2020-21 സീസണിലേക്കെങ്കിലും കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിന്റെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) സ്വപ്‌നങ്ങള്‍ അവസാനിച്ചു. വരുന്ന സീസണിലും 10 ടീമുകള്‍ മതിയെന്ന് ഐ എസ് എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡ് (എഫ് എസ് ഡി എല്‍) തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിന് അര്‍ത്ഥം, പുതിയ ക്ലബുകളെയോ ഫ്രാഞ്ചൈസികളെയോ ഉള്‍പ്പെടുത്തുകയില്ലെന്നാണ്.
ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. പക്ഷേ, നൂറ്റാണ്ട് തികഞ്ഞ ക്ലബ് ടൈറ്റില്‍ സ്‌പോണ്‍സറില്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്.
ക്വസ് കോര്‍പുമായുള്ള ഈസ്റ്റ് ബംഗാളിന്റെ ബാന്ധവം പ്രാവര്‍ത്തികമായില്ല. എന്താണ് സംഭവിച്ചത്?
2018 ജൂലൈയില്‍ ഈസ്റ്റ് ബംഗാള്‍ ക്വസ് കോര്‍പുമായി ഒരു പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. നിക്ഷേപകര്‍ക്ക് 70 ശതമാനം ഓഹരികള്‍ വിറ്റു. മൂന്ന് വര്‍ഷത്തിനിടയില്‍ ഈസ്റ്റ് ബംഗാള്‍ ഐ എസ് എല്‍ കളിച്ചില്ലെങ്കില്‍ ഈ പങ്കാളിത്തം അവസാനിപ്പിക്കുമെന്ന വകുപ്പ് ക്വസ് കോര്‍പ് കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്ന് ഡോ ശാന്തി രഞ്ജന്‍ ദാസ് ഗുപ്ത പറഞ്ഞു. 2019 ശരത്കാലത്ത് ക്ലബ് മാനേജ്‌മെന്റിന് ഒരു കത്തയച്ചു. 2020 മെയ് 31-ന് ശേഷം അവര്‍ ക്ലബിനൊപ്പം ഉണ്ടാകുകയില്ലെന്ന് കത്തില്‍ പറഞ്ഞിരുന്നു.
Read Also: വേദനിപ്പിച്ചെങ്കില്‍ മാപ്പ്, സൗരവ് ഗാംഗുലിക്ക് സഞ്ജയ് മഞ്ജരേക്കറുടെ കത്ത്
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അവര്‍ക്ക് (ക്വസ്) തുടരാന്‍ കഴിയില്ലെന്ന് കത്തില്‍ പറയുന്നു. ഐ എസ് എല്ലില്‍ കളിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. എല്ലാറ്റിനുമൊടുവില്‍ അവരാണല്ലോ ടൈറ്റില്‍ സ്‌പോണ്‍സര്‍. ഞങ്ങള്‍ക്ക് അവരെ വേണമായിരുന്നു. എന്തുകൊണ്ട് ഞങ്ങളുമായി വഴിപിരിയാന്‍ അവര്‍ തീരുമാനിച്ചുവെന്ന് എനിക്ക് വ്യക്തമായി അറിയില്ല, ദാസ് ഗുപ്ത ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
അതേസമയം, ഈ വിഷയത്തില്‍ ക്വസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ അജിത്ത് ഐസക്ക് പ്രതികരിച്ചില്ല.
പക്ഷേ, ഈസ്റ്റ് ബംഗാള്‍ ഐ എസ് എല്ലില്‍ ചേരുന്നതിന് അടുത്തെത്തി?
തീര്‍ച്ചയായും, അവര്‍ വളരെ അടുത്തെത്തിയിരുന്നു. 2019 വേനല്‍ക്കാലത്ത് ക്വസിന് എല്ലാ രേഖകളും കരട് രൂപവും ലഭിച്ചിരുന്നു. ഐ എസ് എല്ലില്‍ ചേരുന്നതിന് ഒരു ഒപ്പിന്റെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കരുതി.
തനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യാമെന്ന് അജിത്ത് വാഗ്ദാനം നല്‍കിയിരുന്നുവെന്ന് ഈസ്റ്റ് ബംഗാള്‍ അധികൃതര്‍ പറയുന്നു. ഒരു തിങ്കളാഴ്ച ഐസക് ക്ലബ് അധികൃതരുമായുള്ള കൂടിക്കാഴ്ച്ച തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് ക്വസ് തലവന്‍ മോഹന്‍ ബഗാന്‍ അധികൃതരെ കണ്ടുവെന്നും അതിന് പിന്നാലെ അദ്ദേഹം കൂടിക്കാഴ്ച്ചയില്‍ നിന്നും പിന്‍മാറിയെന്നും ആരോപണമുണ്ട്. ബംഗളുരുവില്‍ ഈസ്റ്റ് ബംഗാള്‍ അധികൃതരുമായി ക്വസ് നടത്തിയ കൂടിക്കാഴ്ച്ച ഫലവത്തായുമില്ല.
അന്ന്, ഐ എസ് എല്ലില്‍ കളിക്കാന്‍ ബഗാനും താല്‍പര്യമുണ്ടായിരുന്നില്ല. ഐ ലീഗ് ക്ലബ്ബുകളുമായുള്ള സഹകരണം തുടരാന്‍ ആയിരുന്നു പദ്ധതിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
“ഫുട്‌ബോള്‍ ലോകത്ത് അങ്ങനെയൊരു കഥ പ്രചരിച്ചിരുന്നു. ഞാന്‍ അത് തെറ്റാണോ ശരിയാണോയെന്ന് ഉറപ്പിക്കാന്‍ ശ്രമിച്ചില്ല. സത്യം പറഞ്ഞാല്‍, മൂന്നാമതൊരു ആളുമായി ഒരു കമ്പനി കൂടിക്കാഴ്ച്ച നടത്തിയശേഷം പിന്‍വാങ്ങുകയാണെങ്കില്‍ അത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. കരട് രൂപത്തില്‍ ഒപ്പിടുമെന്ന ഉറപ്പ് ക്വസില്‍ നിന്നും ലഭിച്ചിരുന്നുവെന്ന് ഞാന്‍ സ്ഥിരീകരിക്കാം,” ദാസ് ഗുപ്ത പറഞ്ഞു.
Read Also: വിവാദ പരസ്യം: കോഹ്‌ലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി
ഏതാനും മാസങ്ങള്‍ക്കുശേഷം, എടികെയുമായി ലയിച്ച ബഗാന്‍ ഐ എസ് എല്ലില്‍ ചേരുകയും ചെയ്തു.
അതിന് ശേഷം, ക്വസിന്റെ ഡയറക്ടര്‍മാരും ഈസ്റ്റ് ബംഗാള്‍ അധികൃതരും തമ്മിലെ ബന്ധം വഷളായി?
ഗുരുതരമായ തിരിച്ചടിയായിരുന്നു അത്. ഫുട്‌ബോള്‍ ടീമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ക്വസും ടീം അധികൃതരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി.
മുഖ്യ പരിശീലകനായി അലക്‌സാണ്ട്രോ മെനെന്‍ഡെസിനെ നിയമിച്ചതും ചില വിദേശ കളിക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടതിലും ക്വസ് ടീം അധികൃതരെ മുഖവിലയ്‌ക്കെടുത്തില്ലെന്ന് ആരോപണമുണ്ടായിരുന്നു.
ക്ലബ് അധികൃതര്‍ ഫുട്‌ബോള്‍ കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചുവെന്നായിരുന്നു എതിര്‍ ആരോപണം. ഒരു ബോര്‍ഡ് മീറ്റിങ്ങില്‍ ഈസ്റ്റ് ബംഗാള്‍ ജനറല്‍ സെക്രട്ടറി കല്ല്യാണ്‍ മജൂംദാറും പരിശീലകനും തമ്മില്‍ വാക്കേറ്റമുണ്ടായിയെന്നും അത് ക്വസ് അധികൃതര്‍ക്ക് ഇഷ്ടമായില്ല. അവസാന നിമിഷമുണ്ടായ പിന്‍വാങ്ങലിനുശേഷം രണ്ടു ഭാഗങ്ങളുടേയും അധികൃതര്‍ ഒരു തിരിച്ചു പോക്ക് സാധ്യമല്ലാത്ത നിലയിലെത്തി.
“കഴിഞ്ഞ വര്‍ഷം ഐ ലീഗിന് മുന്നോടിയായി കളിക്കാരുടെ റിക്രൂട്ട്‌മെന്റ് മികച്ച നിലവാരത്തിലെത്തിയില്ലെന്നും അതിനാല്‍ ദുര്‍ബലമായ പൊസിഷനുകളിലേക്ക് ഞങ്ങള്‍ കളിക്കാരെ എടുക്കുകയാണെന്നും കമ്പനി നയാ പൈസ തരേണ്ടതില്ലെന്നും ഞങ്ങള്‍ ക്വസിനെ അറിയിച്ചു. മികച്ച കളിക്കാരില്ലാതെ ഞങ്ങള്‍ ഐ ലീഗില്‍ ബുദ്ധിമുട്ടുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. മാസത്തില്‍ ഒരു കൂടിക്കാഴ്ച്ച എങ്കിലും നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. ഐസക്കിനെ കാണാന്‍ ഞങ്ങള്‍ ബംഗളുരുവില്‍ പോയി. പക്ഷേ, അദ്ദേഹം ഞങ്ങളെ അവഗണിച്ചു. കല്ല്യാണ്‍ ദായുടെ വാക്കുകളെ വളച്ചൊടിച്ചു. ചില ആളുകള്‍ അദ്ദേഹത്തെ കരിവാരിത്തേയ്ക്കാന്‍ ശ്രമിച്ചു,? ദാസ് ഗുപ്ത പറഞ്ഞു.
ഇപ്പോള്‍ എന്താണ് അവസ്ഥ?
ഈസ്റ്റ് ബംഗാളിനൊരു സ്‌പോണ്‍സറില്ല. ഐ എസ് എല്ലില്‍ കളിക്കുന്നതിന് ഒരു ക്ലബ്ബിന് അല്ലെങ്കില്‍ ഫ്രാഞ്ചൈസിക്ക് ഓരോ സീസണിലും 40 കോടി രൂപ വേണം. ഫ്രാഞ്ചൈസി ഫീസായി മാത്രം 15 കോടി രൂപ വേണം. ക്ലബിന് ഓഗസ്റ്റ് 31 വരെ സമയമുണ്ടെന്ന് ദാസ് ഗുപ്ത പറയുന്നു. അന്നാണ് വരുന്ന സീസണിലേക്കുള്ള മത്സരക്രമം പ്രഖ്യാപിക്കുന്നത്.
Read Also: പ്രതിരോധത്തിലെ മലയാളി കരുത്ത്; അബ്ദുൾ ഹക്കുവിനെ നിലനിർത്തി കേരള ബ്ലാസ്റ്റേഴ്സ്
“പുതിയ ടീമിനെ ഉള്‍പ്പെടുത്തുന്നില്ലെന്ന് എഫ് ഡി എസ് എല്ലിന്റെ നിര്‍ദ്ദേശം ഞങ്ങള്‍ ഇതുവരെ കണ്ടില്ല. തീരുമാനം എടുക്കുന്നത് ഓഗസ്റ്റ് 31 വരെ നീട്ടിയെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ലീഗിന്റെ ജനപ്രിയത വര്‍ദ്ധിപ്പിക്കുന്നതിന് പാരമ്പര്യമുള്ള ക്ലബുകള്‍ എന്ന നിലയില്‍ ഈസ്റ്റ് ബംഗാളിനേയും മോഹന്‍ ബഗാനേയും ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് എഫ് എസ് ഡി എല്‍ സംസാരിച്ചിരുന്നു,” ദാസ് ഗുപ്ത പറഞ്ഞു.
ക്ലബ് ഇപ്പോഴും നിക്ഷേപകരെ തേടുന്നുണ്ടോ?
ശ്രമം തുടരുന്നുവെന്നാണ് ക്ലബിന്റെ അസിസ്റ്റന്റ് സെക്രട്ടറി പറഞ്ഞത്. ലഭിച്ചിരിക്കുന്ന അധിക സമയത്ത് ഗോള്‍ അടിച്ച് ജയിക്കാമെന്ന കാര്യം ഈസ്റ്റ് ബംഗാള്‍ അധികൃതര്‍ക്ക് അറിയാം. നിക്ഷേപകരുമായി സംസാരിക്കുന്നതായും നിലവിലെ ഐ എസ് എല്‍ ഫ്രാഞ്ചൈസികളില്‍ ഒന്നുമായി ലയിക്കാന്‍ ശ്രമിക്കുന്നതായും ദാസ് ഗുപ്ത പറഞ്ഞു.
ഈസ്റ്റ് ബംഗാള്‍ രാഷ്ട്രീയ സഹായം തേടിയിട്ടുണ്ടോ?
ബിജെപി നേതാവ് കൈലാസ് വിജയവര്‍ഗീയയുമായി ഒരു കൂടിക്കാഴ്ച്ച നടത്തിയെന്ന് ദാസ് ഗുപ്ത പറഞ്ഞു. “ഞങ്ങള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും സമീപിച്ചു. അവരെല്ലായ്‌പ്പോഴും സഹായിച്ചിരുന്നു. ഞങ്ങള്‍ എല്ലാ വഴികളും തേടുന്നു,” ദാസ് ഗുപ്ത പറഞ്ഞു.
എടികെയുമായുള്ള ഈസ്റ്റ് ബംഗാളിന്റെ ചര്‍ച്ചകള്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണ്?
ബംഗാനുമായുള്ള ലയനത്തിന് മുമ്പ് എടികെ ഈസ്റ്റ് ബംഗാളുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടു.
“അവര്‍ (എടികെ) ഞങ്ങളെ സമീപിച്ചിരുന്നു. 80-20 എന്ന ഓഹരി വിഹിതത്തിന് ഞങ്ങളെ ഏറ്റെടുക്കാമെന്ന് പറഞ്ഞു. പക്ഷേ, ഞങ്ങള്‍ 70-30 എന്ന നിലയില്‍ ഓഹരി കൈമാറിയപ്പോള്‍ ഞങ്ങള്‍ക്ക് മോശം അനുഭവമാണ് ഉണ്ടായത്. നിക്ഷേപകര്‍ ആരായാലും ഞങ്ങള്‍ ചില മൂല്യങ്ങള്‍ പിന്തുടരും. അത് ഈസ്റ്റ് ബംഗാളിന്റെ ശക്തിയാണ്. ഒരു ദിവസം രാവിലെ എഴുതിയുണ്ടാക്കാന്‍ പറ്റുന്ന ഒന്നല്ല അത്,” ദാസ് ഗുപ്ത പറഞ്ഞു.
സ്‌പോണ്‍സര്‍മാരില്ലാതെ എങ്ങനെയാണ് ക്ലബ് ദൈനംദിന ചെലവുകള്‍ നടത്തുന്നത്?
ഈസ്റ്റ് ബംഗാള്‍ ക്വസുമായുള്ള ബന്ധം മെയ് 31-ന് അവസാനിച്ചു. അതിനുശേഷം ക്ലബ് അധികൃതര്‍ ചെലവുകള്‍ക്കുള്ള തുക സ്വന്തം പോക്കറ്റില്‍ നിന്നുമെടുക്കുന്നു. ക്ലബിന്റെ ഒരു മാസത്തെ ചെലവ് 50 ലക്ഷം രൂപ വരും. ജീവനക്കാരുടെ ശമ്പളവും ഈസ്റ്റ് ബംഗാളിന്റെ അക്കാദമികളുടേയും ഫുട്‌ബോള്‍ സ്‌കൂളിന്റേയും പ്രവര്‍ത്തനം തുടരുന്നതിനുമുള്ള ചെലവുകള്‍ ഈ തുകയില്‍പരും. പക്ഷേ, ഇതൊരു താല്‍ക്കാലിക ഇടപാടാണ്.
ഈസ്റ്റ് ബംഗാള്‍ കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ കളിക്കാര്‍ക്ക് എന്ത് സംഭവിക്കും?
കവിന്‍ ലോബോ, സെഹന്‍ജ് സിങ്, വികാസ് ജയ്രു, ബല്‍വന്ത് സിങ്, ഇറാനിയന്‍ വിങ്ങറായ ഒമിദ് സിങ് തുടങ്ങിയ കളിക്കാരുമായി ഈസ്റ്റ് ബംഗാള്‍ കരാര്‍ ഒപ്പിട്ടു. ഫ്രാന്‍സിസ്‌കോ ജോസ് ബ്രുട്ടോ ദ കോസ്റ്റയെ മുഖ്യ പരിശീലകനായി ബുധനാഴ്ച്ച നിയമിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ കരാറുകള്‍ നിലവില്‍ വരും. പക്ഷേ, ഈസ്റ്റ് ബംഗാളിലന് ഐ എസ് എല്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ടീം വിട്ടു പോകാന്‍ അനുവാദമുണ്ടെന്ന വകുപ്പ് ഭൂരിപക്ഷം കളിക്കാരുടേയും കരാറിലുണ്ട്.
സ്‌പോണ്‍സര്‍മാരില്ലാതെ ഈസ്റ്റ് ബംഗാളിന് ഐ-ലീഗിലെങ്കിലും കളിക്കാന്‍ പറ്റുമോ?
ഐ ലീഗില്‍ കളിക്കുന്നതിന് ഒരു സീസണില്‍ ക്ലബിന് 12 കോടി രൂപയുടെ ചെലവ് വരും. ഐ ലീഗില്‍ കളിക്കാനും ഈസ്റ്റ് ബംഗാളിനൊരു സ്‌പോണ്‍സറെ വേണം. “ഞങ്ങള്‍ നൂറ് വര്‍ഷം അതിജീവിച്ചു. ഈസ്റ്റ് ബംഗാള്‍ ഒരിക്കലും മരിക്കില്ല. ഞങ്ങളുടെ അംഗങ്ങളും ആരാധകരും ഞങ്ങളെ ഈ ദുര്‍ഘട സന്ധി മറികടക്കാന്‍ സഹായിക്കും,” ദാസ് ഗുപ്ത പറഞ്ഞു.
Read Also: Explained: In 100th year, why is East Bengal teetering on the brink?