ഭാഷാഭേദമന്യേ ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ ഗാനമാണ് ‘എന്‍ജോയ് എന്‍ജാമി’. കൊച്ചുക്കുട്ടികള്‍ മുതല്‍ പ്രായ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഈ പാട്ട് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ‘എന്‍ജോയ് എന്‍ജാമി’ യുടെ ഉടമസ്ഥത സംബന്ധിച്ച് സംവിധായകനും ഗായകനും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ് ഇപ്പോൾ. 44-ാം ചെസ്സ് ഒളിംപ്യാഡിന്റെ ഉദ്ഘാടന വേദിയില്‍ ഗായകരായ ധീ, കിടക്കുഴി മരിയമ്മല്‍ എന്നിവര്‍ ഈ ഗാനം ആലപിച്ചിരുന്നു. പാട്ടിനു ശേഷം ഗാകനായ അറിവിനെ പറ്റി പറയാതിരുന്നതാണ് പ്രശ്നത്തിന്റെ തുടക്കം. സംഗീതജ്ഞനായ സന്തോഷ് നാരായണനെയാണ് പകരം ഗാനത്തിന്റെ നിര്‍മ്മാതാവ് എന്ന രീതിയില്‍ പരിചയപ്പെടുത്തിയത്.
അറിവിന്റെ പേര് ഉള്‍പ്പെടുത്താത്തതിലുളള അതൃപ്തി പലരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. വിവാദങ്ങള്‍ക്ക് മറുപടിയുമായി ഒടുവില്‍ അറിവും രംഗത്ത് വന്നു. ഞായറാഴ്ച്ച തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ‘സംവിധാനം, രചന, ആലാപനം- എന്‍ജോയ് എന്‍ജാമി’ എന്ന് അറിവ് കുറിച്ചു. “ആരും എനിക്ക് ഒരു വാക്കോ വരിയോ ഈണമോ പറഞ്ഞു തന്നിട്ടില്ല. എന്റെ ആറു മാസത്തെ ഉറക്കമില്ലാത്ത രാത്രികളുടെയും പരിശ്രമത്തിന്റെയും ഫലമാണ് നിങ്ങള്‍ കണ്ടത്. ഒരുപാട് പേരുടെ കൂട്ടമായ ശ്രമം ഇതിലുണ്ട്, അത് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ അത് ഒരിക്കലും എന്റെ പൂര്‍വ്വികരുടെ ചരിത്രമല്ലാതാവുന്നില്ല. ഞാന്‍ നിര്‍മ്മിക്കുന്ന എല്ലാത്തിലും അതിന്റെ ഏടുകള്‍ ഉണ്ടാകും,” അറിവ് പറയുന്നു.
മണിക്കൂറുകള്‍ക്കകം സന്തോഷ് നാരായണനും വിശദീകരണവുമായി എത്തി. അറിവ് പറഞ്ഞതില്‍ നിന്ന് തികച്ചും വ്യത്യസ്തമായായിരുന്നു സന്തോഷ് നാരായണന്റെ പ്രതികരണം. ” 30 മണിക്കൂറുകള്‍ കൊണ്ടാണ് എന്‍ജോയ് എന്‍ജാമിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും കഴിഞ്ഞത്. അതുകൊണ്ട് തന്നെ നല്ല രസകരമായാണ് ഓരോ സീനും ഷൂട്ട് ചെയ്തത്,” സന്തോഷ് നാരായണന്‍ വിശദീകരിച്ചു.
എന്‍ജോയ് എന്‍ജാമി എന്ന പദം തന്റെ സംഭാവനയാണെന്നും അതിനെ ചുറ്റിപ്പറ്റി ഒരു കഥ ഉണ്ടാക്കുക മാത്രമാണ് അറിവ് ചെയ്തതെന്നുമാണ് സന്തോഷ് പറയുന്നത്. താന്‍ ഒരു പ്രൊഡ്യൂസര്‍ മാത്രമാണ്. ഇന്ത്യയില്‍ പണം മുടക്കുന്ന ആളെയാണ് പ്രൊഡ്യൂസര്‍ എന്ന് വിളിക്കുന്നത് അല്ലാതെ കലാ സൃഷടിയുമായി അടുത്തു നില്‍ക്കുന്ന ആളെയല്ല. 2020 ഡിസംബറിലാണ് പ്രകൃതിയുടെ സ്മൃതി പറഞ്ഞൊരു പാട്ട് നിര്‍മ്മിക്കാം എന്ന ആശയവുമായി ധീ സമീപിക്കുന്നത്. ഗാനം രചിച്ചതും സംഗീതം നല്‍കിയതും ഗായകരില്‍ ഒരാളായതും ഞാന്‍ തന്നെയാണ്’ സന്തോഷ് കൂട്ടിച്ചേര്‍ത്തു.
ചെസ്സ് ഒളിംപ്യാഡ് വേദിയില്‍ വച്ചുണ്ടായ വിവാദത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഇപ്പോള്‍ സന്തോഷ് നാരായണന്‍. പാട്ട് പുറത്തിറക്കിയതില്‍ നിന്നുണ്ടായ ലാഭം മൂന്നു പേരും വീതിച്ചെടുത്തെന്നും സന്തോഷ് പറയുന്നു.
ഇതാദ്യമായല്ല അറിവ് ഇത്തരത്തിലുളള ഒരു വിവാദത്തില്‍ ഉള്‍പ്പെടുന്നത്. ‘ എന്‍ജോയ് എന്‍ജാമി’യുടെ വിജയം ആഘോഷിക്കുന്ന വേളയില്‍ ധീ, ഷാന്‍ വിന്‍സന്റ് എന്നിവരെ മാത്രം അനുമോദിച്ചതിലും അറിവ് പ്രതിഷേധിച്ചിരുന്നു.
എൻജോയ് എൻചാമിയുടെ പിറവി
സന്തോഷ് നാരായണന്‍ ആണ് എൻജോയ് എൻചാമി എന്ന ആൽബം നിർമ്മിച്ചിരിക്കുന്നത്. ധീയും അറിവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇരുവരും ഗാനരംഗത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ആൽബം റിലീസ് ചെയ്തത് എ.ആർ റഹ്മാന്‍റെ മാജ്ജാ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു. സ്വതന്ത്ര സംഗീത പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റഹ്മാൻ തുടങ്ങിയ ചാനലാണ് മാജ്ജാ.
ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്. 430 മില്യൺ ആളുകൾ യൂട്യൂബിൽ ഇതിനകം ഈ ആൽബം കണ്ടുകഴിഞ്ഞു.
“200 ആണ്ടുകൾക്ക് മുന്നേ നിലമറ്റ് ഈ മണ്ണിൽ ജീവിച്ച, മണ്ണിൽ ഉഴച്ചു കൊണ്ടേയിരുന്ന ഒരു ജനതയെ പട്ടിണി കാലത്ത് ശ്രീലങ്കയിലേക്ക് തേയിലത്തോട്ടത്തിൽ അടിമയായി ജോലി ചെയ്യാൻ കൊണ്ടു പോയിരുന്നു… മനുഷ്യന്‍റെ കാൽപാട് വീഴാത്ത ഘോരവനങ്ങൾ വെട്ടി അവർ നഗരങ്ങൾ ഉരുവാക്കി, വീടുകൾ കെട്ടി, ശ്രീലങ്കയുടെ സാമ്പത്തിക വളർച്ചയ്ക്ക് പ്രധാന കാരണം അവിടെ തേയിലത്തോട്ടത്തിൽ ഇല പറിക്കുന്ന കൂലി തൊഴിലാളികളായിരുന്നു, തമിഴിൽ നിന്നും പോയവർ…
ശേഷം ഇവിടെ ജനസംഖ്യ അധികമാണ്.. നിങ്ങൾ ഇവിടുത്തുകാർ അല്ല എന്നൊക്കെ പറഞ്ഞ് അവർ എവിടെ നിന്നു വന്നോ അവിടേക്ക് തന്നെ അവരെ ആട്ടിപ്പായിച്ചു, തിരികെ നാട്ടിലെത്തിയപ്പോൾ അവർക്ക് തേയില നുള്ളുന്നതല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു അവർ ഇവിടുത്തെ മലയിടുക്കുകളിൽ അഭയംതേടി, ഊട്ടി, കൊടൈക്കനാൽ, ഗൂഡല്ലൂർ തുടങ്ങിയിടങ്ങളിൽ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്തു.. അവിടെയും ജോലി നിഷേധങ്ങൾ നേരിട്ട് മറ്റു ജോലികൾ ചെയ്തു ഉഴച്ച് ഉഴച്ച് തൻ കുടുംബത്തെ രക്ഷിച്ച് മക്കളെ വളർത്തി ആളാക്കിയവർ… അതിൽ ഒരമ്മ..അവരുടെ പേര് വല്ലിയമ്മാൾ അവരാണെന്‍റെ മുത്തശ്ശി,അവരുടെ പേരക്കുട്ടിയാണ് ഞാൻ…അവരുടെ പാട്ടാണ് ഇത്, അവരുടെ കഥയാണ് ഇത്, അവരുടെ അധ്വാനമാണിത്….” എൻജോയ് എൻചാമിയുടെ മ്യൂസിക് ലോഞ്ചിനിടെ അറിവ് പറഞ്ഞതിങ്ങനെയായിരുന്നു.