scorecardresearch

സുമിയില്‍ കുടുങ്ങി എഴുനൂറിലധികം ഇന്ത്യക്കാര്‍; തിരികെ കൊണ്ടു വരുന്നതിലെ വെല്ലുവിളി എന്ത്?

നിലവില്‍ സുമിയിലുള്ള വിദ്യാര്‍ഥികളോട് അവിടെ തന്നെ തുടരാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്

Ukraine-Russia War News

ന്യൂഡല്‍ഹി: യുക്രൈന്‍-റഷ്യ യുദ്ധം പത്താം ദിനത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി വടക്ക് കിഴക്കന്‍ മേഖലയായ സുമിയില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സംഘര്‍ഷ മേഖലയ്ക്ക് പുറത്തെത്തിക്കുക എന്നതാണ്. വിദ്യാര്‍ഥികളടക്കം ഏകദേശം 700 ഇന്ത്യന്‍ പൗരന്മാര്‍ സുമിയിലുണ്ടെന്നാണ് വിവരം.

രാവിലെ 10 മണി മുതൽ സാധരണക്കാര്‍ക്ക് രക്ഷപ്പെടുന്നതിനായി മരിയുപോൾ, വോൾനോവാഖ എന്നിവിടങ്ങളില്‍ മാനുഷിക ഇടനാഴി തുറന്നിരുന്നതായി കഴിഞ്ഞ ദിവസം ‍ഡല്‍ഹിയിലുള്ള റഷ്യന്‍ എംബസി അറിയിച്ചിരുന്നു. എന്നാല്‍ റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്നും തുടര്‍ച്ചയായ ഷെല്ലാക്രമണം മൂലം രക്ഷാദൗത്വം സാധ്യമാകില്ലെന്ന് യുക്രൈന്‍ വ്യക്തമാക്കി.

ഇന്ത്യക്കാര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചൊ?

കിഴക്കന്‍ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം. ചിലര്‍‍ നൂറിലധികം കിലോമീറ്റര്‍ അകലെയുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് നീങ്ങി. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ മേഖലയിലേക്ക് പോകാനും കഴിഞ്ഞില്ല.

ആര്‍ക്കൊക്കെ പുറത്തു കടക്കാന്‍ കഴിഞ്ഞു

പിസോച്ചിന്‍, സുമി എന്നിവിടങ്ങളില്‍ കുടുങ്ങിയവര്‍ അല്ലാതെ ഒരുപാട് ഇന്ത്യന്‍ പൗരന്മാര്‍ ഇനി യുക്രൈനില്‍ ഇല്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് അരിഡാം ബാഗ്ചി പറയുന്നത്. വളരെ ഗുരുതര സ്ഥിതിയില്‍ തുടര്‍ന്ന ഇന്ത്യക്കാര്‍ ഹാര്‍കീവില്‍ നിന്ന് രക്ഷപെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ ഇന്ത്യൻ പൗരന്മാരെയും പിസോച്ചിനില്‍ നിന്ന് ഒഴിപ്പിച്ചതായി യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. യത്രയിലുടനീളം അവരുമായി ബന്ധപ്പെടുന്നത് തുടരും. അവരുടെ സുരക്ഷ എപ്പോഴും മുന്‍ഗണനയിലുള്ള കാര്യമാണെന്നും എംബസി അറിയിച്ചു.

വിദേശകാര്യ മന്ത്രാലയം വക്താവ് പറയുന്നതനിസരിച്ച് ഇനി കേവലം 289 വിദ്യാര്‍ഥികള്‍ മാത്രമാണ് പിസോച്ചിനിന്റെ സമീപ മേഖലയിലുള്ളത്. ഇന്ന് തന്നെ ഇവരെ പുറത്ത് കടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. മൂന്ന് ബസുകളിലായി വിദ്യാര്‍ഥികള്‍ ഇതിനോടകം പുറപ്പെട്ടു. ബാക്കിയുള്ളവരെ കൊണ്ടു വരാന്‍ അഞ്ച് ബസുകള്‍ മതിയായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15 വിമാനങ്ങളിലായി 2,900 ഇന്ത്യക്കാരെയാണ് തിരിച്ചെത്തിയത്. ഓപ്പറേഷന്‍ ഗംഗ മുഖേന ഇതുവരെ 13,300 പൗരന്മാര്‍ രാജ്യത്തേക്ക് മടങ്ങിയെത്തി. അടുത്ത 24 മണിക്കൂറില്‍ 13 വിമാനങ്ങള്‍ കൂടി എത്തുമെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

സുമിയിലെ സാഹചര്യം

സുമിയിലുള്ള വിദ്യാര്‍ഥികളോട് അവിടെ തന്നെ തുടരാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വെടി നിര്‍ത്തല്‍ സാധ്യമായാല്‍ രക്ഷാദൗത്യം ആരംഭിക്കാന്‍ കഴിയും. എന്നാല്‍ ഷെല്ലാക്രമണം തുടരുന്നത് വെല്ലുവിളിയാണെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്.

“സുമിയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. വെടിനിര്‍ത്തലിനായി യുക്രൈന്‍, റഷ്യ സര്‍ക്കാരുകള്‍ക്ക് സമ്മര്‍ദം നല്‍കുന്നുണ്ട്. മുന്‍കരുതല്‍ സ്വീകരിക്കാനും അനാവശ്യ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്,” ബാഗ്ചി പറഞ്ഞു.

“ഇപ്പോള്‍ സുമിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുന്നതിനായി വിവിധ മാര്‍ഗങ്ങള്‍ നോക്കുന്നുണ്ട്. ഷെല്ലാക്രമണം തുടരുന്നതാണ് പ്രശ്നം. അതുകൊണ്ട് തന്നെ ഗതാഗത സൗകര്യം ഒരുക്കുന്നതും ബുദ്ധിമുട്ടാണ്. അപകടം പരമാവധി ഒഴിവാക്കി രക്ഷാദൗത്യത്തിലേക്ക് കടക്കുക എന്നതാണ് ലക്ഷ്യം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ശെരിക്കും രണ്ട് മാര്‍ഗങ്ങളാണുള്ളത്. കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച്, അല്ലെങ്കില്‍ പടിഞ്ഞാറന്‍ പ്രദേശത്തു കൂടി. പക്ഷെ ഒന്നിന് മുകളില്‍ മറ്റൊന്ന് തിരഞ്ഞെടുക്കുന്നില്ല. എല്ലാ സൗകര്യങ്ങളും സംഘടിപ്പിക്കാന്‍ കഴിയുന്ന മാര്‍ഗമായിരിക്കും സ്വീകരിക്കുക. കൂട്ടികള്‍ കൂട്ടമായി ഒന്നല്ലെങ്കില്‍ രണ്ട് സ്ഥലത്തുണ്ട് എന്നത് ആശ്വാസമാണ്. വെടിനിര്‍ത്തലുണ്ടായാല്‍ പടിഞ്ഞാറ് വഴി എളുപ്പത്തില്‍ രക്ഷാദൗത്യം സാധ്യമാകും,” അദ്ദേഹം വിശദീകരിച്ചു.

Also Read: വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികളെ ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചത് എന്തുകൊണ്ട്, ആര്‍ക്കൊക്കെ അപേക്ഷിക്കാം?

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Evacuation challenge in sumy 700 indians stranded explained