scorecardresearch

ക്യൂബയിൽ സർക്കാരിനെതിരെ വൻ പ്രക്ഷോഭം; പിന്നിലെന്ത്?

പ്രതിഷേധക്കാർ “സ്വാതന്ത്ര്യം” എന്ന മുദ്രാവാക്യം ഉയർത്തി പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ സ്ഥാനമൊഴിയണമെന്ന് ആഹ്വാനം ചെയ്താണ് പ്രതിഷേധിച്ചത്

ക്യൂബയിൽ സർക്കാരിനെതിരെ വൻ പ്രക്ഷോഭം; പിന്നിലെന്ത്?

കൊച്ചു ദ്വീപ് രാഷ്ട്രമായ ക്യൂബയിൽ ആയിരക്കണക്കിന് ആളുകളാണ് ഞായറാഴ്ച കമ്യൂണിസ്റ്റ് സർക്കാരിനെതിരെ തെരുവിലിറങ്ങിയത്. മൂന്ന് പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമാണിത്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, ഭക്ഷണം, വൈദ്യസഹായം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളുടെ അഭാവം എന്നിവ ചൂണ്ടികാണിച്ചു നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ധാരാളം ആളുകളെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്.

പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവന ഇറക്കിയിരുന്നു. “മഹാമാരിയുടെ പിടിയിൽനിന്നും ക്യൂബയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ പതിറ്റാണ്ടുകളുടെ അടിച്ചമർത്തലുകളിൽ നിന്നും സാമ്പത്തിക ദുരിതങ്ങളിൽ നിന്നും സ്വാതന്ത്ര്യത്തിനും ആശ്വാസത്തിനും വേണ്ടിയുള്ള ക്യൂബൻ ജനതയുടെ ആഹ്വാനത്തിൽ അവരോടൊപ്പം ഞങ്ങൾ നിലകൊള്ളുന്നു,” എന്നാണ് പ്രസ്താവനയിൽ പറഞ്ഞത്.

യഥാർത്ഥത്തിൽ, ക്യൂബൻ സർക്കാർ തദ്ദേശീയമായി വികസിപ്പിച്ച സോബറാന (സോവറിൻ) എന്ന വാക്സിൻ രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികളിൽ 91 ശതമാനം ഫലപ്രദമാണെന്ന് അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞതായി പ്രഖ്യാപിച്ചതിന് കുറച്ചുദിവസങ്ങൾക്ക് ശേഷമാണ് പ്രതിഷേധം ആരംഭിച്ചത്.

ക്യൂബ ഇതുവരെ കോവിഡ് വാക്സിനുകൾ ഇറക്കുമതി ചെയ്തിട്ടില്ല. എന്നാൽ അധികൃതർ പരീക്ഷണ വാക്സിനുകൾ നൽകുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ 11.2 ദശലക്ഷം ജനങ്ങളിൽ 1.5 ദശലക്ഷം പേർക്ക് ഇതുവരെ പൂർണമായി വാക്സിൻ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

സോബറാനക്ക് പുറമെ നാല് വാക്സിനുകൾ കൂടി ക്യൂബ നിർമിക്കുന്നുണ്ട്. അംഗീകാരം ലഭിച്ചാൽ, കോവിഡിനെതിരെ സ്വന്തമായി വാക്സിനുകൾ നിർമിക്കുകയും വികസിപ്പിക്കുകയും ചെയ്ത ആദ്യത്തെ ലാറ്റിൻ അമേരിക്കൻ രാജ്യമായി ക്യൂബ മാറും. എന്നിരുന്നാലും, ഡെൽറ്റ വകഭേദത്തിന്റെ വരവ് കോവിഡ് കേസുകളുടെ വർധനവിന് കാരണമായത് കോവിഡിനെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. ക്യൂബയിൽ ഞായറാഴ്ച 6,923 കോവിഡ് -19 കേസും 47 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇത് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയതിന്റെ ഇരട്ടിയാണ്.

കോവിഡിനൊപ്പം രാജ്യത്ത് വ്യാപകമായ സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിട്ടുണ്ട്. അടുത്തിടെ മലേഷ്യ ചെയ്തപോലെ, ക്യൂബക്കാർ കഴിഞ്ഞ വർഷം മുതൽ അവരുടെ വീടുകൾക്കു പുറത്ത് സാമ്പത്തിക ദുരിതം അറിയിക്കാനും സഹായം ആവശ്യമാണെന്ന് അറിയിക്കുന്നതിനും വെള്ള പതാകകൾ (ബെൻഡെരാപുതി) സ്ഥാപിക്കുന്നുണ്ട്.

ക്യൂബയിൽ എന്തുകൊണ്ടാണ് പ്രതിഷേധം?

കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി കമ്യൂണിസ്റ്റ് ഭരണമാണ് ക്യൂബയിൽ. സ്പാനിഷ് സംസാരിക്കുന്ന ഏകദേശം 11 ദശലക്ഷം ജനങ്ങളാണ് ക്യൂബയിലുള്ളത്. 10,000 കോടി ഡോളറാണ് രാജ്യത്തിന്റെ ജിഡിപി. രാജ്യത്തിന്റെ പ്രതിശീർഷ ജിഡിപി ഏകദേശം 8,000 ഡോളറാണ്. നോൺ പ്രോഫിറ്റ് കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് (സിഎഫ്ആർ) ന്റെ വിവരമനുസരിച്ച് രാജ്യത്ത് ഭൂരിപക്ഷം ക്രിസ്ത്യാനികളാണ്.

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം മൂലം ക്യൂബ ദുരിതമനുഭവിച്ചിരുന്നു. 2020ൽ രാജ്യത്തിന്റെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 11 ശതമാനം ചുരുങ്ങി. അത് അരി മുതലായ അടിസ്ഥാന കാര്യങ്ങളുടെ അഭാവത്തിലേക്ക് എത്തിച്ചു. മൂന്ന് പതിറ്റാണ്ടിനു ശേഷമുള്ള ഏറ്റവും മോശം സാഹചര്യമായിരുന്നു അത്.

Read Also: Kappa variant of Covid-19: കോവിഡ്-19 കാപ്പ വകഭേദം: അറിയേണ്ടതെല്ലാം

റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം രാജ്യത്തെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയുടെ ഇടയിലാണ് സർക്കാർ വിരുദ്ധ പ്രതിഷേധം ഉയർന്നുവന്നിരിക്കുന്നത്.

പ്രതിഷേധക്കാർ “സ്വാതന്ത്ര്യം” എന്ന മുദ്രാവാക്യം ഉയർത്തി പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ സ്ഥാനമൊഴിയണമെന്ന് ആഹ്വാനം ചെയ്താണ് പ്രതിഷേധിച്ചത്. “പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് ഭരണത്തിലുള്ള രാജ്യത്ത് നടന്ന ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ ഹവാനയിൽ നിന്ന് സാന്റിയാഗോ വരെയുള്ള തെരുവിൽ ആയിരക്കണക്കിന് ക്യൂബൻ ജനത ഞായറാഴ്ച പങ്കുചേർന്നു” എന്ന് റിപ്പോർട്ടിൽ പറയുന്നു.

ശരിക്കും പറഞ്ഞാൽ, ഭക്ഷ്യക്ഷാമം, കോവിഡ് കേസുകൾ, രാജ്യത്തെ കടുത്ത വൈദ്യുതി തടസങ്ങൾ എന്നിവക്കെതിരെയാണ് ക്യൂബക്കാർ പ്രതിഷേധിക്കുന്നത്, ഈ സാഹചര്യങ്ങളെ നേരിടാൻ ക്യൂബൻ സർക്കാർ പരാജയപ്പെട്ടതാണ് കാരണം. വ്യാപാരികൾക്കും ടാക്സി ഡ്രൈവർമാർക്കും പ്രധാന വരുമാന മാർഗങ്ങളിലൊന്നായിരുന്ന ടൂറിസം കോവിഡ് കാരണം ഇല്ലാതായി

സർക്കാർ എന്താണ് ചെയ്യുന്നത്?

പ്രതിഷേധങ്ങളെ ഡയസ്-കാനൽ കുറ്റപ്പെടുത്തി. ‘ആത്മാർത്ഥരായ പ്രതിഷേധക്കാരെ’ അമേരിക്ക സംഘടിപ്പിച്ച് സോഷ്യൽ മീഡിയ ക്യാമ്പയിനുകളിലൂടെയും കൂലിക്ക് ആളുകളെ തെരുവിലിറക്കിയും ‘കൃത്രിമം കാണിച്ചു’ എന്ന് പ്രസിഡന്റ് ആരോപിച്ചു. പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകിയ പ്രസിഡന്റ്, അതിനെ പിന്തുണക്കുന്നവരോട് നടപടി നേരിടാൻ ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിന് സർക്കാർ ചില നടപടികൾ കൈക്കൊണ്ടിട്ടുണ്ട്, എന്നാൽ അതിന്റെ ഫലം ഇനിയും പ്രകടമായിട്ടില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മിക്ക മേഖലകളിലും സ്വകാര്യ ബിസിനസുകൾ നടത്താൻ അനുവദിക്കുമെന്ന് സർക്കാർ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു.

Also Read: കടുത്ത സാമ്പത്തിക പ്രതിസന്ധി; മറികടക്കാൻ സ്വകാര്യവത്കരണ നടപടികളുമായി കമ്യൂണിസ്റ്റ് ക്യൂബ 

പുതിയ പരിഷ്‌കാരങ്ങൾ പ്രകാരം രാജ്യത്തെ അംഗീകൃത വ്യവസായങ്ങളുടെ എണ്ണം 127 ൽ നിന്ന് രണ്ടായിരത്തിലേറെയായി ഉയർന്നുവെന്നും വളരെ കുറച്ചു വ്യവസായങ്ങളിൽ മാത്രമാണ് സർക്കാരിന്റെ ആധിപത്യം തുടരുന്നതെന്നും തൊഴിൽ മന്ത്രി എലീന ഫൈറ്റോ പറഞ്ഞു.

അതേസമയം, 2020 ആഗസ്റ്റിൽ പ്രഖ്യാപിച്ച ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കിയാൽ, ചെറുകിട ബിസിനസുകൾ വിപുലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് സ്വകാര്യ മേഖലയെ ടൂറിസത്തിനും ചെറുകിട ഫാമുകൾക്കും അപ്പുറത്തേക്ക് വളരാൻ അനുവദിക്കും.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Explained cuba anti government protests

Best of Express