രാജ്യത്ത് അങ്ങോളമിങ്ങോളമായി കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഏഴുമാസത്തോളമായി അടഞ്ഞു കിടക്കുന്ന സിനിമ തിയറ്ററുകൾ ഒക്ടോബർ 15 മുതൽ തുറന്നു പ്രവർത്തിയ്ക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, കേന്ദ്ര വാർത്തവിതരണ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് തിയറ്ററുകൾ തുറന്നു പ്രവർത്തിക്കുക.
സിനിമാ തിയറ്ററുകളും മൾട്ടിപ്ലക്സുകളും വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ചൊവ്വാഴ്ചയാണ് സർക്കാർ പുറപ്പെടുവിച്ചത്. തിയറ്ററുകളും മൾട്ടിപ്ലക്സുകളും നിർബന്ധമായും പിന്തുടരേണ്ട അടിസ്ഥാന നടപടിക്രമങ്ങളും (എസ് ഒപി) കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കി. എന്തൊക്കെ മാറ്റങ്ങളും നിർദ്ദേശങ്ങളുമാണ് നിലവിൽ വന്നിരിക്കുന്നതെന്നു നോക്കാം.
Read in English: Explained: Cinema halls to reopen from October 15, here’s what changes for you
കോവിഡ് ലോക്ക്ഡൗൺ അൺലോക്ക് 5ന്റെ മാർഗനിർദ്ദേശങ്ങൾ പ്രകാരം തിയറ്ററുകളിൽ 50 ശതമാനം സീറ്റിങ് കപ്പാസിറ്റി മാത്രമേ അനുവദിക്കുകയുള്ളൂ. എസ് ഒപി പ്രകാരം, തിയറ്ററിലെത്തുന്നവർക്ക് ഇടയിൽ ശാരീരിക അകലം പാലിക്കേണ്ടത് നിർബന്ധമാണ്. അതിനാൽ തന്നെ ഒന്നിടവിട്ടാവും സീറ്റിംഗ് ഒരുക്കുക.
എല്ലാ തിയറ്ററുകളിലും സാനിറ്റൈസർ സൗകര്യവും കൈകഴുകുന്നതിനുള്ള സൗകര്യങ്ങളും നിർബന്ധമായും ഉണ്ടായിരിക്കണം. ആരോഗ്യ സേതു ആപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സിനിമ കാണാനെത്തുന്നവരെ ഷോ തുടങ്ങും മുൻപ് തെർമൽ സ്ക്രീനിംഗ് നടത്തുകയും ചെയ്യും. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത വ്യക്തികളെ മാത്രമേ തിയറ്ററുകളിൽ പ്രവേശിപ്പിക്കൂ.
ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ
ബോക്സ് ഓഫീസ് കൗണ്ടറുകൾ തുടർന്നും പ്രവർത്തിക്കുമെങ്കിലും ഓൺലൈൻ ബുക്കിംഗിനെയാണ് മന്ത്രാലയം പരമാവധി പ്രോത്സാപ്പിക്കുന്നത്. ബോക്സ് ഓഫീസ് കൗണ്ടറുകൾ ദിവസം മുഴുവൻ തുറന്നിരിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി അഡ്വാൻസ് ബുക്കിംഗ് അനുവദിക്കുകയും ചെയ്യും. ശാരീരിക അകലം പാലിക്കുന്നതിനും ക്യൂ നിയന്ത്രിക്കുന്നതിനുമായി ഫ്ലോർ മാർക്കറുകളും സ്ഥാപിക്കും.
ഭക്ഷണപാനീയങ്ങൾ അനുവദനീയമല്ല
ഇടവേളകളിൽ തിയറ്ററിന് അകത്ത് ഇറങ്ങി നടക്കുന്നതിനും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിയറ്ററിന് അകത്ത് ഭക്ഷണപാനീയങ്ങൾ അനുവദനീയമല്ല. പാക്ക് ചെയ്ത ഭക്ഷണപാനീയങ്ങൾ മാത്രം വിൽക്കുകയും നീണ്ട ക്യൂ ഒഴിവാക്കാനായി ഫുഡ് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും.
ഷോ ആരംഭിക്കുന്നതിനു മുൻപ് തിയറ്ററിനു മുന്നിലെ തിരക്ക് നിയന്ത്രിക്കാനായി ഹാളിനു പുറത്ത് ഷോ ടൈം കൃത്യമായി രേഖപ്പെടുത്തും.
ബോക്സ് ഓഫീസ് ഏരിയയും മറ്റ് പരിസരങ്ങളും കൃത്യമായി അണുവിമുക്തമാക്കേണ്ടതുണ്ട്. തിയറ്ററിനകത്തെ എല്ലാ എയർകണ്ടീഷണറുകളുടെയും താപനില ക്രമീകരണം 24-30 ഡിഗ്രി സെൽഷ്യസിനു ഇടയിലായിരിക്കും.
മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകളുടെ ശുചിത്വം ഉറപ്പു വരുത്തുക തുടങ്ങിയവയുമായി ബന്ധപ്പെട്ട കോവിഡ് സുരക്ഷാനിർദേശങ്ങളും അറിയിപ്പുകളും സ്ക്രീനിംഗിനു മുൻപും ശേഷവും ഇടവേളയിലുമെല്ലാം ഉണ്ടായിരിക്കും. ആവശ്യം വന്നാൽ ബന്ധപ്പെടുന്നതിനായി സിനിമാഹാളിൽ ഫോൺ നമ്പറും വിവരങ്ങളും നൽകേണ്ടതുണ്ട്.