scorecardresearch

പഠിച്ചുകൊണ്ടിരിക്കുന്ന നഴ്സുമാർ വരെ യൂറോപിലേക്ക്?

കോവിഡ് മഹാമാരി രാജ്യത്തെ ബാധിക്കുകയും നിരവധി ആരോഗ്യ പരിപാലന പ്രവർത്തകർ മികച്ച ജോലിക്കും വേതനത്തിനുമായി രാജ്യം വിടുകയും ചെയ്തതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി

കോവിഡ് മഹാമാരി രാജ്യത്തെ ബാധിക്കുകയും നിരവധി ആരോഗ്യ പരിപാലന പ്രവർത്തകർ മികച്ച ജോലിക്കും വേതനത്തിനുമായി രാജ്യം വിടുകയും ചെയ്തതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി

author-image
WebDesk
New Update
nurse|europe|philipines

മനിലയിലെ പ്രശസ്തമായ ഫിലിപ്പീൻസ് ജനറൽ ആശുപത്രിയിൽ പോലും 400 നും 600 നും ഇടയിൽ നഴ്‌സുമാരുടെ കുറവുണ്ട്

ഒരു ദശാബ്ദത്തോളം ജർമ്മനിയിൽ ജോലി ചെയ്ത ഫിലിപ്പീൻസിൽ ജനിച്ച ജിമ്മി കാർപൺ ജൂനിയർ, കഴിഞ്ഞ വാരാന്ത്യത്തിൽ ലോവർ സാക്‌സോണിയിലെ ഏറ്റവും ജനപ്രിയ കെയർ പ്രൊഫഷണലിനുള്ള അവാർഡ് നേടി. " ഈ അംഗീകാരം എനിക്ക് മാത്രമല്ല, എല്ലാ നഴ്‌സുമാർക്കും, പ്രത്യേകിച്ച് ജർമ്മനിയിൽ വന്ന് ജീവിക്കാൻ ആഗ്രഹിച്ച ഞങ്ങളെ പോലുള്ള നഴ്‌സുമാർക്കുള്ളതാണ്" എന്ന് ജിമ്മി ഡിഡബ്ല്യൂവിനോട് പറഞ്ഞു.

Advertisment

മനിലയിലെ ജർമ്മൻ എംബസിയുടെ കണക്കനുസരിച്ച്, ജർമ്മൻ ഹെൽത്ത് കെയർ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ഏകദേശം 6,000 ഫിലിപ്പിനോ നഴ്സുമാരിൽ ഒരാളാണ് ഇദ്ദേഹം. മറ്റു പലരെയും പോലെ, ജീവിതകാലം മുഴുവൻ ജർമ്മനിയിൽ തുടരാൻ ജിമ്മിയും ആഗ്രഹിക്കുന്നു.“ഞാൻ ഇപ്പോൾ ഒരു ജർമ്മൻ പൗരനാണ്. പക്ഷേ ഹൃദയം കൊണ്ട് ഇപ്പോഴും ഫിലിപ്പിനോയാണ്,” അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ രാജ്യങ്ങളിൽ കൂടുതൽ ഫിലിപ്പിനോ നഴ്സുമാരുള്ളത് യുകെയിൽ

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വയോധികരുടെ വർധനവ് കാരണം ജർമ്മനിക്ക് ഓരോ വർഷവും 2,000-ത്തിലധികം പുതിയ ആരോഗ്യ പ്രവർത്തകരെ കണ്ടെത്തേണ്ടതുണ്ട്. നൈപുണ്യമുള്ള കുടിയേറ്റക്കാർക്ക് രാജ്യത്ത് ജോലി കണ്ടെത്തുന്നത് സുഗമമാക്കുന്ന ബിൽ ജർമ്മനി പാസാക്കിയിരുന്നു. ഇത് ഫിലിപ്പിനോ നഴ്‌സുമാർക്കും യോഗ്യതയുള്ള മറ്റ് തൊഴിലന്വേഷകർക്കും കൂടുതൽ അവസരങ്ങൾ തുറന്നു.

ഫിലിപ്പിനോ നഴ്‌സിങ് ഡയസ്‌പോറ നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജെറോം ബാബേറ്റ് പറയുന്നതനുസരിച്ച്, യൂറോപ്പിൽ കുറഞ്ഞത് 35,000 ഫിലിപ്പിനോ നഴ്‌സുമാരുണ്ട്. അവരിൽ 80 ശതമാനം പേരും ഇപ്പോൾ യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത യുകെയിലാണ്. അവരെല്ലാം ഇവിടെ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിലിപ്പിനോ നഴ്‌സുമാർ ജോലി അന്വേഷിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളിൽ ജർമ്മനിയും ഓസ്ട്രിയയും ഉൾപ്പെടുന്നു.

ഇത് രാജ്യത്തിനകത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു

Advertisment

വിദേശത്ത് നിന്നുള്ള ജോലി വാഗ്ദാനം നഴ്‌സിങ് വിദ്യാർത്ഥികളെ ആകർഷിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾ ഫിലിപ്പിനോ നഴ്സുമാരെ മാത്രമല്ല, നഴ്സിംഗ് വിദ്യാർത്ഥികളെയും " കൊള്ളയടി" ക്കുന്നു എന്ന വിമർശനത്തോട് പ്രതികരിക്കാൻ ഈ ജനുവരിയിൽ, ജർമ്മനിയുടെ അംബാസഡർ നിർബന്ധിതനായി. ഫിലിപ്പിനോ ആശുപത്രികളിലും ക്ലിനിക്കുകളിലും ലഭിക്കുന്നതിനേക്കാൾ മികച്ച ശമ്പളമുള്ള ജോലി, യൂറോപ്യൻ രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്നതായി ഡി ലാ സാലെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ജീവനക്കാരുടെ യൂണിയൻ നേതാവ് വിൽമ ഗാർസിയ ആരോപിച്ചിരുന്നു.

“വിദേശ രാജ്യങ്ങൾ ഞങ്ങളുടെ രണ്ടാം വർഷ നഴ്‌സിങ് വിദ്യാർത്ഥികൾക്ക് വരെ വളരെ ആകർഷകമായ പാക്കേജുകൾ നൽകുന്നു. അതിൽ അവർക്ക് അവരുടെ രാജ്യത്ത് പഠനം തുടരാം, ട്യൂഷനും താമസവും ഉൾപ്പടെ എല്ലാം അവർ നൽകും,” പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിൽമ പറഞ്ഞു.“അവർക്ക് പരിശീലനം ആരംഭിക്കുമ്പോൾ തന്നെ അവരുടെ കുടുംബത്തെ കൂടെ കൊണ്ടുപോകാം. അതൊരു വലിയ ഓഫറാണ്, ഞങ്ങൾക്ക് അതിനൊപ്പം മത്സരിക്കാൻ കഴിയില്ല. ”

ജർമ്മൻ സർക്കാർ "മറ്റ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയും അവിടെനിന്നു റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നു," ദിവസങ്ങൾക്ക് ശേഷം, അന്നത്തെ ജർമ്മൻ അംബാസഡറായിരുന്ന ആൻകെ റഫെൻസ്റ്റുവൽ, സിഎൻഎൻ ഫിലിപ്പീൻസിനോട് പറഞ്ഞു.

മികച്ച ആശുപത്രികളിൽ പോലും ആരോഗ്യ പ്രവർത്തകരുടെ കുറവ്

മറ്റൊരു രാജ്യത്തിന്റെ ബ്രെയിൻ ഡ്രെയിൻ വർദ്ധിപ്പിക്കരുതെന്ന നയമാണ് ജർമ്മനിക്കുള്ളതെന്ന് നയതന്ത്രരംഗത്തുള്ള ഉദ്യോഗസ്ഥൻ ഡിഡബ്ല്യൂവിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഫിലിപ്പീൻസ് അവിടെ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ നഴ്സുമാരെയും മറ്റ് ആരോഗ്യ പരിപാലന പ്രവർത്തകരെയും പരിശീലിപ്പിക്കുന്നു. ഫിലിപ്പീൻസിന്റെ ആരോഗ്യ പരിപാലന സംവിധാനത്തിലെ വിടവ് വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. കോവിഡ് മഹാമാരി രാജ്യത്തെ ബാധിക്കുകയും നിരവധി ആരോഗ്യ പരിപാലന പ്രവർത്തകർ മികച്ച വേതനത്തിനും ജോലിക്കുമായി ഫിലിപ്പീൻസ് വിടുകയും ചെയ്തപ്പോൾ പ്രശ്നം കൂടുതൽ രൂക്ഷമായി.

“നഴ്‌സുമാർക്ക് അധിക ജോലി ഭാരമുണ്ട്. അവർ കൂടുതൽ ജോലി ചെയ്ത് ക്ഷീണിക്കുന്നു. ഒരു ഷിഫ്റ്റിൽ എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നു. ചിലപ്പോൾ അത് രണ്ടോ നാലോ ആയി വർധിച്ചേക്കാം, എന്നാൽ ഈ അധികസമയ ജോലിക്ക് ശമ്പളവും ലഭിക്കുന്നില്ല,” എന്ന് ദേശീയ ലേബർ അസോസിയേഷനായ ഫിലിപ്പിനോ നഴ്‌സസ് യുണൈറ്റഡ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം “നഴ്‌സിങ്ങിലെ പ്രതിസന്ധി”യെ സംഘടന അപലപിച്ചു.

അസോസിയേഷൻ പറയുന്നതനുസരിച്ച്, മനിലയിലെ പ്രശസ്തമായ ഫിലിപ്പീൻസ് ജനറൽ ആശുപത്രിയിൽ പോലും 400 നും 600 നും ഇടയിൽ നഴ്‌സുമാരുടെ കുറവുണ്ട്. ഫിലിപ്പീൻസിന്റെ ആരോഗ്യവകുപ്പിന്റെ 2021-ലെ കണക്ക് പ്രകാരം, 316,000 ഫിലിപ്പിനോ നഴ്‌സുമാർ, അല്ലെങ്കിൽ യോഗ്യതയുള്ള മൊത്തം ജീവനക്കാരുടെ 51 ശതമാനം വിദേശത്തേക്ക് കുടിയേറിയിട്ടുണ്ട്.

സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് കാരണം, ഇതുവരെ ബോർഡ് പരീക്ഷകളിൽ വിജയിക്കാത്ത നഴ്‌സിംഗ് ബിരുദധാരികൾക്ക് താൽക്കാലിക ലൈസൻസ് നൽകാനുള്ള പദ്ധതി ആരോഗ്യ വകുപ്പ് ജൂണിൽ പ്രഖ്യാപിച്ചു. എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് റെഗുലേറ്റർമാർ ചൂണ്ടിക്കാട്ടി. അതിനാൽ പാർലമെന്റിന്റെ നിയമനിർമ്മാണത്തിനായി ആരോഗ്യ വകുപ്പ് കാത്തിരിക്കുകയാണ്. രാജ്യത്തെ ആശുപത്രികളിൽ 106,000 നഴ്‌സുമാരുടെ കുറവുണ്ടെന്ന് സർക്കാർ കഴിഞ്ഞ വർഷം കണക്കാക്കിയിരുന്നു.

"രാജ്യത്തെ ഈ പ്രശ്നം സർക്കാർ പരിഹരിക്കേണ്ടതുണ്ട്. കാരണം നമ്മുടെ ആരോഗ്യ പരിപാലന സംവിധാനത്തെ സഹായിക്കാൻ ആരോഗ്യ പ്രവർത്തകർ ഇവിടെ തുടരേണ്ടതുണ്ട്," ആരോഗ്യ അണ്ടർസെക്രട്ടറി മരിയ റൊസാരിയോ വെർഗെയർ പറഞ്ഞു.

നഴ്സിങ് സ്കൂളുകൾക്ക് ധനസഹായത്തിന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുക

മെച്ചപ്പെട്ട വേതനം ഉൾപ്പടെയുള്ള ഹ്രസ്വകാല പരിഹാരങ്ങൾ കണ്ടെത്താനുള്ള കാര്യങ്ങൾ ഇപ്പോൾ സർക്കാർ പരിഗണിക്കുകയാണ്. എന്നാൽ ഒരു ദീർഘകാല പരിഹാരത്തിന് ഫിലിപ്പൈൻ ആരോഗ്യ വിദ്യാഭ്യാസ സമ്പ്രദായത്തിന് കൂടുതൽ അന്താരാഷ്ട്ര സാമ്പത്തിക പിന്തുണ ഉണ്ടായിരിക്കണം, വിദഗ്ധർ പറഞ്ഞു.

"യൂറോപ്യൻ രാജ്യങ്ങൾ അവരുടെ വിദേശ സഹായ നയത്തിന് മുൻഗണന നൽകുകയും ഫിലിപ്പൈൻ ആരോഗ്യ വിദ്യാഭ്യാസ സേവനങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തുകയും ചെയ്യുന്നത് ഉചിതമാണ്," ഫിലിപ്പിനോ നഴ്സിങ് ഡയസ്പോറ നെറ്റ്‌വർക്കിലെ ബാബേറ്റ് പറഞ്ഞു.

“ഈ നിക്ഷേപം രാജ്യത്തിനും ആഗോള ആരോഗ്യ പരിരക്ഷാ സംവിധാനത്തിനും ഗുണം ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു. ഫിലിപ്പിനോ നഴ്‌സുമാരെ നിയമിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ ഫിലിപ്പൈൻസിലെ ട്രെയിനി നഴ്‌സുമാർക്ക് സ്‌കോളർഷിപ്പ് നൽകുന്ന ഒരു ഫണ്ടിലേക്ക് സംഭാവന നൽകുന്ന പദ്ധതി മൈഗ്രന്റ് വർക്കേഴ്‌സ് വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്.

മൈഗ്രന്റ് വർക്കേഴ്‌സ് സെക്രട്ടറി സൂസൻ ഒപ്ലെ ആ ആശയത്തെക്കുറിച്ച് പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇത് “സെമി- വോളന്ററി ” ആയിരിക്കാമെന്നും മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി തൊഴിൽ കരാറുകളിൽ ഒരു വ്യവസ്ഥയായി ഉൾപ്പെടുത്താമെന്നും അവർ പറഞ്ഞു. “അവരുടെ മനസ്സാക്ഷിക്ക് അനുസരിച്ചുള്ള പുരോഗമന സ്വഭാവമുള്ള ഫണ്ടിങ് ആയിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” അവർ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രസ്സൽസ്, മനില ബന്ധം കൂടുതൽ അടുത്തു

ഫിലിപ്പീൻസിലെ യൂറോപ്യൻ യൂണിയൻ അംബാസഡറായ ലൂക്ക് വെറോൺ ഈ ആശയത്തെക്കുറിച്ച് പ്രതികരിച്ചില്ല. ഇത് ഓരോ അംഗരാജ്യങ്ങളുടെതായ പ്രശ്നമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ സമയം അനുകൂലമായേക്കാം. യൂറോപ്യൻ യൂണിയനും ഫിലിപ്പൈൻസും നിലവിൽ ഒരു സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ച് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയന്റെ മനില സന്ദർശനവും പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറുമായുള്ള കൂടിക്കാഴ്ചയും ചർച്ചകൾക്ക് തുടക്കമിട്ടു.

ബ്രസൽസും മനിലയും തമ്മിലുള്ള ബന്ധം നല്ലരീതിയിൽ തുടരുന്നതിനാൽ, നഴ്‌സുമാരുമായി ബന്ധപ്പെട്ട് ഒരു ഔപചാരിക കരാറിൽ എത്തിയില്ലെങ്കിലും കൂടുതൽ യൂറോപ്യൻ യൂണിയൻ പണം ഫിലിപ്പീൻസിലേക്ക് എത്താൻ സാധ്യതയുണ്ട്. ജർമ്മനി ഉൾപ്പെടെയുള്ള നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഇതിനകം ഫിലിപ്പൈൻ ആരോഗ്യ പരിപാലന വിദ്യാഭ്യാസ സേവനങ്ങൾക്ക് സാമ്പത്തികമുൾപ്പടെയുള്ള സഹായം നൽകുന്നുണ്ടെന്നും കൂടുതൽ സഹായിക്കാൻ തയ്യാറാണെന്നും യൂറോപ്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ പറഞ്ഞു.

Explained

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: