scorecardresearch
Latest News

എന്താണ് ചപാരെ വൈറസ്? അറിയേണ്ടതെല്ലാം

ലോകമെമ്പാടുമുള്ള സർക്കാരുകളും ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ നേരിടാൻ പ്രയാസപ്പെടുന്നതിനിടയിൽ, യുഎസിന്റെ സിഡിസിയിലെ ഗവേഷകർ ഇപ്പോൾ ചപാര വൈറസ് മനുഷ്യരാശിക്ക് ഭീഷണിയാകുമോയെന്ന് പഠിക്കുകയാണ്

എന്താണ് ചപാരെ വൈറസ്? അറിയേണ്ടതെല്ലാം

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന ചപാരെ വൈറസ്

ലോകത്തെ മുഴുവൻ ബാധിച്ച കൊറോണ വൈറസിന് പിന്നാലെ മറ്റൊരു വൈറസിന്റെ സാന്നിദ്ധ്യം കൂടി കണ്ടെത്തി. എബോളയ്ക്ക് സമാനമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സി.ഡി.സി.)യാണ് ഇക്കാര്യം അറിയിച്ചത്. 2004ല്‍ ബൊളീവിയയിലാണ് ഈ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനമായ ലാപാസിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന ചപാരെയിലാണ് ആദ്യമായി വൈറസ് വ്യാപനം കണ്ടെത്തിയത്.

എബോളയോട് സമാനമായ ഈ വൈറസ് 2019 ല്‍ രണ്ട് പേരില്‍ ഈ വെറസ് കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്ന് മൂന്ന് ആരോഗ്യപ്രവര്‍ത്തകരിലേക്കും പകര്‍ന്നിരുന്നു. രണ്ട് ആരോഗ്യ പ്രവർത്തകരുടേതുൾപ്പെടെ മൂന്ന് മരണം സ്ഥിരീകരിച്ചിരുന്നു. 2019ൽ തന്നെയായിരുന്നു ചപാരെ ഏറ്റവുമധികം നാശം വിതച്ചത്. അതിനും ഒരു ദശാബ്ദത്തിന് മുമ്പ് ചപ്പാരെ പ്രദേശത്ത് ഒരു രോഗിയും ഒരു ചെറിയ ക്ലസ്റ്ററും ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള സർക്കാരുകളും ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ നേരിടാൻ പ്രയാസപ്പെടുന്നതിനിടയിൽ, യുഎസിന്റെ സിഡിസിയിലെ ഗവേഷകർ ഇപ്പോൾ ചപാര വൈറസ് മനുഷ്യരാശിക്ക് ഭീഷണിയാകുമോയെന്ന് പഠിക്കുകയാണ്.

എന്താണ് ചപാരെ വൈറസ്

എബോള വൈറസ് രോഗം (ഇവിഡി) പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന അതേ അരീനവൈറസ് വർഗമാണ് ചപാരെ ഹെമറേജിക് ഫീവർ (സിഎച്ച്എച്ച്എഫ്) ഉണ്ടാകുന്നത്. സി.ഡി.സി. വെബ്സൈറ്റ് പ്രകാരം അറീനവൈറസുകൾ പോലുള്ള ചപാരെ വൈറസിന്റെ ഉറവിടം എലികളാണെന്നാണ് സംശയിക്കുന്നത്. എലികളുമായി നേരിട്ടുള്ള സമ്പർക്കം, അവയുടെ മൂത്രം, വിസർജ്യം എന്നിവയിലൂടെ പിന്നീട് വൈറസ് മനുഷ്യരിലേക്ക് എത്തിയതാവാമെന്നാണ് കരുതപ്പെടുന്നത്.

വൈറസ് ആദ്യം കണ്ടെത്തിയത് ചപാരെ പ്രവിശ്യയിലായതിനാലാണ് ഇതിന് ചപാരെ വൈറസ് എന്ന് പേരിട്ടിരിക്കുന്നത്. ഈ വൈറസിന് വയറുവേദന, ഛർദ്ദി, മോണയിൽ നിന്ന് രക്തസ്രാവം, ചർമ്മത്തിൽ ചുണങ്ങു, കണ്ണുകൾക്ക് പിന്നിലെ വേദന എന്നിവയോടൊപ്പം എബോളയെപ്പോലെ രക്തസ്രാവവും ഉണ്ടാകുന്നു. ഒന്നിലധികം അവയവങ്ങളെ ബാധിക്കുകയും രക്തക്കുഴലുകളുടെ ആവരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന കഠിനവും ജീവൻ അപകടപ്പെടുത്തുന്നതുമായ രോഗമാണ് വൈറൽ ഹെമറേജിക് ഫീവർ.

എങ്കിലും, ചപാരെ വൈറസിനെക്കുറിച്ച് കൂടുതൽ അറിവില്ല. ഔപചാരികമായി രേഖപ്പെടുത്തുന്നതിനു മുമ്പുതന്നെ വൈറസ് ബൊളീവിയയിൽ വർഷങ്ങളായി പ്രചരിച്ചിരുന്നെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. കൊതുക് പരത്തുന്ന അസുഖങ്ങൾക്കും സമാനമായ ലക്ഷണങ്ങളുണ്ടാകുന്നതിനാൽ രോഗബാധിതരായ ആളുകൾക്ക് ഡെങ്കിപ്പനിയാണെന്ന് തെറ്റായി നിർണ്ണയിക്കപ്പെട്ടിരിക്കാം.

സിഡിസി ഗവേഷകർ വൈറസിനെക്കുറിച്ച് എന്താണ് കണ്ടെത്തിയത്?

ഈ ആഴ്ച ആദ്യം നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആൻഡ് ഹൈജീൻ (എ എസ് ടി എം എച്ച്) വാർഷിക യോഗത്തിൽ യുഎസിന്റെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ (സിഡിസി) ഗവേഷകർ വെളിപ്പെടുത്തിയത് ബൊളീവിയയിൽ 2019ൽ ഉത്ഭവിച്ച വൈറസിന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്, പ്രത്യേകിച്ച് ആരോഗ്യ പരിപാലന പ്രക്രിയയിൽ, വേഗത്തിൽ പടരാമെന്ന് കണ്ടെത്തി.

“ഒരു യുവ മെഡിക്കൽ റെസിഡന്റ്, ആംബുലൻസ് മെഡിസിൻ, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് എന്നിവർക്കെല്ലാം രോഗബാധിതരായ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടതിന് ശേഷം വൈറസ് ബാധിച്ചതായി ഞങ്ങളുടെ ഗവേഷണത്തിൽ സ്ഥിരീകരിച്ചു. ഇവരിൽ രണ്ട് ആരോഗ്യ പ്രവർത്തകരും പിന്നീട് മരിച്ചു,” സിഡിസിയിലെ എപ്പിഡെമിയോളജിസ്റ്റ് കെയ്റ്റ്‌ലിൻ കോസബൂം പ്രസ്താവനയിൽ പറഞ്ഞു. “പല ശാരീരിക ദ്രാവകങ്ങളിലൂടെയും വൈറസ് ബാധിക്കുമെന്ന് ഞങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നു. ”

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ആരോഗ്യ പ്രവർത്തകർക്ക് അസുഖം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അതിനാൽ രക്തം, മൂത്രം, ഉമിനീർ അല്ലെങ്കിൽ ശുക്ലം എന്നിവ കലരുന്ന വസ്തുക്കളുമായി സമ്പർക്കം ഒഴിവാക്കാൻ രോഗികളുമായി ഇടപെടുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഗവേഷകർ പറഞ്ഞു.

രോഗം ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകന് വൈറസ് പിടിപെട്ടത് രോഗിയിൽ നിന്ന് ഉമിനീർ വലിച്ചെടുക്കുമ്പോളായിരിക്കാമെന്ന് അവർ കണ്ടെത്തി. അതേസമയം, അസുഖം പിടിപെട്ടെങ്കിലും രക്ഷപ്പെട്ട ആംബുലൻസ് ജീവനക്കാരന് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരിക്കാം വൈറസ് പിടിപെട്ടതെന്നും ഗവേഷകർ പറയുന്നു.

രോഗം ബാധിച്ച് 168 ദിവസത്തിനുശേഷം അതിജീവിച്ച ഒരാളുടെ ശുക്ലത്തിൽ ചപാരയുമായി ബന്ധപ്പെട്ട ആർ‌എൻ‌എ എന്നറിയപ്പെടുന്ന ജനിതക വസ്തുക്കളുടെ ശകലങ്ങളും ഗവേഷകർ കണ്ടെത്തി. അതിനാൽ ലൈംഗിക ബന്ധത്തിലൂടെയും രോഗം പടരാം.

ലൈവ് സയൻസിന്റെ റിപ്പോർട്ടിൽ, 2019ൽ ആദ്യം രോഗം ബാധിച്ച വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള “വീടുകളിലും സമീപത്തുള്ള കൃഷിസ്ഥലങ്ങളിലും” എലികളിലെ വൈറസിന്റെ ലക്ഷണങ്ങളും അവർ കണ്ടെത്തി.

പുതിയ സീക്വൻസിംഗ് ടൂളുകൾ സി‌ഡി‌സി വിദഗ്ധരെ കോവിഡ്-19 നിർണയിക്കാൻ ഉപയോഗിച്ചതു പോലുള്ള ആർ‌ടി-പി‌സി‌ആർ ടെസ്റ്റ് ഉപകരണങ്ങൾ വികസിപ്പിക്കാനും ചപാര വൈറസ് നിർണയിക്കാനും സഹായിക്കുന്നു. രോഗം എങ്ങനെ രാജ്യത്തുടനീളം പടരുന്നുവെന്നും എലികൾ അതിന്റെ വ്യാപനത്തിന് ഉത്തരവാദികളാണോ എന്നും തിരിച്ചറിയുകയാണ് ഗവേഷകരുടെ ലക്ഷ്യം.

ചപാരെ ഹെമറേജിക് ഫീവർ എങ്ങനെയാണ് ചികിത്സിക്കുന്നത്?

രോഗം ചികിത്സിച്ച് ഭേദമാക്കാൻ പ്രത്യേക മരുന്നുകളൊന്നും ഇല്ലാത്തതിനാൽ, രോഗികൾക്ക് സാധാരണയായി ഇൻട്രാവൈനസ് ദ്രാവകങ്ങൾ(ഐവി ഫ്ലൂയിഡ്) പോലുള്ള നൽകുന്നു.

സി‌എച്ച്‌സി‌എഫ് ബാധിച്ച രോഗികൾക്ക് നൽകാവുന്ന സപ്പോർട്ടീവ് തെറാപ്പിയായി ജലാംശം നിലനിർത്തൽ, ദ്രാവക പുനരുജ്ജീവനത്തിലൂടെയുള്ള ആഘാതം നിയന്ത്രിക്കൽ, മയക്കം, വേദന ഒഴിവാക്കൽ, രക്തം നൽകൽ എന്നിവാണ് സിഡിസി വെബ്‌സൈറ്റ് പട്ടികപ്പെടുത്തിയിരിക്കുന്നത്.

ഇതുവരെ വളരെ കുറച്ച് കേസുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നതിനാൽ, രോഗവുമായി ബന്ധപ്പെട്ട മരണനിരക്കും അപകടസാധ്യതകളും താരതമ്യേന അജ്ഞാതമാണ്. “ആദ്യത്തെ ഉത്ഭവത്തിൽ, സ്ഥിരീകരിച്ച ഒരേയൊരു കേസ് മാരകമായിരുന്നു. 2019 ലെ രണ്ടാമത്തെ വരവിൽ, രേഖപ്പെടുത്തിയ അഞ്ച് കേസുകളിൽ മൂന്നെണ്ണം മാരകമായിരുന്നു (കേസ്-മരണനിരക്ക് 60%),” വെബ്‌സൈറ്റിൽ പറയുന്നു.

ചപാരെ വൈറസ് ഉയർത്തുന്ന ഭീഷണി എന്താണ്?

കൊറോണ വൈറസിനെ അപേക്ഷിച്ച് ചപാരെ വൈറസ് പിടിപെടുന്നത് വളരെ പതിയെയാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്, കാരണം ഇത് ശ്വസനം വഴിയല്ല, മറിച്ച് ശാരീരിക ദ്രാവകങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രമാണ് പടരുന്നത്.

ആരോഗ്യ പ്രവർത്തകരും രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്ന കുടുംബാംഗങ്ങളുമാണ് രോഗം പിടിപെടാനുള്ള സാധ്യതയുള്ള ആളുകൾ. കൂടുതൽ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ, പ്രത്യേകിച്ച്, ചെറിയ ചെവികളുള്ള പിഗ്മി എലികളെ സാധാരണയായി കണ്ടുവരുന്ന തെക്കേ അമേരിക്കയിലെ ചില ഭാഗങ്ങളിൽ വൈറസിന്റെ അപകട സാധ്യത കൂടുതലാണ്.

“ഇത്തരത്തിലുള്ള വൈറസല്ല അടുത്ത മഹാമാരി ആരംഭിക്കാനോ വലിയൊരു ആഘാതം സൃഷ്ടിക്കാനോ ഇടവരുത്തുന്നത്,” എ എസ് ടി എം എച്ച് ശാസ്ത്ര പ്രോഗ്രാം ചെയർയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡാനിയേൽ ബോഷ് ഇൻസൈഡറോട് പറഞ്ഞു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Explained all about the rare ebola like chapare virus that can spread from human to human