പാർക്കർ സോളാർ പ്രോബ് വഴി സൂര്യന്റെ പുതിയ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. 2018 ഓഗസ്റ്റ് 12നു നാസ വിക്ഷേപിച്ച പാർക്കർ സോളാർ പ്രോബ്ഈ വർഷം ജനുവരി 29നു സൂര്യന് അടുത്തുകൂടി പോയിരുന്നു. സൂര്യോപരിതലത്തിൽനിന്ന് 18.6 ദശലക്ഷം കിലോ മീറ്റർ അകലെക്കൂടി മണിക്കൂറിൽ 3.93 ലക്ഷം കിലോ മീറ്റർ വേഗത്തിലാണു നാലാം തവണ പാർക്കർ കടന്നുപോയത്.
നാസയുടെ സൂര്യ പര്യവേഷണ പേടകം എടുത്ത ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സൂര്യനെക്കുറിച്ച് ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത നിരവധി പുതിയ അറിവുകളാണ് നാസയുടെ പേടകം വളരെക്കുറച്ചുകാലം കൊണ്ട് നല്‍കിയിരിക്കുന്നത്.
എന്തുകൊണ്ടാണ് ഇത് ഇന്ത്യയെ പ്രചോദിപ്പിക്കുന്നത്?
അടുത്ത വർഷം ചാന്ദ്രയാൻ-3 ദൗത്യത്തിനൊരുങ്ങുകയാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. 2022ൽ ഇന്ത്യക്കാരനെ ഇന്ത്യൻ പേടകത്തിൽ ബഹിരാകാശത്ത് എത്തിക്കാൻ ഉദ്ദേശിക്കുന്ന ഐഎസ്ആർഒ, സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദ്യ ദൗത്യത്തിനും ലക്ഷ്യമിടുന്നു. ആദിത്യ-എൽ 1 എന്ന് പേരിട്ടിരിക്കുന്ന സൗരദൗത്യം അടുത്ത വർഷം ആദ്യ ദൗത്യം വിക്ഷേപിക്കാനാണ് ഇന്ത്യ തയാറെടുക്കുന്നത്. സൂര്യനെ വളരെ അടുത്തായി നിരീക്ഷിക്കുകയും അതിന്റെ അന്തരീക്ഷത്തെയും കാന്തികക്ഷേത്രത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ശ്രീഹരിക്കോട്ടയിൽ നിന്നും പി.എസ്.എല്‍.വി-എക്സ്.എല്‍ വാഹനത്തിലായിരിക്കും ആദിത്യ-എല്‍1 വിക്ഷേപിക്കുന്നത്. 400 കിലോ ഭാരമുള്ള ഉപഗ്രഹത്തിൽ ഏഴ് പേ ലോഡുകളാണുണ്ടാവുക.
സൂര്യന്റെ ഏറ്റവും പുറത്തുള്ള പാളിയാണ് ഈ ഉപഗ്രഹമുപയോഗിച്ച് പഠിക്കുക. സോളാര്‍ കൊറോണ എന്ന് പേരുള്ള ഈ പാളിക്ക് സൂര്യന്റെ അകത്തുള്ള പാളിയെക്കാള്‍ ചൂടുള്ളതാണ്. ഇതെന്തുകൊണ്ടാണ് ഈ പ്രതിഭാസം സംഭവിക്കുന്നതെന്നും ആദിത്യ-എല്‍1 പഠിക്കും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (ഐഎഎ) ബെംഗളൂരു, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് (ഐയുസിഎഎ) പൂനെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER) കൊൽക്കത്ത എന്നീ സ്ഥാപനങ്ങൾക്കൊപ്പം ഐഎസ്ആർഒയും ചേർന്നാണ് ഇത് ഒരുക്കുന്നത്.
2015 സെപ്റ്റംബറിൽ വിക്ഷേപിച്ച ആസ്ട്രോസാറ്റിനുശേഷം ഐഎസ്ആർഒയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യമായിരിക്കും ആദിത്യ എൽ 1.
ആദ്യത്യ എൽ 1 ലക്ഷ്യങ്ങൾ
ഭൂമിക്കും സൂര്യനുമിടയിലുള്ള ലഗ്രാംജിയൻ പോയിന്റ് ഒന്നിൽ നിന്ന് സൂര്യനെക്കുറിച്ചുള്ള പഠനം നടത്താനാണു പദ്ധതി. സൂര്യനെ മുഴുവൻ സമയവും തടസിങ്ങളില്ലാതെ കാണാനാകുമെന്നതാണ് എൽ-1 പോയിന്റിന്റെ പ്രത്യേകത. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ-1.
സൂര്യന്റെ ബാഹ്യവലയങ്ങളെക്കുറിച്ചുള്ള (കൊറോണ) പഠനമാണ് ആദിത്യയുടെ മുഖ്യലക്ഷ്യം. സൂര്യന്റെ കേന്ദ്രബിന്ദുവായ ഫോട്ടോസ്ഫിയറിനേക്കാൾ കൂടുതലാണ് അവിടെ താപനില. എങ്ങനെ ഇത്രയും ഉയർന്ന താപനിലയിലെത്തിയെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ്.
ഇതിനു പുറമെ സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവ സംബന്ധിച്ച നിരീക്ഷണങ്ങളും ആദിത്യയുടെ ലക്ഷ്യങ്ങളാണ്. സൂര്യനിൽ നിന്ന് ഉദ്ഭവിച്ച് എൽ-ഒന്നിൽ എത്തുന്ന കണങ്ങളെക്കുറിച്ചുള്ള പഠനം നടത്താനുള്ള ഉപകരണങ്ങളും ആദിത്യയിലുണ്ട്. എൽ ഒന്നിനു ചുറ്റുമുള്ള ശൂന്യഭ്രമണപഥത്തിലെ കാന്തികമേഖലയുടെ ശക്തി അറിയാനുള്ള മാഗ്നറ്റിക് മീറ്ററും പേ ലോഡുകളുടെ കൂട്ടത്തിലുണ്ടാകും.
പേ ലോഡുകൾ
വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വിഇഎൽസി)-സോളർ കൊറോണയെക്കുറിച്ചുള്ള പഠനം. സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ് (എസ്യുഐടി)-സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവയുടെ ചിത്രീകരണം. ആദിത്യ സോളർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റ് (ആസ്പെക്സ്)-സൗരവാതത്തിന്റെ പ്രത്യേകതകളുടെ പഠനം.
പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പാപ)–സൗരവാതത്തിന്റെ ഘടനയെക്കുറിച്ചും ഊർജവിതരണത്തെക്കുറിച്ചുമുള്ള പഠനം. സോളർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ (എസ്ഒഎൽഇഎക്സ്എസ്)-സോളർ കൊറോണയുടെ താപനിലയെക്കുറിച്ചുള്ള പഠനം.
ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ-സോളർ കൊറോണയിലെ ഊർജവിനിയോഗത്തെക്കുറിച്ചുള്ള പഠനം. മാഗ്നറ്റോമീറ്റർ-സൗരകാന്തികമേഖലയെക്കുറിച്ചുള്ള പഠനം.