകരിക്കപ്പെട്ട വസ്തുക്കളുമായി വസ്ത്രങ്ങളും ത്വക്കും നേരിട്ട് സമ്പര്‍ക്കത്തില്‍ വരരുതെന്നും വെബ്‌സൈറ്റ് പറയുന്നു. തുണി കൊണ്ടുള്ള മാസ്‌ക് ഉപയോഗിക്കുകയാണെങ്കില്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും അലക്കണമെന്നും വെബ്‌സൈറ്റ് കൂട്ടിച്ചേര്‍ക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook