റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്‌സിനും 202 റണ്‍സിനും പരാജയപ്പെടുത്തി ഇന്ത്യ പരമ്പര തൂത്തുവാരിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പരമ്പര പരാജയങ്ങളിലൊന്നാണ് വിരാട് കോഹ്ലിയും സമ്മാനിച്ചത്. ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങും ബോളര്‍മാരുടെ പിഴയ്ക്കാത്ത പന്തുകളുമാണ് ഇന്ത്യയ്ക്ക് ഇത്രമേല്‍ ആധിപത്യമുള്ള വിജയം സമ്മാനിച്ചത്.
Read More: റാഞ്ചിയിൽ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തൂത്തുവാരി
ഈ പരമ്പര വിജയം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് എങ്ങനെയാണ് ഗുണം ചെയ്യുന്നത്?
അഞ്ച് മത്സരങ്ങളില്‍ അഞ്ചും ജയിച്ചതോടെ ഇന്ത്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങള്‍ മാത്രം കഴിയുമ്പോള്‍ ഇന്ത്യയുടെ പോയന്റ് 240 ആണ്. ഇതോടെ രണ്ടാമതുള്ള ന്യൂസിലന്‍ഡിനേക്കാളും ശ്രീലങ്കയേക്കാളും 180 പോയന്റിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. രണ്ട് ടീമുകളും 60 പോയന്റുമായാണ് രണ്ടാമത് എത്തിനില്‍ക്കുന്നത്. മറ്റേത് ടീമിനേക്കാളും കൂടുതല്‍ ടെസ്റ്റ് കളിച്ചിട്ടുള്ള ടീമും ഇന്ത്യയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെസ്റ്റില്‍ പുലര്‍ത്തുന്ന ആധിപത്യമാണ് ഇന്ത്യയെ റാങ്കിങ്ങിലും പോയന്റ് പട്ടികയിലും മുന്നിലെത്തിച്ചത്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടികയിലുള്ള ടീമുകളില്‍ ഒരു മത്സരത്തില്‍ പോലും തോല്‍ക്കാത്ത ടീമും ഇന്ത്യയാണ്.
ഈ ലീഡ് തുടരാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ?
നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ ഈ ലീഡ് ഇന്ത്യ തുടരാനാണ് സാധ്യത. ഇത് 2021 ല്‍ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ എത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യയ്ക്ക് നല്‍കുന്നത് 120 പോയന്റ് അനായാസം നേടാനുള്ള അവസരമാണ്. ബംഗ്ലാദേശിനെ ചെറുതാക്കി കാണാന്‍ സാധിക്കില്ലെങ്കിലും ഇന്ത്യയുടെ മേല്‍ക്കൈ വളരെ ശക്തമാണ്.
Also Read: ‘ധോണി ഡ്രസിങ് റൂമിലുണ്ട്, വന്ന് ഹലോ പറയൂ’; മാധ്യമപ്രവര്‍ത്തകനോട് കോഹ്‌ലി, വീഡിയോ
ആ പരമ്പരയ്ക്ക് ശേഷം ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസറ്റുകള്‍ കളിക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് പരമ്പര. അതായിരിക്കും ഇന്ത്യയ്ക്ക് മുന്നിലെ ആദ്യത്തെ ശക്തമായ വെല്ലുവിളി എന്നുറപ്പിച്ചു പറയാം. പക്ഷെ ഓസ്‌ട്രേലിയയിലെ പരമ്പര വിജയവും ഇംഗ്ലണ്ടിനെതിരായി തോറ്റെങ്കിലും നല്ല പ്രകടനവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയവും ഇന്ത്യ മോശക്കാരല്ലെന്ന് പറയുന്നതാണ്.
പേസ് കുന്തമുനയായ ജസ്പ്രീത് ബുംറ തിരികെ വരുന്നതോടെ ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിടുക ഏത് ടീമിനും വെല്ലുവിളിയാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലേയും ഇന്ത്യയുടെ വിജയമാര്‍ജിന്‍ ടീമിന്റെ ശക്തി വിളിച്ചോതുന്നതാണ്, 318 റണ്‍സ്, 257 റണ്‍സ്, 203 റണ്‍സ്, 137 റണ്‍സ്, 202 റണ്‍സ് ഇത് വളരെ ശക്തമായൊരു ടീമിന്റെ സ്ഥിരതയുടെ തെളിവാണ്.
എന്താണ് നിലവിലെ ഇന്ത്യന്‍ ടീമിനെ തകര്‍ക്കാന്‍ പറ്റാത്ത ശക്തിയാക്കുന്നത്?
നിസംശയം പറയാം, ഇന്ത്യയുടെ ബോളിങ് കരുത്ത് അതുല്യമാണ്. ക്വാളിറ്റിയിലും ഡെപ്ത്തിലും അനുഭവ സമ്പത്തിലും കഴിവിലുമെല്ലാം ഇന്ത്യ ഏറെ മുന്നിലാണ്. ഏത് സാഹചര്യത്തിനും അനുസരിച്ച് പന്തെറിയാന്‍ സാധിക്കുന്ന ബോളര്‍മാര്‍ ഇന്ത്യയ്ക്കുണ്ട്. സാഹചര്യങ്ങളെ തങ്ങള്‍ക്ക് അനുകൂലമായി മാറ്റാന്‍ കഴിയുന്ന ബോളര്‍മാരും ഇന്ത്യയ്ക്കുണ്ട്. സ്പിന്നര്‍മാരും ശക്തരാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ പോലും പേസര്‍മാര്‍ വിക്കറ്റ് കണ്ടെത്തുന്നുണ്ട്.
കൂടാതെ, ടെസ്റ്റ് ഓപ്പണറായുള്ള തന്റെ അരങ്ങേറ്റത്തില്‍ രോഹിത് ശര്‍മ സൃഷ്ടിച്ചിട്ടുള്ള ഇംപാക്ട് ഇന്ത്യയുടെ ബാറ്റിങ് നിരയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതാണ്. വിരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡും സച്ചിനും വിവിഎസ് ലക്ഷ്മണും അണിനിരന്ന സ്വപ്‌നതുല്യമായൊരു ബാറ്റിങ് നിരയല്ലെങ്കിലും ലോകത്തെ ഏറ്റവും മികച്ച ബാറ്റിങ് ലൈന്‍ അപ്പാണിന്ന് ഇന്ത്യയുടേത്. മുന്‍നിരയില്‍ തുടങ്ങി മധ്യനിരയില്‍ അവസാനിക്കുന്നതുമല്ല, കുറേക്കൂടി ഡെപ്ത്തുണ്ട് ഇന്നത്തെ ബാറ്റിങ് നിരയ്ക്ക്. നാല് ടെസ്റ്റ് സെഞ്ചുറികളുള്ള അശ്വിന്‍ ഇറങ്ങുന്നത് എട്ടാമതാണ്. ജഡേജ വിശ്വസിക്കാവുന്ന ബാറ്റ്‌സ്മാനായി തെളിയിച്ചു കഴിഞ്ഞു. ചരിത്രത്തില്‍ ഇതുവരെ എല്ലാ മേഖലയിലും ഇത്രയും കരുത്തുള്ളൊരു ടീം ഇന്ത്യയ്ക്കുണ്ടായിട്ടില്ലെന്ന് പറയാം.