കോവിഡ്-19 മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ ചടങ്ങുകളൊന്നുമില്ലാതെ ഏറ്റവുമടുത്ത ശ്മശാനത്തില്‍ ദഹിപ്പിക്കണമെന്ന് കഴിഞ്ഞയാഴ്ച്ച ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്പറേഷന് ഒരു സര്‍ക്കുലര്‍ പുറത്തിറക്കി. പിന്നീട് സര്‍ക്കുലറില്‍ ഭേദഗതി വരുത്തി. സംസ്കാരം നടത്തുന്ന ശ്മശാനങ്ങള്‍ വളരെ വലുതാണെങ്കില്‍ മൃതദേഹങ്ങള്‍ കുഴിച്ചിടാനും അനുവദിച്ചു.
എന്തുകൊണ്ട് ഉത്തരവിറക്കി?
1897-ലെ പകര്‍ച്ചവ്യാധി നിയമ പ്രകാരം കോവിഡ്-19 മഹാമാരി തടയുന്നതിന് ഉത്തരവിടാനുള്ള അധികാരമുള്ള ഓഫീസര്‍മാരില്‍ ഒരാളാണ് മുന്‍സിപ്പല്‍ കമ്മീഷണര്‍. നിലവിലെ ശ്മശാനങ്ങള്‍ ജനസാന്ദ്രത കൂടിയ സ്ഥലത്താണെന്നും അതിനാല്‍ സമീപത്തെ ജനങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നുമുള്ള കാര്യം ഒരു സമുദായ നേതാവ് തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് കമ്മീഷണര്‍ പറയുന്നു. വലിയ ശ്മശാനങ്ങളില്‍ മൃതദേഹം കുഴിച്ചിടുന്നതിന് അനുമതി നല്‍കുന്നതിന് മുമ്പായിരുന്നു ഇത്.
Read Also: ലോക്ക്ഡൗൺ: 42 ശതമാനം തൊഴിലാളികൾക്ക് ഒരു ദിവസത്തേക്കുളള റേഷൻ പോലുമില്ലെന്ന് സർവേ
കോവിഡ്-19 ബാധിച്ച് ഹിന്ദുജാ ആശുപത്രിയില്‍ വച്ച് 85 വയസ്സുള്ള ഒരു ജനറല്‍ സര്ജന് മരിച്ചിരുന്നു. മാര്‍ച്ച് 27-ന് അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നുമേറ്റു വാങ്ങിയ ബന്ധുക്കള്‍ മുനിസിപ്പില്‍ അധികൃതരുടെ സാന്നിദ്ധ്യമില്ലാതെ മൃതദേഹം സംസ്കരിച്ചു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചശേഷമാണോ സംസ്കാരമെന്നുള്ള ആശങ്ക ബിഎംസിയില്‍ ഉയര്‍ന്നു.
ഇപ്പോഴത്തെ നിര്‍ദ്ദേശം എന്താണ്?
വൈദ്യുത അല്ലെങ്കില്‍ വാതക ശ്മശാനമാണ് ഇപ്പോള്‍ ബിഎംസി നിര്‍ദ്ദേശിക്കുന്നത്. മൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ടാല്‍ മൃതദേഹം അഴുകുന്നത് വൈകുമെന്നതിനാല്‍ വൈറസ് വ്യാപനത്തിന്റെ സാധ്യതയുണ്ടെന്ന് സര്‍ക്കുലര്‍ പറയുന്നു. സംസ്കാര ചടങ്ങില്‍ അഞ്ചില്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് സര്‍ക്കുലര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പരമ്പരാഗത രീതിയില്‍ സംസ്കരിക്കണം എന്നുള്ളവര്‍ എന്ത് ചെയ്യണം?
മൃതദേഹം കുഴിയില്‍ സംസ്കരിക്കണമെന്നുള്ളവര്ക്ക് വലിയ ശ്മശാനങ്ങളില്‍ സംസ്കരിക്കാമെന്നും സമീപ പ്രദേശങ്ങളില്‍ രോഗ വ്യാപനമുണ്ടാകാനുള്ള സാധ്യത ഉണ്ടാകരുതെന്നും സര്‍ക്കുലര്‍ പറയുന്നു. അതേസമയം, സംസ്കാരം നടത്തുന്ന ശ്മശാനത്തിന്റെ വലിപ്പം എത്ര വേണമെന്ന് സര്‍ക്കുലര്‍ പറയുന്നില്ല. സംസ്ഥാനത്ത് മൃതദേഹങ്ങളെ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് ഈ സര്‍ക്കുലര്‍ ഇറങ്ങിയ ദിവസം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്താണ്?
കോവിഡ്-19 രോഗികളുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശമുണ്ട്. അത് പ്രകാരം മൃതദേഹം ദഹിപ്പിക്കുന്നതിനും കുഴിച്ചിടുന്നതിനും അനുവാദമുണ്ട്. കുഴിച്ചിടുന്നതില്‍ നിന്നും രോഗവ്യാപന സാധ്യതയെ കുറിച്ച് അതില്‍ ഒന്നും പറയുന്നുമില്ല.
Read Also: കോവിഡ് പ്രതിരോധം: ഇന്ത്യയ്ക്ക് വേണ്ടത് 2.7 കോടി N95 മാസ്കുകളും 50,000 വെന്റിലേറ്ററുകളും
ഉള്ളില്‍ നിന്നും ഒന്നും പുറത്തേക്ക് പോകാത്ത തരത്തിലെ പ്ലാസ്റ്റിക് ബാഗില്‍ മൃതദേഹം അടക്കം ചെയ്യണം. ബന്ധുക്കള്‍ക്ക് മരിച്ചയാളുടെ മുഖം കാണുന്നതിന് ബാഗ് തുറന്ന് കാണിക്കാം. മൃതദേഹം കുളിപ്പിക്കാനോ അന്ത്യ ചുംബനം നല്‍കാനോ കെട്ടിപ്പിക്കാനോ പാടില്ല. മതപരമായ വാചകങ്ങള്‍ ഉച്ചരിക്കാം. വിശുദ്ധ ജലം തളിക്കാം. കാരണം, ഇതിന് രണ്ടും ചെയ്യുമ്പോള്‍ മൃതദേഹത്തെ സ്പര്‍ശിക്കേണ്ടി വരുന്നില്ല.
ശ്വാസകോശവുമായി സമ്പര്‍ക്കത്തില്‍ വരുമെന്നതിനാല്‍ മൃതദേഹം എംബാം ചെയ്യാനോ പോസ്റ്റ്മോര്‍ട്ടം നടത്താനോ പാടില്ല. ശരീരത്തില്‍ നിന്നും ട്യൂബുകളോ കത്തീറ്ററോ നീക്കം ചെയ്യുന്നുവെങ്കില്‍ ആ മുറിവ് ഒരു ശതമാനം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് ശുചീകരിക്കുക. ശരീരത്തില്‍നിന്നുള്ള ദ്രവങ്ങള്‍ പുറത്തുവരാത്തവിധം ആ മുറിവുകള്‍ അടയ്ക്കുകയും വേണം. ദ്രവങ്ങള്‍ ഒലിച്ചിറങ്ങാതിരിക്കാന്‍ മൂക്കും വായും അടയ്ക്കണം.
മൃതദേഹം പ്ലാസ്റ്റിക്ക് ബാഗില്‍ നിക്ഷേപിച്ചശേഷം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് ബാഗ് വീണ്ടും രോഗാണുമുക്തമാക്കണം. കുടുംബം നല്കുന്ന തുണി ഉപയോഗിച്ച് ബാഗ് മൂടാം. രോഗാണുമുക്തമായ ബാഗ് കൈകാര്യം ചെയ്യുമ്പോഴും നീക്കം ചെയ്യുമ്പോഴും അപകടഭീഷണിയില്ല. എങ്കിലും ബാഗ് കൈകാര്യം ചെയ്യുന്നവര്‍ വ്യക്തിഗത സുരക്ഷ സംവിധാനം ധരിച്ചിരിക്കണം.
മൃതദേഹം കുഴിയില്‍ അടക്കം ചെയ്യുന്നത് രോഗാണു വ്യാപനത്തിന് കാരണമാകുമോ?
എച്ച് ഐ വി, സാഴ്സ്-കോവി-2 രോഗാണു ബാധിതരായ വ്യക്തികളുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നത് ബയോസേഫ്റ്റി ലെവല്‍ രണ്ടും മൂന്നും പ്രകാരമാണ്. മൃതദേഹം അഴുകാന്‍ ഏഴ് മുതല്‍ 10 ദിവസം വരെയെടുക്കും. ശരീരത്തിലെ ദ്രവങ്ങള്‍ വറ്റാന്‍ 3-4 ദിവസവുമെടുക്കും. സൈദ്ധാന്തികമായി പറയുകയാണെങ്കില്‍ ശരീരത്തില്‍ ദ്രവങ്ങള്‍ ഉള്ള സമയത്തോളം വൈറസുണ്ടാകും. ദ്രാവകത്തുള്ളികളിലൂടെ രോഗവ്യാപനം സംഭവിക്കും. ഒരു മൃതദേഹത്തില്‍ നിന്നും വൈറസ് അടങ്ങിയ ദ്രാവകങ്ങള്‍ ഭൂഗര്‍ഭ ജലത്തില്‍ കലര്‍ന്ന് രോഗ വ്യാപനമുണ്ടായതിന് തെളിവൊന്നും ലഭ്യമല്ല, മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടറായ ഡോക്ടര്‍ സതീഷ് പവാര്‍ പറയുന്നു.
Read Also: കോവിഡ്-19: ഡോക്ടർമാർക്കും നഴ്സുമാർക്കും പടച്ചട്ടയൊരുക്കി ആപ്പിൾ
മൃതദേഹം ദഹിപ്പിക്കുകയാണെങ്കില്‍ ചാരം ഒരു അപകടവുമുണ്ടാക്കുന്നില്ല. മോര്‍ച്ചറിയിലെ ജീവനക്കാര്‍, മൃതദേഹ പരിശോധന നടത്തുന്ന ഡോക്ടര്‍മാര്‍, മൃതദേഹം കൈകാര്യം ചെയ്യുന്നവര്‍ എന്നിവരിലേക്കാണ് രോഗവ്യാപന സാധ്യതയുള്ളത്. കുടുംബാംഗങ്ങള്‍ സമ്പര്‍ക്ക പട്ടികയിലുള്ളതിനാല്‍ ധാരാളം ആളുകള്‍ ശവസംസ്കാര സമയത്ത് കൂടുന്നത് ഒഴിവാക്കണം.
എത്രയും വേഗം മൃതദേഹം സംസ്കരിക്കണമോ?
മൃതദേഹം എത്രയും വേഗം സംസ്കരിക്കണമെന്ന് മുംബൈയിലെ കെഇഎം ആശുപത്രിയിലെ ഫോറന്‍സിക് വകുപ്പ് തലവനായ ഡോക്ടര്‍ ഹരീഷ് പഥക് പറയുന്നു. 4-6 ഡിഗ്രി താപനിലയില്‍ വേണം മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കേണ്ടത്. രോഗാണുബാധയുള്ള മൃഗങ്ങളുടെ ശവശരീരങ്ങള്‍ സംസ്കരിക്കുന്നതിന് ലോകരോഗ്യ സംഘടനയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശമുണ്ട്. ഒന്നാമത്തെ ചേമ്പറില്‍ 800 ഡിഗ്രി സെല്‍ഷ്യസും രണ്ടാമത്തെ ചേമ്പറില്‍ 1000 ഡിഗ്രി സെല്ഷ്യസുമുള്ള ഇന്‍സിനെറേറ്ററില്‍ വേണം അവ കത്തിക്കേണ്ടത്. ബയോ മെഡിക്കല്‍ മാലിന്യം സംസ്കരിക്കാന്‍ ഒരു ഓട്ടോ-ക്ലേവ് യന്ത്രം വേണം ഉപയോഗിക്കേണ്ടത്.
Read in English: Explained: Is burial or cremation safe? How to handle bodies of COVID-19 patients