ഗർഭഛിദ്രം(അബോർഷൻ) അനുവദിക്കാനുള്ള പരിധി 24 ആഴ്ചയിലേക്ക് ഉയര്‍ത്താനുള്ള ബില്ലിന് അനുമതി നൽകാൻ ജനുവരി 29നാണ് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമപ്രകാരം 20 മാസമാണ് ഗർഭഛിദ്രത്തിനുള്ള നിലവിലെ പരമാവധി കാലയളവ്. ഇതാണ് 24 മാസമായി ഉയർത്തിയിരിക്കുന്നത്. ഗർഭഛിദ്രത്തിന് അനുമതി നൽകുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ഭേദഗതി ബിൽ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിലാണ് അവതരിപ്പിക്കുക. ഗർഭനിരോധന മാർഗങ്ങൾ ഫലപ്രദമാകാത്ത സാഹചര്യത്തിൽ ഗർഭം ധരിക്കുന്ന വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, അവിവാഹിതരായ സ്ത്രീകൾക്കും ഈ നിയമം ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

2020 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (ഭേദഗതി) ബിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ

ഈ നിയമത്തിലൂടെ ഗർഭച്ഛിദ്രത്തിന് അനുവദനീയമായ പരമാവധി ഗർഭകാലയളവ് 20ൽ നിന്ന് 24 ആഴ്ചയായി വർധിപ്പിക്കുന്നു. 20 മുതൽ 24 ആഴ്ച വരെയുള്ള കാലയളവിൽ ഗർഭഛിദ്രം നടത്താൻ താത്പര്യപ്പെടുന്നവർ ഒന്നോ രണ്ടോ ഡോക്ടർമാരുടെ അഭിപ്രായം തേടണമെന്ന് വ്യവസ്ഥയുണ്ട്. ‘പ്രായപൂർത്തിയാവാത്തവർക്കും ഭിന്നശേഷിയുള്ളവർക്കും തങ്ങൾ ഗർഭിണിയാണെന്ന് ആദ്യം തിരിച്ചറിയണമെന്നില്ല. പീഡനത്തിനിരയായവർക്കും നിയമം ഉപകാരപ്പെടും’ എന്നാണ് നിയമമന്ത്രി പ്രകാശ് ജാവദേക്കർ ഭേദഗതിയെക്കുറിച്ച് പറഞ്ഞത്.

ഭ്രൂണത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുള്ളതായി ആരോഗ്യ വിദഗ്ധർ സ്ഥിരീകരിക്കുകയാണെങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന കാലപരിധി ബാധകമല്ല. മെഡിക്കൽ ബോർഡിന്റെ ഘടന, പ്രവർത്തനങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ ഈ നിയമത്തിൽ പരാമർശിക്കും. അത്തരം കേസുകൾ കോടതികൾക്ക് പുറത്ത് കൈകാര്യം ചെയ്യുന്നതിനാണ് ഈ ഉപാധി നൽകിയിരിക്കുന്നത്; ഒരു മെഡിക്കൽ ബോർഡ് കേസിന്റെ വിവിധ വശങ്ങൾ പരിശോധിച്ച് തീരുമാനം എടുക്കണമെന്ന് സർക്കാർ നിർദേശിക്കുന്നു.

അഞ്ച് മാസത്തിനുശേഷം ഗർഭസ്ഥശിശുവിന്റെ വളര്‍ച്ചയില്‍ എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാല്‍ നിലവിലെ നിയമപ്രകാരം ഗർഭച്ഛിദ്രത്തിന് കഴിയില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനൊപ്പം, പുരോഗമനപരമായ നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് ബില്ല് കൊണ്ടുവരുന്നത്.

സ്വന്തം തീരുമാനപ്രകാരം ഗര്‍ഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നു, അത്തരം സാഹചര്യത്തില്‍ സ്വതന്ത്രമായും സുരക്ഷിതമായും ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതാണ് ഈ ബിൽ.

വിവാഹിതരായ സ്ത്രീകൾക്ക് ഗർഭനിരോധന മാർഗങ്ങൾ പരാജയപ്പെട്ടാൽ ഗർഭഛിദ്രം നടത്താമെന്നാണ് ബില്ലിന്റെ യഥാർഥ കരടിൽ പറയുന്നത്. എന്നാൽ ഇത് അവിവാഹിതരായ സ്ത്രീകളെ ഉൾപ്പെടുത്തുന്നില്ലെന്നും അവർക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയിൽ ബില്ലിൽ മാറ്റങ്ങൾ വരുത്തണമെന്നുമുള്ള മന്ത്രാലയത്തിന്റെ തീരുമാനമാണ് പുതിയ മാറ്റത്തിന് ആധാരം.

ഭേദഗതികൾ എത്രത്തോളം കാലഹരണപ്പെട്ടതാണ്?

2008ൽ ഹരേഷും നികേത മേത്തയും 26 ആഴ്ച പ്രായമുള്ള ഗർഭം വേണ്ടെന്നു വയ്ക്കാൻ അനുമതി തേടിക്കൊണ്ട് ബോംബെ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. മെഡിക്കൽ സാങ്കേതികവിദ്യകളുടെ പുരോഗതി കണക്കിലെടുത്ത് എം‌ടി‌പി ആക്റ്റ് 1971 ൽ ആവശ്യമായ ഭേദഗതികളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന സമയത്തായിരുന്നു ദമ്പതികൾ കോടതിയെ സമീപിച്ചത്. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന് ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇവർ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ വിദഗ്ദോപദേശത്തെത്തുടർന്ന് ഇവരുടെ ഹർജി കോടതി തള്ളി.

ഗർഭഛിദ്രത്തിനുള്ള കാലയളവിന്റെ പരിധിയിൽ മാറ്റം വരുത്തണമെന്ന ആവശ്യം പരിഗണിക്കേണ്ടത് നിയമനിർമാണ സഭയാണെന്ന് കോടതി നിരീക്ഷിച്ചു. ഇതേത്തുടർന്ന് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമത്തിന്റെ വ്യവസ്ഥകൾ പുനഃപരിശോധിക്കുന്ന പ്രക്രിയ ഇന്ത്യ ആരംഭിച്ചു. അതേസമം കോടതി വിധിയ്ക്ക് പിന്നാലെ നികേത മേത്തയ്ക്ക് ഗർഭഛിദ്രം സംഭവിയ്ക്കുകയും ചെയ്തു.

അതിനുശേഷം, നിയമപരമായി അനുവദനീയമായ പരിധിക്കപ്പുറം ഗർഭച്ഛിദ്രം നടത്താൻ അനുമതി ആവശ്യപ്പെട്ട് നിരവധി കേസുകൾ സുപ്രീം കോടതിയിലെത്തി. പലപ്പോഴും ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരകളായവരും ഇതിൽ ഉൾപ്പെട്ടു.

എന്തുകൊണ്ട് നിയമ ഭേദഗതി പ്രാധാന്യമർഹിക്കുന്നു?

വർഷങ്ങളായി സർക്കാരിൽനിന്ന് നിരന്തരമായ ശ്രമങ്ങളുണ്ടായിട്ടും ഇന്ത്യയിൽ ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം വേണ്ടത്ര ജനപ്രിയമായിട്ടില്ല. 2018 ലെ പഠനമനുസരിച്ച്, ആറ് വലിയ ഇന്ത്യൻ സംസ്ഥാനങ്ങളായ അസം, ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ അൻപത് ശതമാനം സ്ത്രീകളും ഗർഭിണികളായിട്ടുള്ളത് ആസൂത്രിതമായല്ല.

ദേശീയ കുടുംബാരോഗ്യ സർവേ നാലിൽ നിന്നുള്ള ഡേറ്റ കാണിക്കുന്നത് രാജ്യത്തെ വെറും 47.8% ദമ്പതികൾ മാത്രമാണ് ആധുനിക ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് എന്നാണ്. 53% പേർ ഏതെങ്കിലും തരത്തിലുള്ള ഗർഭനിരോധന മാർഗമാണ് ഉപയോഗിക്കുന്നത്. അസമിൽ 55%, ബിഹാറിൽ 48%, ഗുജറാത്തിൽ 53%, മധ്യപ്രദേശിൽ 50%, തമിഴ്‌നാട്ടിൽ 43%, ഉത്തർപ്രദേശിൽ 49% എന്നിങ്ങനെയാണ് ആസൂത്രണം ചെയ്തതല്ലാതെ ഗർഭം. ഗർഭധാരണത്തിന്റെ എണ്ണം അസമിൽ 1,430,000 മുതൽ ഉത്തർപ്രദേശിൽ 10,026,000 വരെയാണ്. ആസൂത്രിതമല്ലാത്ത ഗർഭധാരണത്തിന്റെ കണക്കെടുപ്പ് പ്രധാനമാണ്. അവയിൽ പലതും ഗർഭച്ഛിദ്രത്തിനു കാരണമാകുന്നു. ചെലവ് കുറഞ്ഞതും സുരക്ഷിതമായതുമായ ഗർഭഛിദ്ര സേവനങ്ങളുടെ ലഭ്യത ശക്തമായ ആരോഗ്യ വ്യവസ്ഥയുടെ സൂചകങ്ങളിലൊന്നാണ്.

ഗട്ട്മാക്കർ ഇൻസ്റ്റിറ്റ്യൂട്ടും ലോകാരോഗ്യ സംഘടനയും ചേർന്ന് 2016 ൽ ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 2010 നും 2014 നും ഇടയിൽ ആഗോളതലത്തിൽ 56 ദശലക്ഷം ഗർഭച്ഛിദ്രങ്ങൾ ഓരോ വർഷവും നടക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2015 ൽ, ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത്, ഗട്ട്മാക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഐ‌ഐ‌പി‌എസ് എന്നിവ നടത്തിയ പഠനമനുസരിച്ച് 2015 ൽ ഇന്ത്യയിൽ 15.6 ദശലക്ഷം ഗർഭച്ഛിദ്രങ്ങൾ നടത്തിയതായി കണക്കാക്കുന്നു. ഇതിൽ 1000ത്തിൽ 47 സ്ത്രീകളുടെ പ്രായം 15-49 ആണെന്നും, ഈ കണക്ക് അയൽരാജ്യങ്ങളിലെ നിരക്കിന് സമാനമാണെന്നും പഠനത്തിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook