scorecardresearch
Latest News

ഇ ഡി നടപടി: പരസ്യത്തിന്റെ പേരിൽ ഷാരൂഖ് ഖാന് പിഴ, ബൈജൂസുമായി ബന്ധപ്പെട്ട കേസുകൾ എന്താണ്?

സ്വകാര്യ വ്യക്തികളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ബൈജൂസിനെതിരെ അന്വേഷണം ആരംഭിച്ചതെന്ന് ഇഡി പറയുന്നു

Byju's, Byju's ED search, shah rukh khan, FEMA
Byju Raveendran

എഡ്യൂടെക്ക് കമ്പനിയായ ‘ബൈജൂസ് ന്റെ ബെംഗളൂരുവിലെ ഓഫീസുകളിലും സിഇഒ ബൈജു രവീന്ദ്രന്റെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ശനിയാഴ്ച റെയ്ഡ് നടത്തി. വിദേശ ഫണ്ടിങ് നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണങ്ങളിലാണ് റെയ്ഡ്.

2011 മുതല്‍ കമ്പനിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമായി (എഫ്ഡിഐ) ലഭിച്ച 28,000 കോടി രൂപയില്‍ 9,700 കോടി രൂപ വിദേശത്തേക്ക് മാറ്റിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. അതേസമയം പരിശോധന സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്നും ഇ ഡിയുമായി സഹകരിച്ചെന്നും സിഇഒ ബൈജു രവീന്ദ്രന്‍ പറഞ്ഞു. കമ്പനി സിഇഒ രവീന്ദ്രന്‍ ബൈജുവിന്റെ വസതിയിലും ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് പരിസരം ഉൾപ്പെടെയുള്ള ബെംഗളൂരുവിലെ മൂന്ന് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതെന്ന് ഇ ഡി അറിയിച്ചു.

ഇ ഡി പറഞ്ഞതെന്ത്?

“ വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) വ്യവസ്ഥകൾ പ്രകാരം ബൈജു രവീന്ദ്രൻ ബൈജൂസിന്റെയും അദ്ദേഹത്തിന്റെ കമ്പനിയായ ‘തിങ്ക് & ലേൺ പ്രൈവറ്റ് ലിമിറ്റഡ്’ (ബൈജു ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോം) കേസിൽ, ബെംഗളൂരുവിലെ 3 സ്ഥലങ്ങളിൽ ഇ ഡി തിരച്ചിൽ നടത്തി. തിരച്ചിലിനിടെ, വിവിധ രേഖകളും ഡിജിറ്റൽ ഡാറ്റയും പിടിച്ചെടുത്തു,” ഇഡി ട്വീറ്റിൽ പറഞ്ഞു.

2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കമ്പനിക്ക് 28,000 കോടി രൂപ (ഏകദേശം) നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതായി ഫെമ (ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) പരിശോധനയില്‍ കണ്ടെത്തി. വിദേശ നേരിട്ടുള്ള നിക്ഷേപം എന്ന പേരിൽ ഇതേ കാലയളവിൽ കമ്പനി 9,754 കോടി രൂപ (ഏകദേശം) വിവിധ വിദേശ അധികാരപരിധികളിലേക്ക് അയച്ചിട്ടുണ്ട്, ”ഇഡി പ്രസ്താവനയിൽ പറയുന്നു.

“വിദേശ അധികാരപരിധിയിലേക്ക് അയച്ച തുക ഉൾപ്പെടെ പരസ്യങ്ങളുടെയും മാർക്കറ്റിംഗ് ചെലവുകളുടെയും പേരിൽ കമ്പനി 944 കോടി രൂപ അയച്ചിട്ടുണ്ട്. 2020-21 സാമ്പത്തിക വർഷം മുതൽ കമ്പനി അതിന്റെ സാമ്പത്തിക പ്രസ്താവനകൾ തയ്യാറാക്കിയിട്ടില്ല മാത്രമല്ല അക്കൗണ്ടുകൾ ഓഡിറ്റും ചെയ്തിട്ടില്ല. അതിനാൽ, കമ്പനി നൽകിയ കണക്കുകളുടെ യഥാർത്ഥത രേഖയുമായി ഒത്തുനോക്കുകയാണ്, ”പ്രസ്താവനയിൽ പറയുന്നു.

സ്വകാര്യ വ്യക്തികളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ബൈജൂസിനെതിരെ അന്വേഷണം ആരംഭിച്ചതെന്ന് ഇ ഡി പറയുന്നു. അന്വേഷണത്തില്‍ കമ്പനി സ്ഥാപകനും സിഇഒയുമായ രവീന്ദ്രന്‍ ബൈജുവിന് ഇഡി സമന്‍സുകള്‍ അയച്ചിരുന്നു. എന്നാല്‍ ബൈജു അന്വേഷണത്തിൽനിന്നു എല്ലായ്‌പ്പോഴും ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ഇ ഡി പ്രസ്താവനയില്‍ പറഞ്ഞു.

ബൈജൂസ് പറഞ്ഞതെന്ത്?

ഇ ഡി റെയ്ഡ് സാധാരണരീതിയിൽ നടക്കുന്നവയാണെന്ന് ബൈജൂസിന്റെ വക്താവ് പറഞ്ഞു. “ഞങ്ങൾ അധികാരികളുമായി പൂർണ്ണമായും സുതാര്യത പുലർത്തുകയും അവർ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നൽകുകയും ചെയ്തു. ധാർമ്മികതയുടെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” പ്രസ്താവനയിൽ പറയുന്നു.

ബൈജൂസ് നേരിട്ട മറ്റു പ്രശ്നങ്ങൾ?

ജനറൽ അറ്റ്‌ലാന്റിക്, സെക്വോയ ക്യാപിറ്റൽ, ബ്ലാക്ക്‌റോക്ക് തുടങ്ങിയ വലിയ ആഗോള നിക്ഷേപകരെ ഏറെകാലങ്ങൾക്ക് ശേഷം ആകർഷിച്ച, ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ബൈജൂസ്.

വലിയ പ്രതീക്ഷകളോടെ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച കമ്പനിക്ക് ഇതുവരെ ലാഭം ബുക്ക് നേടാനായിട്ടില്ല. കഴിഞ്ഞ വർഷം 2,500 തൊഴിലാളികളെ പിരിച്ചുവിട്ട കമ്പനി ഒരു വർഷത്തിനുശേഷം, ഏകദേശം 1,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ബൈജൂസ് 2020-21ൽ 4,588 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഇത് 2019-20ൽ രേഖപ്പെടുത്തിയ 231.69 കോടി രൂപയേക്കാൾ 19 മടങ്ങ് കൂടുതലാണ്. 2020-21 സാമ്പത്തിക വർഷത്തിലെ (എഫ്‌വൈ) വരുമാനം 2020 ലെ 2,511 കോടി രൂപയിൽ നിന്ന് 2,428 കോടി രൂപയായി കുറഞ്ഞു. എഫ്‌വൈ22 ലെ
സാമ്പത്തിക റിപ്പോർട്ട് കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഷാരൂഖ് ഖാൻ ഉൾപ്പെട്ട ഇൻഡോർ കോടതിയിലെ കേസ് എന്താണ്?

മധ്യപ്രദേശിലെ ഇൻഡോറിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഏപ്രിൽ 26 ന് ബൈജൂസ് ജീവനക്കാരനും നടൻ ഷാരൂഖ് ഖാനുമെതിരെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്) കോച്ചിംഗിന് ചേർന്ന ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

2021ൽ പ്രവേശന സമയത്ത് പരാതിക്കാരിയായ പ്രിയങ്ക ദീക്ഷിത് നൽകിയ ഫീസായ 1.08 ലക്ഷം രൂപ 12 ശതമാനം വാർഷിക പലിശ സഹിതം തിരികെ നൽകണമെന്നും 5,000 രൂപ വ്യവഹാരച്ചെലവായും സാമ്പത്തികവും മാനസികവുമായ ക്ലേശങ്ങൾക്കുള്ള നഷ്ടപരിഹാരമായി 50,000 രൂപയും നൽകണമെന്നും ഉത്തരവിൽ പറയുന്നു. ബൈജുവിന്റെ ലോക്കൽ മാനേജരും ഷാരൂഖ് ഖാനും പരാതിക്കാരിയ്ക്ക് ഈ​ തുക “ഒന്നിച്ചോ, പ്രത്യേകമായോ” നൽകണമെന്ന് കമ്മീഷൻ പറഞ്ഞു.

“കേസിൽ നോട്ടീസ് അയച്ചിട്ടും എതിർകക്ഷികൾ (ബൈജുവിന്റെ മാനേജരും നടനുമായ ഷാരൂഖ് ഖാൻ) ഹാജരാകാത്തതിനാൽ അവർക്കെതിരെ ഏകപക്ഷീയമായ നടപടി സ്വീകരിച്ചു,” കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഷാരൂഖ് ഖാൻ അവതരിപ്പിച്ച പരസ്യമാണ് ബൈജൂസിൽ ചേരാൻ തന്നെ സ്വാധീനിച്ചതെന്ന് പ്രിയങ്ക അവകാശപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Ed search indore court fines srk over firms ad what are the two cases of byjus