ലോകത്തെ ഏറ്റവും ഗുണനിലവാരമുള്ള അസംസ്‌കൃത എണ്ണയായ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റിന്റെ (ഡബ്ല്യു ടി ഐ) വില ന്യൂയോര്‍ക്കില്‍ ബാരലിന് പൂജ്യം ഡോളറിനു താഴേക്ക് പതിച്ച് മൈനസ് 40.32 ഡോളര്‍ ആയി. ചരിത്രത്തില്‍ അറിയപ്പെടുന്ന ഏറ്റവും കുറഞ്ഞ വില മാത്രമല്ല ഇത്. പൂജ്യത്തിനും താഴേക്ക് പോകുകയും ചെയ്തു. ബ്ലൂംബര്‍ഗ് പറയുന്നത് അനുസരിച്ച് രണ്ടാം ലോകമഹായുദ്ധ കാലത്താണ് ഇതിനുമുമ്പുള്ള ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ വിലയില്‍ എണ്ണ വാങ്ങുന്നയാള്‍ക്ക് വില്‍പനക്കാരന്‍ ഒരു ബാരലിന് 40 ഡോളര്‍ വച്ച് കൊടുക്കണം.
പക്ഷേ, അതെങ്ങനെ പ്രാവര്‍ത്തികമാകും. പൂജ്യത്തിനും താഴെ വില കുറഞ്ഞാല്‍ എന്തുചെയ്യും. എന്തുകൊണ്ടാണ് വില പൂജ്യത്തിനും താഴേക്ക് മൈനസ് അഞ്ച് ഡോളറും മൈസ് പത്ത് ഡോളറും മൈസ് 40 ഡോളര്‍ വരെ കുറഞ്ഞത്. ഇത് യുക്തിപരമല്ലാത്ത ഫലമല്ലെന്ന് ഉറപ്പാണ്.
സാഹചര്യം
കോവിഡ്-19 ആഗോള ലോക്ക്ഡൗണ്‍ അടിച്ചേല്‍പ്പിക്കുന്നതിനും മുമ്പ് തന്നെ കഴിഞ്ഞ ഏതാനും മാസങ്ങളായി അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞു വരികയായിരുന്നുവെന്ന് ആദ്യം മനസ്സിലാക്കണം. 2020-ന്റെ തുടക്കത്തില്‍ ഒരു ബാരലിന് 60 ഡോളറിന് അടുപ്പിച്ച് എത്തിയിരുന്നത് മാര്‍ച്ച് അവസാനത്തോടെ 20 ഡോളറിന് അടുത്തെത്തി.
കാരണം വളരെ വ്യക്തമാണ്. ആവശ്യത്തേക്കാള്‍ കൂടുതല്‍ ഉല്‍പാദനം ഉണ്ടാകുമ്പോഴാണ് ഒരു ഉല്‍പന്നത്തിന്റെ വില ഇടിയുന്നത്. ആഗോള തലത്തിലും അമേരിക്കയില്‍ കൂടുതലും എണ്ണ വിപണി അസാധാരണമായ വീഴ്ച്ച അഭിമുഖീകരിക്കുകയാണ്.
ചരിത്രപരമായി, ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയുടെ (ആഗോള ആവശ്യകതയുടെ 10 ശതമാനവും ഇവിടെ നിന്നാണ് വിതരണം ചെയ്യുന്നത്) നേതൃത്വത്തിലെ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ആണ് വില നിശ്ചയിക്കുന്നത്. എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് വില കുറയ്ക്കുകയും ഉല്‍പാദനം കുറച്ച് വില കൂട്ടുകയും ചെയ്യാന്‍ കഴിയുന്നത് ഒപെകിന് ആണ്.
Read Also: ഗൾഫിൽ നിന്ന് പ്രവാസികളെ ഉടൻ തിരിച്ചു കൊണ്ടുവരാനാകില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം
ഉല്‍പാദനം കുറയ്ക്കുന്നതും എണ്ണക്കിണര്‍ പൂര്‍ണമായും അടച്ചിടുന്നതും ബുദ്ധിമുട്ടേറിയ തീരുമാനമാണ്. കാരണം, ഉല്‍പാദനം പുനരാരംഭിക്കുന്നത് ചെലവേറിയതും ദുഷ്‌കരവുമാണ്. അതിലുപരി, ഒരു രാജ്യം ഉല്‍പാദനം കുറയ്ക്കുമ്പോള്‍ മറ്റു രാജ്യങ്ങളും അത് പിന്തുടര്‍ന്നില്ലെങ്കില്‍ വിപണിയില്‍ ആ രാജ്യത്തിന്റെ വിഹിതം ഇടിയും.
ഒരു മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മത്സരാധിഷ്ഠിത വിപണിയ്ക്ക് ഉദാഹരണമല്ല ആഗോള എണ്ണ വിലയുടെ നിയന്ത്രണം. സത്യത്തില്‍, എണ്ണ ഉല്‍പാദകര്‍ ഒരേ മനസോടെ പ്രവര്‍ത്തിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു എണ്ണ വിപണിയുടെ പ്രവര്‍ത്തനം.
പ്രശ്‌നങ്ങളുടെ തുടക്കം
എന്നാല്‍ മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍, വില സ്ഥിരത ഉറപ്പുവരുത്തുന്നതിന് ഉല്‍പാദനം കുറയ്ക്കാന്‍ സൗദി അറേബ്യയും റഷ്യയും വിസമ്മതിച്ചതുമൂലം ഈ സന്തോഷകരമായ കരാറിന് അന്ത്യം കുറിച്ചു. അതിന്റെ ഫലമായി, സൗദി അറേബ്യയുടെ നേതൃത്വത്തിലെ എണ്ണക്കയറ്റുമതി രാജ്യങ്ങള്‍ വില കുറച്ചു നല്‍കാന്‍ ആരംഭിച്ചു. അതേസമയം, നേരത്തേ ഉല്‍പാദിപ്പിച്ചിരുന്ന അളവില്‍ ഉല്‍പാദനം തുടരുകയും ചെയ്തു.
സാധാരണ സാഹചര്യങ്ങളില്‍ പോലും ഈ തന്ത്രം സുസ്ഥിരമല്ല. എന്നാല്‍ ലോകമെമ്പാടും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തളര്‍ത്തുകയും എണ്ണയുടെ ആവശ്യകത കുറയ്ക്കുകയും ചെയ്ത കൊറോണ വൈറസ് വ്യാപന സാഹചര്യത്തില്‍ ഈ തന്ത്രം കൂടുതല്‍ ദുരന്തം സൃഷ്ടിച്ചു. ഓരോ ദിനം കഴിഞ്ഞപ്പോഴും വികസിത രാജ്യങ്ങള്‍ കോവിഡ്-19-ന് ഇരയാകുകയും ഓരോ ലോക്ഡൗണ്‍ പ്രഖ്യാപനങ്ങളും വിമാന സര്‍വീസുകളുടേയും നിരത്തിലിറങ്ങുന്ന കാറുകളുടേയും എണ്ണം കുറച്ചു.
കോവിഡിന്റെ രംഗപ്രവേശനം
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്താല്‍ സൗദി അറേബ്യയും റഷ്യയും തമ്മിലെ തര്‍ക്കം കഴിഞ്ഞയാഴ്ച്ച പരിഹരിച്ചപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. ദിവസം ആറ് മില്ല്യണ്‍ ബാരലുകളുടെ ഉല്‍പാദനം കുറയ്ക്കാമെന്ന് എണ്ണ കയറ്റുമതി രാജ്യങ്ങള്‍ തീരുമാനിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഉൽപാദനത്തിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. എന്നിട്ടും ദിവസവും ഒമ്പത് മുതല്‍ 10 മില്ല്യണ്‍ ബാരലിന്റെ വരെ ആവശ്യകത കുറഞ്ഞുവന്നു.
Read Also: ലോക്ക്ഡൗൺ: 12 കാരി നടന്നത് 100 കിലോമീറ്റർ, വീടിനു കുറച്ചകലെയായി കുഴഞ്ഞു വീണ് മരിച്ചു
മാര്‍ച്ചിലും ഏപ്രിലിലും ഉല്‍പാദനത്തിലും ആവശ്യകതയിലുമുള്ള ഏറ്റക്കുറവ് തുടര്‍ന്നുവെന്നാണിതിന്റെ അര്‍ത്ഥം. എല്ലാ എണ്ണ ശേഖരണ സൗകര്യങ്ങളും നിറഞ്ഞു കവിഞ്ഞു. എണ്ണ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന ട്രെയിനുകളും കപ്പലുകളും വരെ എണ്ണ ശേഖരിച്ചുവയ്ക്കാന്‍ ഉപയോഗിച്ചു.
ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം 2018-ല്‍ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരായി അമേരിക്ക മാറിയിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ട് ഡൊണാള്‍ഡ് ട്രംപ് എണ്ണയുടെ വില ഉയരുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചു. മറ്റു അമേരിക്കന്‍ പ്രസിഡന്റുമാര്‍ എണ്ണയുടെ വില കുറയ്ക്കുന്നതിനുവേണ്ടിയാണ് ശ്രമിച്ചിരുന്നത്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷം.
എന്താണ് തിങ്കളാഴ്ച സംഭവിച്ചത്?
മെയ് മാസത്തേക്കുള്ള ഡബ്ല്യു ടി ഐയുടെ വിതരണത്തിനുള്ള കരാറിലേര്‍പ്പെടേണ്ട അവസാന തിയതി ഏപ്രില്‍ 21 ആണ്. അവസാന തിയതി അടുത്തുവരുന്നതിന് അനുസരിച്ച് വിലയും ഇടിഞ്ഞു തുടങ്ങി. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു.
തിങ്കളാഴ്ചയോടെ, എണ്ണ ഉല്‍പാദനം കുറയ്ക്കുന്നതിന് പകരം തലവേദന ഒഴിവാക്കാന്‍ നിരവധി എണ്ണ ഉല്‍പാദകര്‍ അവിശ്വസനീയമായതരത്തില്‍ വില കുറച്ചു. കാരണം, മെയ് മാസത്തിലെ വില്‍പനയിലെ നഷ്ടവുമായി തട്ടിച്ചു നോക്കുമ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിയിട്ട് പുനരാരംഭിക്കുന്നതിനുള്ള ചെലവ് കൂടുതലാണ്.
ഉപഭോക്താവിന്റെ വശത്ത് നിന്ന് നോക്കുകയാണെങ്കില്‍, ഈ കരാറുകള്‍ സൂക്ഷിക്കുന്നതും വലിയൊരു തലവേദനയാണ്. ഓര്‍ഡര്‍ ചെയ്ത എണ്ണ എടുക്കേണ്ടി വന്നാല്‍ അത് സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ കൂടുതല്‍ എണ്ണ വാങ്ങുന്നത് ഒഴിവാക്കാന്‍ കരാര്‍ കൈവശമുള്ളവരും ശ്രമിച്ചു.
ഉല്‍പാദകര്‍ വിതരണം ചെയ്യുന്ന എണ്ണ സ്വീകരിക്കുന്നത് കൂടുതല്‍ ചെലവിന് കാരണമാകുമെന്ന് കരാറുകാര്‍ തിരിച്ചറിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ക്ക് കരുതുന്നതിലും കൂടുതല്‍ കാലം എണ്ണ സൂക്ഷിക്കേണ്ടി വരികയും കടത്തുകൂലി നല്‍കേണ്ടിയും വരും.
വാങ്ങലുകാരുടേയും വില്‍പനക്കാരുടേയും ഈ ആശങ്ക കാരണം എണ്ണയുടെ വില പൂജ്യവും അതിനു താഴേക്കും പോകുന്നതിന് കാരണമായി. രണ്ടു കൂട്ടര്‍ക്കും ഇത് ലാഭകരമായി.
മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യം, അമേരിക്കന്‍ വിപണിയില്‍ മെയ് മാസത്തിലെ ഡബ്ല്യു ടി ഐയുടെ വില വളരെ കുറവായിരിക്കുമെന്നതാണ്. എല്ലായിടത്തും എണ്ണ വില കുറഞ്ഞുവെങ്കിലും ഇത്രയും കുറഞ്ഞിട്ടില്ല. അതിലുപരി, ഇപ്പോഴത്തേയ്‌ക്കെങ്കിലും ജൂണിലെ എണ്ണ വില ബാരലിന് 20 ഡോളര്‍ ആയിരിക്കുമെന്ന് ഉറപ്പിക്കാം.
Read Also: ധോണിയും കോഹ്‌ലിയുമല്ല; ഇഷ്ട നായകൻ ആരെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്
ഇതൊരു ഒറ്റപ്പെട്ട സംഭവമാകാം. ഉല്‍പാദകര്‍ ഉല്‍പാദനം കുറച്ചാല്‍ ഇത് ആവര്‍ത്തിക്കുകയില്ല. എന്നാല്‍, തിങ്കളാഴ്ചത്തെ നാടകം ആവര്‍ത്തിക്കുകയില്ലെന്ന് ഒരാള്‍ക്ക് പറയാനുമാകില്ല. കാരണം, കോവിഡ്-19 വ്യാപനം തുടരുകയും എണ്ണയുടെ ആവശ്യകത ദിനംപ്രതി കുറയുകയും ചെയ്യുന്നു.
ആവശ്യകതയും ഉല്‍പാദനവും തമ്മിലെ വ്യത്യാസമാണ് എണ്ണ വിലയുടെ വിധി തീരുമാനിക്കുന്നത്.