/indian-express-malayalam/media/media_files/uploads/2020/04/explained-fi-1.jpg)
ഇതുവരെയുള്ള പ്രവണതകള്‍ അനുസരിച്ച് കോവിഡ്-19 ബാധിച്ച് സ്ത്രീകളേക്കാള്‍ കൂടുതല്‍ മരിക്കുന്നത് പുരുഷന്‍മാരാണ്. ഉത്തരം കിട്ടാത്ത ചോദ്യമായി ഇതുതുടരുന്നുവെങ്കിലും സ്ത്രീകളിലെ രണ്ട് ലൈംഗിക ഹോര്‍മോണുകളാണോ ഇതിന് കാരണമെന്ന ചോദ്യത്തിന് ഉത്തരം തേടി അമേരിക്കയില്‍ പരീക്ഷണം നടത്തുന്നതായി കഴിഞ്ഞ രണ്ട് ദിവസമായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
പ്രവണതകളും സിദ്ധാന്തങ്ങളും
വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും നിലനില്‍ക്കുന്ന പ്രവണതകളെ കുറിച്ച് അനവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. പുരുഷന്‍മാരിലെ മരണ നിരക്ക് 2.8 ശതമാനവും സ്ത്രീകളിലേത് 1.7 ശതമാനവും ആണെന്ന് വുഹാനിലേയും ഹുബേയിലേയും ചൈനയിലെ മൊത്തത്തിലേയും കണക്കുകള്‍ പരിശോധിച്ച് ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അതിനുശേഷം ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജര്‍മ്മനി, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കുകളും സമാനമായ പ്രവണത കാണിക്കുന്നു. യുകെയിലെ ദേശീയ സ്ഥിതിവിവര ഓഫീസില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് കോവിഡ്-19 മൂലം സ്ത്രീകളുടെ ഇരട്ടി പുരുഷന്‍മാര്‍ മരിച്ചിട്ടുണ്ട്. 70-79, 80-89 പ്രായപരിധിയിലെ പുരുഷന്‍മാരുടെ മരണനിരക്ക് കൂടുതലാണെന്ന് ഓസ്‌ത്രേലിയയുടെ ആരോഗ്യ വകുപ്പിന്റെ ദിനംപ്രതിയുള്ള കണക്കുകള്‍ പറയുന്നു.
ഇന്ത്യ ആണ്‍-പെണ്‍ തിരിച്ചുള്ള രോഗികളുടേയോ മരിച്ചവരുടെയോ കണക്കുകള്‍ പുറത്തുവിടുന്നില്ല.
ഈ പ്രവണത വ്യക്തമായതിനാല്‍ ലൈംഗിക ഹോര്‍മോണുകളാണ് പുരുഷന്‍മാരെക്കാള്‍ മികച്ച രീതിയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സ്ത്രീകളെ സഹായിക്കുന്നതെന്ന വാദം ഉയര്‍ന്നുവന്നു. ജീവശാസ്ത്രവുമായി ബന്ധപ്പെട്ട മറ്റു സിദ്ധാന്തങ്ങളിലൊന്ന് സ്ത്രീകളുടെ ജനിതക വസ്തുവില്‍ രണ്ട് എക്‌സ് ക്രോമസോമുണ്ട് (പുരുഷന്‍മാരില്‍ ഒരെണ്ണമേയുള്ളു. ഒരു എക്‌സും ഒരു വൈ ക്രോമസോമുമാണ് പുരുഷന്‍മാരിലുള്ളത്). രോഗപ്രതിരോധവുമായി ബന്ധപ്പെട്ട മിക്ക ജീനുകളും അടങ്ങിയിരിക്കുന്നത് എക്‌സ് ക്രോമസോമിലാണ്. അതിന്റെ അര്‍ത്ഥം സ്ത്രീകള്‍ക്ക് രോഗപ്രതിരോധശേഷി കൂടുതലാണെന്നാണ്.
മറ്റു സിദ്ധാന്തങ്ങള്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ജീവിതശൈലിയിലും കാഴ്ച്ചപ്പാടുകളിലുമാണ്. പുരുഷന്‍മാര്‍ പുകവലിക്കുകയും അപകടങ്ങളെ അഭിമുഖീകരിക്കാന്‍ സന്നദ്ധതയുള്ളവരുമാണ്. രോഗത്തിനെതിരെ വേണ്ടത്ര പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാത്തതും ഇതില്‍പ്പെടും.
ഹോര്‍മോണുകള്‍
ഒരു സ്ത്രീയെ നിര്‍വചിക്കുന്ന രണ്ട് പ്രധാന ലൈംഗിക ഹോര്‍മോണുകളാണ് ഈസ്‌ട്രോജനും പ്രോജസ്‌ട്രോണും. സ്ത്രീയുടെ ശാരീരിക പ്രത്യേകതകളുണ്ടാകുന്നതിന് ഈസ്‌ട്രോജന്‍ സഹായിക്കുന്നു. കൂടാതെ, പ്രത്യുല്‍പാദന സംവിധാനത്തേയും പരിപാലിക്കുന്നു. ആര്‍ത്തവ ചക്രത്തിന്റെ രണ്ടാം പകുതിയില്‍ താല്‍ക്കാലിക അന്തസ്രാവ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന പ്രോജസ്‌ട്രോണ്‍ അണ്ഡോത്സര്‍ജത്തിനുശേഷം ഗര്‍ഭധാരണത്തിനുവേണ്ടി ശരീരത്തെ തയ്യാറാക്കുന്നു. ചെറിയതോതില്‍ പുരുഷന്‍മാരുടെ ശരീരത്തിലും ഈസ്‌ട്രോജനും പ്രോജസ്‌ട്രോണും ഉല്‍പാദിപ്പിക്കുന്നുണ്ട്.
ഈ ഹോര്‍മോണുകളാണ് സ്ത്രീയെ കോവിഡ് പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതെന്ന സിദ്ധാന്തത്തിനുള്ള തെളിവുകള്‍ അമേരിക്കയിലെ രണ്ട് സംഘങ്ങള്‍ തേടുന്നുണ്ട്. ന്യൂയോര്‍ക്കിലെ സ്‌റ്റോണി ബ്രൂക്ക് സര്‍വകലാശാലയിലെ ഒരു സംഘം ചെറിയ ഡോസ് ഈസ്‌ട്രോജന്‍ പുരുഷ രോഗികളില്‍ കുത്തിവച്ച് പരീക്ഷണം ആരംഭിച്ചു. ലോസ് ആഞ്ചലസിലെ സെഡാഴ്‌സ്-സിനായ് മെഡിക്കല്‍ സെന്റര്‍ പ്രോജസ്‌ട്രോണ്‍ പുരുഷന്‍മാരില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു.
ഈസ്‌ട്രോജന്‍ പരീക്ഷണങ്ങള്‍ക്കായി കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നുണ്ട്. പതിവ് ചികിത്സാരീതികള്‍ നല്‍കുന്ന രോഗികളില്‍ നിന്നും വ്യത്യസ്തമായി ഈസ്‌ട്രോജന്‍ നല്‍കുന്ന രോഗികളില്‍ രോഗത്തിന്റെ തീവ്രത കുറയുന്നുണ്ടോയെന്നാണ് നിരീക്ഷിക്കുന്നതെന്ന് യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പറയുന്നു. കോവിഡ്-19 രോഗികള്‍ക്ക് ഏഴ് ദിവസത്തേക്കാണ് ത്വക്കിലൂടെ ഈസ്‌ട്രോജന്‍ കടത്തിവിടുന്നതെന്ന് നാഷണല്‍ ലൈബ്രറി വിശദീകരിക്കുന്നു.
ഐസിയുവില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ ഗുരുതരമാകുന്നത് പുരുഷന്‍മാരാണെന്ന് സെഡാഴ്‌സ് സിനായിലെ പ്രോജസ്‌ട്രോണ്‍ പരീക്ഷണത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ഡോക്ടര്‍ സാറാ ഗന്ദേഹരി പറയുന്നുവെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ, ഗര്‍ഭിണികളില്‍ (അവരുടെ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ ഈസ്‌ട്രോജന്‍, പ്രോജസ്‌ട്രോണ്‍ സാന്നിദ്ധ്യമുണ്ട്) രോഗലക്ഷണങ്ങള്‍ കുറവാണ്. അതിനാല്‍ സ്ത്രീകള്‍ സംരക്ഷിക്കപ്പെടുന്നതില്‍ എന്തോ കാരണമുണ്ട്. ഗര്‍ഭം ഒരു സംരക്ഷിതകവചമാകുന്നതിലും കാരണമുണ്ട്. അതാണ് ഹോര്‍മോണിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്, അവര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
മറുവാദം
പ്രത്യുല്‍പാദനശേഷിയുള്ള പ്രായത്തിലാണ് സ്ത്രീകള്‍ ഈസ്‌ട്രോജനും പ്രോജസ്‌ട്രോണും ഉല്‍പാദിപ്പിക്കുന്നതെന്നും ആര്‍ത്തവം നിലച്ചതിനുശേഷം അവയുടെ അളവ് വലിയതോതില്‍ കുറയും. അതിനാല്‍, ഈ ഹോര്‍മോണുകളാണ് സ്ത്രീകളെ സംരക്ഷിക്കുന്നതെങ്കില്‍ വയോധികരായ സ്ത്രീകളില്‍ ഈ പ്രവണ ഉണ്ടാകില്ല. എന്നിരുന്നാലും, വയോധികരായ പുരുഷന്‍മാരേക്കാളും കൂടുതല്‍ വയോധികരായ സ്ത്രീകള്‍ രോഗമുക്തി നേടുന്നുണ്ട്.
രോഗപ്രതിരോധത്തിലെ ലിംഗ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുന്ന ചില വിദഗ്ദ്ധര്‍ ഒരു മാന്ത്രിക മരുന്നെന്ന നിലയില്‍ ഹോര്‍മോണുകള്‍ പരാജയപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജീവിതകാലം മുഴുവന്‍ നമുക്ക് ഈ വ്യത്യാസം കാണമെന്ന് ജോണ്‍ ഹോപ്കിന്‍സ് ബ്ലൂംബര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തില്‍ വൈറന്‍ പനികളിലേയും വാക്‌സിനേഷനിലേയും ലിംഗ വ്യത്യാസത്തെക്കുറിച്ച് പഠിക്കുന്ന സബ്രാ ക്ലീന്‍ പറയുന്നു. വയോധികരായ പുരുഷന്‍മാരില്‍ രോഗം ഇപ്പോഴും ആനുപാതികമല്ലാതെ ബാധിക്കുന്നുണ്ട്. ജനിതകമായ എന്തോ ആണ് കാരണമെന്ന് ഞാന്‍ കരുതുന്നു. അല്ലെങ്കില്‍ മറ്റൊന്നു. ഹോര്‍മോണ്‍ കൊണ്ട് മാത്രമല്ല അത്, അവര്‍ കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us