ലോകമെമ്പാടും പടര്‍ന്നു കഴിഞ്ഞ കൊറോണവൈറസ് നാലായിരത്തിലേറെ പേരുടെ ജീവന്‍ കവര്‍ന്നു. ഒരു ലക്ഷത്തില്‍ അധികം പേരെ ബാധിക്കുകയും ചെയ്തു. ഈ വൈറസിനുള്ള ചികിത്സയും വാക്‌സിനും കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞന്മാര്‍.

ഏറ്റവും ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങളെ നോക്കിക്കണ്ടാലും അടുത്ത വര്‍ഷത്തിനുമുമ്പ് ചികിത്സയും വാക്‌സിനുമെത്തുമെന്ന പ്രതീക്ഷയില്ല. പുതിയ വൈറസിന്റെ ജനിതക ഘടന വിശകലനം ചെയ്യുന്നതിനുള്ള ശ്രമം ആഗോള തലത്തില്‍ നടക്കുന്നുണ്ട്.

ഏതുതരം ജനിതക വിവരമാണ് പഠിക്കുന്നത്?

വിവിധ രാജ്യങ്ങളിലെ പരീക്ഷണശാലകള്‍ വൈറസിന്റെ ജനിതക ഘടന വേര്‍തിരിച്ചെടുത്ത് ഒരു അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുമായി പങ്കുവയ്ക്കുന്നുണ്ട്. ഒരു ജീവിയുടെ ഡിഎന്‍എ സീക്വന്‍സ് മുഴുവന്‍ മനസിലാക്കുന്ന പ്രക്രിയയാണ് ജനിതക ഘടന സീക്വന്‍സിങ്. ഏതൊരു ജീവജാലത്തിന്റെയും ജനിതക വസ്തുവിന്റെ സവിശേഷമായ പ്രത്യേകതയാണ് ജനിതക ഘടന. ഉദാഹരണമായി മറ്റ് ഇന്‍ഫ്‌ളുവന്‍സ വൈറസുകളില്‍നിന്നു വ്യത്യസ്തമാണ് പുതിയ കൊറോണ വൈറസിന്റെ ജനിതക ഘടന. എല്ലാ ജീവജാലങ്ങളിലും ജനിതക ഘടന വ്യത്യസ്തമായിരിക്കും.

ഇതുവരെ കൊറോണ വൈറസിന്റെ 326 സെറ്റ് ജനിതക വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യ ഇതുവരെ ജനിതക ഘടനയുടെ രണ്ട് സെറ്റുകള്‍ നല്‍കി. ചൈനയിലെ വുഹാനിലെ രോഗികളില്‍നിന്നു ശേഖരിച്ച വൈറസിന്റെ ഘടനയുമായി സമാനമായ ഘടനയാണ് ഇന്ത്യ നല്‍കിയ സെറ്റുകളിലുള്ളത്.

പിന്നെന്തു കൊണ്ട് നിരവധി ജീനോം ഘടനകള്‍ വേര്‍തിരിച്ചെടുക്കുന്നു

വൈറസ് പ്രത്യുല്‍പാദനം നടത്തുമ്പോള്‍ ജനിതക വിവരം പകര്‍ത്തി അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യുന്ന സംവിധാനമുണ്ട്. എന്നാല്‍ ഒരു പകര്‍ത്തല്‍ സംവിധാനവും കൃത്യമല്ല. വൈറസ് പ്രത്യുല്‍പ്പാദനം നടത്തുമ്പോള്‍ ജനിതക വിവരങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരും. അതിനെയാണ് ഉള്‍പരിവര്‍ത്തനം എന്ന് പറയുന്നത്. വളരെ നാളുകള്‍ കൊണ്ടുണ്ടാകുന്ന ഉള്‍പരിവര്‍ത്തനങ്ങള്‍ കാരണം പുതിയ ജീവിയായി മാറാം. ഒരൊറ്റ പ്രത്യുല്‍പ്പാദനത്തിലുണ്ടാകുന്ന മാറ്റം വളരെ ചെറുതാണ്. ജീനിന്റെ ഘടനയില്‍ 95 ശതമാനത്തില്‍ കൂടുതലും ഒരേപോലെ ആയിരിക്കും.

എന്നിരുന്നാലും ജീവജാലത്തിന്റെ പ്രകൃതവും സ്വഭാവവും മനസിലാക്കുന്നതില്‍ ഈ ചെറിയ മാറ്റങ്ങള്‍ വളരെ നിര്‍ണായകമാണ്. കൊറോണ വൈറസിന്റെ കാര്യത്തില്‍ ഉത്ഭവം, പ്രസരണം, രോഗിയില്‍ വൈറസുണ്ടാക്കുന്ന ആഘാതം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കും. വ്യത്യസ്ത ആരോഗ്യ സ്ഥിതിയുള്ള രോഗികളില്‍ വൈറസുണ്ടാക്കുന്ന വ്യത്യസ്തമായ ഫലങ്ങളെക്കുറിച്ചുള്ള സൂചനകളും ഇതില്‍ അടങ്ങിയിരിക്കും.

Read Also: കൊറോണ ഐപിഎല്ലിനും മഹാമാരിയാകുമോ? ആശങ്കയോടെ ഫ്രാഞ്ചൈസികൾ

ചൈന, ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ കുറച്ച് പോസിറ്റീവ് കേസുകളേയുള്ളൂ. ലോകത്തെ വിവിധ പരീക്ഷണശാലകളില്‍നിന്ന് ഓരോ ദിവസവും 20 മുതല്‍ 30 ജീനോം ഘടനകള്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഒരേ സാഹചര്യത്തിലുള്ള രോഗികളില്‍നിന്നുള്ള വൈറസുകളില്‍ കാര്യമായ ജനിതക ഘടനാ മാറ്റം ഉണ്ടാകുകയില്ല.

ഉദാഹരണമായി, കഴിഞ്ഞ മാസം ദുബായ് സന്ദര്‍ശിച്ച മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘത്തില്‍പ്പെട്ടവരില്‍ രോഗം ബാധിച്ചവരിലെ വൈറസിന് സമാനമായ ജനിതക ഘടനയുണ്ടാകും. അതിനാല്‍, ഈ ഗ്രൂപ്പില്‍നിന്ന് ഒന്നോ രണ്ടോ ഘടന സീക്വന്‍സ് മതിയാകും. നിലവിലെ മെഡിക്കല്‍ സാഹചര്യത്തിലെ രോഗികളാണ് മറ്റൊരു കൂട്ടര്‍. ഇവരില്‍നിന്നു ശേഖരിക്കുന്ന വൈറസിന്റെ ജനിതക ഘടന ആ മെഡിക്കല്‍ സാഹചര്യത്തില്‍ വൈറസ് എങ്ങനെ പ്രവര്‍ത്തിച്ചുവെന്നതിന്റെ സൂചന നല്‍കും.

ചില രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ ജനിതക ഘടനാ സ്വീക്വന്‍സുകള്‍ നല്‍കുന്നുണ്ട്. ചൈന ഇതിനകം 120 സ്വീക്വന്‍സുകള്‍ നല്‍കി. പക്ഷേ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വീക്വന്‍സുകള്‍ ലഭിക്കുന്നില്ല. അമേരിക്ക 43 ജനിതക സ്വീക്വന്‍സുകള്‍ നല്‍കി. അതേസമയം, നെതര്‍ലന്‍ഡ്‌സും ഇംഗ്ലണ്ടും 25 എണ്ണം വീതം നല്‍കി.

പുതിയ സാങ്കേതിക ഉപകരണങ്ങള്‍ ജനിതക സീക്വന്‍സുകള്‍ മുഴുവനായും എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാം. പരമ്പരാഗത രീതികള്‍ ഉപയോഗിക്കുമ്പോള്‍ രണ്ടാഴ്ചയോളമെടുക്കും. എന്നാല്‍ പുതിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് രണ്ട്, മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വേര്‍തിരിക്കാം.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കൊറോണ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയയശേഷം രോഗബാധിതരായി തൃശൂരിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുകയും രോഗം ഭേദമായി തിരികെ വീട്ടിലേക്ക് പോകുകയും ചെയ്ത രോഗികളില്‍ നിന്നും ശേഖരിച്ച വൈറസില്‍ നിന്നുള്ളവയാണ് ഇന്ത്യ നല്‍കിയ ജനിതക ഘടനകള്‍.

നിലവില്‍, ഏറ്റവും ഫലപ്രദമായ മരുന്നെന്താണ്?

ഇപ്പോള്‍, ശാസ്ത്രജ്ഞര്‍ക്ക് അറിയില്ല. ഒരു ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ചികിത്സയില്ലാത്തതു പുതിയ ചികിത്സയും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴാണ് ഒരു മരുന്ന് ഫലപ്രദമാണോയെന്ന് പരീക്ഷിക്കാനുള്ള മാതൃകപരമായ മാര്‍ഗം.

പരീക്ഷണങ്ങളില്‍ ധാരാളം പേരില്‍നിന്നു വിവരങ്ങള്‍ ലഭിക്കും. മരുന്ന് വികസിപ്പിക്കാനുള്ള നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വളരെ പെട്ടെന്ന് വിജയിക്കാനുള്ള സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Read Also: സിഎഎ പ്രക്ഷോഭകരുടെ ചിത്രങ്ങളുമായി പോസ്റ്റര്‍: യുപി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ നിയമങ്ങളില്ലെന്നു സുപ്രീം കോടതി

ഇപ്പോള്‍ മറ്റ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കോവിഡ് 19 രോഗികളില്‍ പ്രയോഗിക്കുകയാണ് ചെയ്യുന്നത്. ഈ മരുന്നുകള്‍ ഫലിച്ചാല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വേണ്ടിവരും. അതിനുശേഷമേ, ജനങ്ങള്‍ക്കെല്ലാവര്‍ക്കും ലഭ്യമാക്കുകയുള്ളൂ. പല രോഗികളിലും പനി, ശരീര വേദന, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സ മതിയാകും. ഗുരുതരമായ കേസുകളില്‍ ഓക്‌സിജന്‍ വേണ്ടി വരികയും ഉപകരണങ്ങളുടെ സഹായത്തോടെ ശ്വസിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും വേണ്ടിവരും.

ഗുരുതരമായ കേസുകള്‍ക്ക് പുതിയ മരുന്നുകള്‍ ഫലപ്രദമാകുമെന്ന് ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ ഗഗന്‍ദീപ് കാംഗ് പറയുന്നു. എങ്കിലും ഈ മരുന്നുകള്‍ ലഭിക്കുന്നതിന് എത്രനാള്‍ കാത്തിരിക്കണമെന്ന് കണ്ടറിയണമെന്ന് അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook