scorecardresearch
Latest News

പ്രക്ഷോഭങ്ങൾക്കിടയിലും ഈ കാർഷിക നിയമം കേന്ദ്രം നടപ്പാക്കണമെന്ന് പാർലമെന്ററി സമിതി ശുപാർശ ചെയ്തത് എന്തുകൊണ്ട്?

വിവാദപരമായ മൂന്ന് കാർഷിക നിയമങ്ങളിൽ ഒന്നാണ് 2020ലെ അവശ്യവസ്തു (ഭേദഗതി) നിയമം. എസൻഷ്യൽ കമ്മോഡിറ്റീസ് ആക്റ്റ്, 1955 ഭേദഗതി ചെയ്താണ് 2020 സെപ്റ്റംബർ 26 ന് ഈ നിയമം നടപ്പിലാക്കിയത്.

farmers protests, punjab farmers protests, singhu border, farmer laws protests, Essential Commodities (Amendment) Act, 2020, farmers news, അവശ്യവസ്തു നിയമം, അവശ്യവസ്തു ഭേദഗതി നിയമം, കാർഷിക നിയമം, ie malayalam

ഡൽഹി അതിർത്തിയിൽ പ്രതിഷേധം തുടരുന്ന കർഷകർ എതിർക്കുന്ന മൂന്ന് കാർഷിക നിയമങ്ങളിലൊന്നായ അവശ്യവസ്തു (ഭേദഗതി) നിയമം 2020 നിയമം നടപ്പാക്കാൻ ഭക്ഷ്യ, ഉപഭോക്തൃ കാര്യ, പൊതുവിതരണ സ്റ്റാൻഡിംഗ് കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ 114 ദിവസമായി കർഷകർ ഇതടക്കമുള്ള മൂന്ന് നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെയാണ് ഈ നിയമം നടപ്പാക്കാൻ സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തത്.

അവശ്യ വസ്തു ഭേദഗതി നിയമം

വിവാദപരമായ മൂന്ന് കാർഷിക നിയമങ്ങളിൽ ഒന്നാണ് 2020ലെ അവശ്യ വസ്തു (ഭേദഗതി) നിയമം. 1955ലെ അവശ്യ വസ്തു നിയമം (എസൻഷ്യൽ കമ്മോഡിറ്റീസ് ആക്റ്റ്) ഭേദഗതി ചെയ്താണ് 2020 സെപ്റ്റംബർ 26 ന് ഈ നിയമം പ്രാബല്യത്തിൽ വന്നത്. ഭേദഗതി ചെയ്ത നിയമപ്രകാരം ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യ എണ്ണകൾ, ഉരുളക്കിഴങ്ങ് എന്നിവ ഉൾപ്പെടെയുള്ള ചില ഭക്ഷ്യവസ്തുക്കളുടെ സംഭരണം അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ നിയന്ത്രിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യുന്നു. അസാധാരണമായ വിലക്കയറ്റം, യുദ്ധം, ക്ഷാമം, കഠിനമായ പ്രകൃതിദുരന്തം തുടങ്ങിയവയാണ് അസാധാരണ സാഹചര്യങ്ങൾ. ഫലത്തിൽ, ഭേദഗതി പ്രകാരം അവശ്യവസ്തുക്കളുടെ ഉത്പാദനം, വിതരണം, വിതരണം മുതലായവ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന 3 (1) വകുപ്പിന്റെ പരിധിയിൽ നിന്ന് ഇവ പുറത്താവുന്നു.

Read More: അവശ്യ വസ്തു നിയമം നടപ്പാക്കാന്‍ നിര്‍ദേശിച്ച് കമ്മിറ്റി; പ്രതിപക്ഷ പാർട്ടികളുടേത് ഇരട്ടത്താപ്പെന്ന് കർഷകർ

എസൻഷ്യൽ കമ്മോഡിറ്റീസ് ആക്റ്റ് 2020 പ്രകാരം സർക്കാർ 1955 ലെ അവശ്യ ചരക്ക് നിയമത്തിലെ മൂന്നാം വകുപ്പിൽ ഉപവകുപ്പായ 1 (എ) ഉൾപ്പെടുത്തിയിട്ടുണ്ട്. യുദ്ധം, ക്ഷാമം, അസാധാരണമായ വിലക്കയറ്റം, ഗുരുതരമായ പ്രകൃതി ദുരന്തം എന്നിവ ഉൾപ്പെടുന്ന അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ അവയുടെ സംഭരണവുമായി ബന്ധപ്പെട്ട് സർക്കാരിന് നിയന്ത്രണ നടപടികൾ സ്വീകരിക്കാനാവൂ എന്ന് ഈ ഉപ വകുപ്പിൽ പറയുന്നു. സംഭരിക്കുന്ന അളവിൽ പരിധി ഏർപ്പെടുത്താൻ കഴിയുന്ന വ്യവസ്ഥകൾ എന്തെല്ലാമെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.

നിയമം നടപ്പാക്കാൻ കമ്മിറ്റി ശുപാർശ ചെയ്താനുള്ള കാരണം

ടിഎംസി അംഗം സുദീപ് ബന്ദ്യോപാധ്യായയുടെ നേതൃത്വത്തിലുള്ള ഭക്ഷ്യ, ഉപഭോക്തൃ കാര്യ, പൊതുവിതരണ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് അവശ്യവസ്തു (ഭേദഗതി) നിയമം 2020 നടപ്പാക്കാൻ സർക്കാരിനോട് ശുപാർശ ചെയ്തത്. ‘അവശ്യവസ്തുക്കളുടെ വിലക്കയറ്റം- കാരണങ്ങളും ഫലങ്ങളും,’ എന്ന റിപ്പോർട്ടിൽ നിയമം നടപ്പാക്കുന്നതിനുള്ള കാരണങ്ങൾ കമ്മിറ്റി നൽകിയിട്ടുണ്ട്. മിക്ക കാർഷികോൽപ്പന്നങ്ങളുടെ കാര്യത്തിലും രാജ്യത്ത് മിച്ചമുണ്ടാവുന്നുണ്ടെങ്കിലും, കോൾ‌ഡ് സ്റ്റോറേജ്, വെയർ‌ഹൗസുകൾ, സംസ്കരണം, കയറ്റുമതി എന്നിവയിലെ നിക്ഷേപത്തിന്റെ അഭാവം മൂലം കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കാൻ കഴിയുന്നില്ലെന്ന് കണ്ടെത്തിയതായി കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. 1955ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്റ്റ് പ്രകാരമുള്ള നിയന്ത്രണ സംവിധാനങ്ങൾ കാരണമാണ് അത്തരം നിക്ഷേപങ്ങൾ നിരുത്സാഹപ്പെടുന്നതെന്നാണ് ഈ രംഗത്തെ സംരംഭകർ വ്യക്തമാക്കിയതെന്നും റിപ്പോർട്ട് പറയുന്നു.

Read More: പഴയ വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ചിലവേറിയതാവും: കേന്ദ്രത്തിന്റെ കരട് വിജ്ഞാപനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം?

ഈ രംഗത്ത് ബിസിനസ്സ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്നും അവശ്യ ചരക്ക് നിയമപ്രകാരമുള്ള ഇടയ്ക്കിടെയുള്ള നിയമപരമായ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഭയം നീക്കംചെയ്യണമെന്നും സമിതി അഭിപ്രായപ്പെടുന്നു.

കമ്മിറ്റി അംഗങ്ങൾ

30 അംഗ സമിതിയിൽ ഇരുസഭകളിൽ നിന്നുമുള്ള 13 പാർട്ടികളിൽ നിന്നുള്ള അംഗങ്ങളുണ്ട്. ബിജെപി, കോൺഗ്രസ്സ്, എഎപി, ഡിഎംകെ, ജെഡിയു, നാഗ പീപ്പിൾസ് ഫ്രണ്ട്, എൻസിപി, എൻസി, പിഎംകെ, എസ്പി, ശിവസേന, തൃണമൂൽ കോൺഗ്രസ്, വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്നുള്ളവർ അംഗങ്ങളിൽ ഉൾപ്പെടുന്നു.

ഈ കമ്മിറ്റിയിലെ അംഗങ്ങളുടെ പാർട്ടികളിൽ മിക്കവയും മൂന്ന് കാർഷിക നിയമങ്ങളെ എതിർത്തുവെങ്കിലും 30 അംഗങ്ങളിൽ ആരും അവശ്യവസ്തു നിയമത്തിന് അനുകൂലമായ റിപ്പോർട്ടിൽ വിയോജന കുറിപ്പ് നൽകിയിട്ടില്ല.

‘അവശ്യ വസ്തു’ എന്ന നിർവചനം

അവശ്യവസ്തുക്കളുടെ പ്രത്യേക നിർവചനം 1955-ലെ അവശ്യ വസ്തു നിയമത്തിൽ ഇല്ല. വകുപ്പ് 2 (എ) പ്രകാരം “അവശ്യ വസ്തു” എന്നാൽ നിയമത്തിന്റെ ഷെഡ്യൂളിൽ വ്യക്തമാക്കിയ ഒരു ഉൽപന്നമോ പദാർത്ഥമോ ആണ്.

ഷെഡ്യൂളിൽ ഒരു ചരക്ക് ചേർക്കാനോ നീക്കംചെയ്യാനോ ഈ നിയമം കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നു. പൊതുതാൽ‌പര്യത്തിനായി  അത്യാവശ്യമാണെന്ന് കേന്ദ്രത്തിന് ബോധ്യമുണ്ടെങ്കിൽ, സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഒരു ഇനം അവശ്യ വസ്തുവാണെന്ന് വിജ്ഞാപനം ചെയ്യാൻ കഴിയും.

Read More: കോ ലീ ബി സഖ്യം -1991ൽ നിന്നും 2021ൽ എത്തുമ്പോൾ

നിയമം നടപ്പാക്കുന്ന ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, നിലവിൽ ഷെഡ്യൂളിൽ ഏഴ് ചരക്കുകൾ അടങ്ങിയിരിക്കുന്നു – മരുന്നുകൾ, വളങ്ങൾ, ഭക്ഷ്യ എണ്ണകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ, പരുത്തി നൂൽ; പെട്രോളിയം ഉൽ‌പന്നങ്ങൾ; അസംസ്കൃത ചണവും ചണം തുണിയും; ഭക്ഷ്യവിളകളുടെ വിത്തുകളും കാലിത്തീറ്റയും ചണം, പരുത്തി പോലുള്ളവയുടെ വിത്തുകളും എന്നിവയാണവ.

ഒരു ചരക്ക് അത്യാവശ്യമാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ, ആ ചരക്കിന്റെ ഉത്പാദനം, വിതരണം, സംഭരണം എന്നിവയിൽ ഇടപെടാനും അവയുടെ സംഭരണത്തിന് പരിധി ഏർപ്പെടുത്താനും സർക്കാരിന് കഴിയും.

സംഭരണ പരിധി ഏർപ്പെടുത്താൻ കഴിയുന്ന സാഹചര്യങ്ങൾ

1955 ലെ നിയമം പ്രകാരം സംഭരണത്തിന് പരിധി ഏർപ്പെടുത്തുന്നതിന് വ്യക്തമായ ഒരു ചട്ടക്കൂട് നൽകിയിട്ടില്ല. ഭേദഗതി ചെയ്ത നിയമത്തിൽ യുദ്ധം, ക്ഷാമം, അസാധാരണമായ വിലക്കയറ്റം, പ്രകൃതിദുരന്തം തുടങ്ങിയ അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ കാർഷിക ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നത് നിയന്ത്രിക്കാൻ കഴിയൂ എന്ന് പറയുന്നു.

എന്നിരുന്നാലും, സംഭരണ പരിധി ഏർപ്പെടുത്തുന്നതിനുള്ള ഏത് നടപടിയും വില വർധനവിനുള്ള സാഹചര്യം അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ഹോർട്ടികൾച്ചറൽ ഉൽ‌പ്പന്നങ്ങളുടെ കാര്യത്തിൽ, ഒരു ചരക്കിന്റെ ചില്ലറ വിലയിൽ തൊട്ടുമുമ്പുള്ള 12 മാസത്തെ അപേക്ഷിച്ചോ അല്ലെങ്കിൽ കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരി ചില്ലറ വിലയെ അപേക്ഷിച്ചോ 100 ശതമാനം വർദ്ധനവുണ്ടായാൽ നിയന്ത്രണം കൊണ്ടുവരാം.

നശിക്കാത്ത കാർഷിക ഭക്ഷ്യവസ്തുക്കളെ സംബന്ധിച്ചിടത്തോളം, ചരക്കുകളുടെ ചില്ലറ വിൽപ്പന വിലയിൽ തൊട്ടുമുമ്പുള്ള 12 മാസത്തെ അപേക്ഷിച്ചോ അല്ലെങ്കിൽ കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരി ചില്ലറ വിൽപ്പന വിലയെ അപേക്ഷിച്ചോ 50 ശതമാനം വർദ്ധനവുണ്ടായാലാണ് ഈ ഇടപെടലുണ്ടാവുക.

ഭേദഗതിയും സാഹചര്യങ്ങളും

കുറഞ്ഞ അളവിലുള്ള ഭക്ഷ്യധാന്യ ഉൽപാദനം കാരണം രാജ്യം ഭക്ഷ്യക്ഷാമം നേരിടുന്ന ഒരു സമയത്താണ് 1955 ലെ നിയമനിർമ്മാണം നടത്തിയത്. ജനങ്ങളുടെ ഭക്ഷ്യ ആവശ്യത്തിനായി ഇറക്കുമതിയും സഹായവും ആശ്രയിക്കേണ്ടി വന്നിരുന്നു അന്ന്. അന്ന് ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാനാണ്1955 ൽ അവശ്യ വസ്തു നിയമം നടപ്പാക്കിയത്.

Read More:  അസമിൽ നിർണായകമായി ചെറു പാർട്ടികൾ; തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം നേടും

എന്തായാലും ഇപ്പോൾ സ്ഥിതി മാറി. ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം തയ്യാറാക്കിയ ഒരു രേഖയിൽ കാണിക്കുന്നത് ഗോതമ്പിന്റെ ഉത്പാദനം 10 മടങ്ങ് വർദ്ധിച്ചു (1955-56ൽ 10 ദശലക്ഷം ടണ്ണിൽ നിന്ന് 2018-19ൽ 100 ദശലക്ഷം ടണ്ണായി) എന്നാണ്. അതേസമയം അരി ഉത്പാദനം നാലിരട്ടിയിലധികം (ഇതേ കാലയളവിൽ ഏകദേശം 25 ദശലക്ഷം ടണ്ണിൽ നിന്ന് 110 ദശലക്ഷം ടണ്ണായി) വർദ്ധിച്ചു. പയർവർഗ്ഗങ്ങളുടെ ഉത്പാദനം 2.5 മടങ്ങ് വർദ്ധിച്ചു, 10 ദശലക്ഷം ടണ്ണിൽ നിന്ന് 25 ദശലക്ഷം ടണ്ണായി. ഇന്ത്യ ഇപ്പോൾ നിരവധി കാർഷിക ഉൽ‌പന്നങ്ങളുടെ കയറ്റുമതി രാജ്യമായി മാറിയിട്ടുണ്ട്.

എന്തുകൊണ്ടാണ് ഭേദഗതിയെ എതിർക്കുന്നത്?

ഈ ഭേദഗതി കർഷകരെയും ഉപഭോക്താക്കളെയും ദോഷകരമായ തരത്തിൽ ബാധിക്കുമെന്നും ഇത് പൂഴ്ത്തിവെപ്പുകാർക്ക് മാത്രമേ ഗുണം ചെയ്യൂ എന്നും പ്രതിപക്ഷം പറയുന്നു. ബില്ലിൽ വിഭാവനം ചെയ്തിട്ടുള്ള മാനദണ്ഡങ്ങൾ യാഥാർത്ഥ്യബോധമില്ലാത്തതാണെന്ന് അവർ പറയുന്നു. അതിനാൽ തന്നെ അവശ്യഘട്ടങ്ങളിൽ സർക്കാർ നിയന്ത്രണങ്ങൾ വരുത്തുന്നത് അസാധ്യമാവുമെന്നും അവർ പറയുന്നു.

എഴുതിയത്: ഹരികൃഷ്ണൻ ശർമ

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Essential commodities amendment act 2020 farmers protests parliamentary panel bjp