അവാർഡ് നേടിയ ‘ഡെക്സ്റ്റർ’ എന്ന അമേരിക്കൻ ക്രൈം സീരിസ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ്. ന്യൂഡൽഹിയിൽ ലിവിങ് പാര്‍ട്ണറായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസിൽ യുവാവ് അറസ്റ്റിലായതോടെയാണ് ക്രൈം സീരിസും വാർത്തകളിൽ എത്തിയത്. 18 ദിവസം തുടര്‍ച്ചയായി രാത്രി രണ്ട് മണിക്കാണ് പങ്കാളിയുടെ ശരീര ഭാഗങ്ങള്‍ ദില്ലിയിലെ മെഹ്‌റൗളി വനത്തില്‍ തള്ളിയത് എന്നാണ് പൊലീസ് പറയുന്നത്.
അഫ്താബ് അമീൻ പൂനവാല എന്നയാളാണ് തന്റെ പങ്കാളിയായ ശ്രദ്ധ വാൽക്കറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം ശരീരം 35 കഷണങ്ങളാക്കി മുറിച്ച് അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. സീരിസിൽ കണ്ടതിന് സമാനമായാണ് കൊലയ്ക്ക് ശേഷം ശരീരഭാഗങ്ങൾ വെട്ടിമുറിച്ച്, പലസ്ഥലങ്ങളിൽ വലിച്ചെറിഞ്ഞതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
മെയ് മാസത്തിലാണ് ശ്രദ്ധയുടെ കൊലപാതകം നടന്നത്. വഴക്കിനിടെ ശ്രദ്ധയുടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നവെന്ന് പൂനവാല പോലീസിനോട് പറഞ്ഞു. പിന്നീട് പൂനവാല വാൽക്കറിന്റെ ശരീരം വെട്ടിമുറിച്ച് ചെറിയ കറുത്ത പോളിബാഗുകളിലാക്കി സൂക്ഷിച്ചു. വാൽക്കറുടെ ശരീരം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി അത് സൂക്ഷിക്കാനായി പുതിയ ഒരു ഫ്രിഡ്ജും പൂനവാല വാങ്ങി. ‘ഡെക്സ്റ്റർ’ സീരിസിൽ മൈക്കിൾ സി ഹാൾ അവതരിപ്പിച്ച ഡെക്സ്റ്റർ മോർഗൻ എന്ന പ്രധാന കഥാപാത്രം നരഹത്യ പ്രവണതകൾ കാണിക്കുന്നുണ്ട്.
സീരിസിൽ മിയാമി മെട്രോ പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ഫോറൻസിക് ടെക്നീഷ്യനാണ് ഡെക്സ്റ്റർ. രാവിലെ ഓഫിസിൽ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്ന ഡെക്സ്റ്റർ, നീതിന്യായ വ്യവസ്ഥ വേണ്ടത്ര ശിക്ഷിക്കാത്ത കൊലപാതകികളെ വേട്ടയാടി കൊല്ലുന്ന ഒരു സീരിയൽ കില്ലറിന്റെ സമാന്തര ജീവിതവും നയിക്കുന്നു.
സീരിസിന്റെ ആദ്യ സീസണിലെ ഭൂരിഭാഗം സമയത്തും ഇരകളുടെ ശരീരം മുറിക്കുകയും അവ ചെറിയ കറുത്ത മാലിന്യകവറുകൾക്കുള്ളിൽ വെയ്ക്കുന്നതും കാണിക്കുന്നുണ്ട്. പിന്നീട് തന്റെ ബോട്ടിൽ കയറ്റി ബാഗിൽ കല്ലുകൾ കെട്ടിത്തൂക്കി ടേപ്പ് ഉപയോഗിച്ച് അടച്ച ശേഷം സമുദ്രത്തിലെ കിടങ്ങിലേയ്ക്ക് തള്ളുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ടിവി ഷോ കുപ്രസിദ്ധി നേടുന്നത് ഇതാദ്യമല്ല. 2011 ഏപ്രിലിൽ, കനേഡിയൻ ചലച്ചിത്ര നിർമ്മാതാവായ മാർക്ക് ആൻഡ്രൂ ട്വിച്ചലിനെ 38 വയസ്സുള്ള ഒരാളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിച്ചിരുന്നു. 2008-ൽ, ട്വിച്ചൽ ഇരയെ ഗാരേജിലേക്ക് കൊണ്ടുവന്ന് അയാളെ മർദ്ദിക്കുകയും ശരീരം വെട്ടിമുറിക്കുകയും ചെയ്തു.
ശരീരഭാഗങ്ങൾ ഭാഗികമായി കത്തിച്ച ശേഷം, ട്വിച്ചൽ അവ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. വിചാരണ വേളയിൽ, ഡെക്‌സ്റ്റർ മോർഗന്റെ കഥാപാത്രവുമായി ട്വിച്ചലിന്റെ സാമ്യം കോടതി തിരിച്ചറിഞ്ഞു. ഇതിനെത്തുടർന്ന് നിരവധി മാധ്യമങ്ങൾ ഇയാളെ ഡെക്‌സ്റ്റർ കില്ലർ എന്ന് വിശേഷിപ്പിച്ചു. ഫോറൻസിക് തെളിവുകളൊന്നും അവശേഷിക്കാതിരിക്കാൻ ഡെക്സ്റ്ററിന്റെ കഥാപാത്രം ചെയ്ത പോലെയൊരു ‘കിൽ റൂം’ പോലും ട്വിച്ചൽ പുനർനിർമ്മിച്ചു.
അതുപോലെ, 2014-ൽ, ടിവി ഷോയിലെ നായകനോട് ആരാധന തോന്നിയ ഒരു കൗമാരക്കാരൻ തന്റെ 17 വയസ്സുള്ള കാമുകിയെ കൊലപ്പെടുത്തി ഛിന്നഭിന്നമാക്കിയതിന് 25 വർഷം ജയിലിൽ കിടന്നു.
ദൃശ്യം മോഡൽ കൊലപാതകം
കുപ്രസിദ്ധമായ കടമ്പഴിപ്പുറം ഇരട്ടക്കൊലക്കേസിലെ പ്രതി യു കെ രാജേന്ദ്രൻ കൊലപാതകം സിനിമയിലേതിന് സമാനമായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് മൊഴി നൽകിയിരുന്നു. സിനിമയെ കലയായി മാത്രം കണ്ടാൽ മതിയെന്നും ഇത്തരം ചിത്രങ്ങൾ ആളുകളിലെ അക്രമവാസനയെ സ്വാധീനിക്കില്ലെന്നും സിനിമാ മേഖലയിലുള്ളവർ ആവർത്തിച്ചു പറയുമ്പോഴും മറുവശത്ത് അവയുടെ സ്വാധീനത്താൽ കുറ്റകൃത്യങ്ങളും തെളിവു നശിപ്പിക്കലും നടക്കുന്നുണ്ടെന്ന സത്യം കാണാതിരിക്കാനാവില്ല. സിനിമ ഒരിക്കലും ഇവയെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അനുകരിക്കുന്നവർ കുറവല്ല.
2016 നവംബർ 14നാണ് പാലക്കാട് വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണൻ (രാജൻ 62), ഭാര്യ തങ്കമണി (തങ്കമ്മു-52) എന്നിവർ ദാരുണമായി തലക്കടിയേറ്റു കൊല്ലപ്പെടുന്നത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും കേസ് തെളിയിക്കാൻ സാധിച്ചില്ല. 2021ലാണ് അയല്‍വാസിയായ പ്രതി രാജേന്ദ്രനെ അന്വേഷണസംഘം പിടികൂടുന്നത്. കവർച്ചാ ശ്രമത്തിനിടെ ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മൊഴി നൽകിയത്.
കവർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനിടെയാണ് 2013ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രത്തിലെ രംഗം രാജേന്ദ്രന്റെ ഓർമയിൽ എത്തുന്നത്. കവർച്ച നടത്തിയതിനു ശേഷം രക്ഷപ്പെടാൻ സിനിമയിലെ ഈ രംഗം ഉപകരിക്കുമെന്നു രാജേന്ദ്രനു തോന്നി.
ഇതിന്റെ ഭാഗമായി കവർച്ച നടത്താൻ തിരഞ്ഞെടുത്ത ദിവസത്തിന്റെ തലേന്ന് നാളെ താൻ ചെന്നൈക്കു പോകുകയാണെന്നു സുഹൃത്തുക്കളെയും നാട്ടുകാരെയും രാജേന്ദ്രൻ പറഞ്ഞു തെറ്റിധരിപ്പിച്ചു. പിറ്റേന്നു രാവിലെ തന്നെ കടമ്പഴിപ്പുറം ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ ചായക്കടയിൽ വച്ച് ഒരു സുഹൃത്തിനെയും ഏൽപിച്ചു.
സംഭവം നടക്കുന്ന ദിവസം താൻ സ്ഥലത്തില്ല എന്നു വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം. പിറ്റേന്ന് രാവിലെ സുഹൃത്തിനൊപ്പം കടമ്പഴിപ്പുറത്തെത്തി ബസിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. സുഹൃത്തിനെ പറഞ്ഞുവിട്ട ശേഷം ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിൽ ഇരുന്നു. അർധരാത്രിയോടെ സംഭവസ്ഥലത്തേക്കു പോയി. കവർച്ച നടത്തിയശേഷം പിറ്റേന്ന് രാവിലെ ചെന്നൈയിലേക്ക് പോയി.
‘ദൃശ്യം’ സിനിമയ്ക്ക് മുൻപും കൊന്ന് കുഴിച്ചുമൂടിയ ഒരുപാട് കേസുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സിനിമ എത്തിയതിന് ശേഷം ഇത്തരം കൊലപാതകങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആലപ്പുഴയിൽനിന്നു കാണാതായ യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ മറവു ചെയ്ത് കോൺക്രീറ്റിട്ട് ഉറപ്പിച്ച നിലയിൽ കണ്ടെത്തിയത്.
ചങ്ങനാശേരി പൂവത്ത് എസി കോളനിയിൽ മുത്തുകുമാർ വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് ബിന്ദുമോന്റെ മൃതദേഹം കണ്ടെത്തിയത്. മുത്തുവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ നോക്കി ആലപ്പുഴ പൊലീസ് വെള്ളിയാഴ്ച രാത്രി ചങ്ങനാശേരിയിലെ വീട്ടിലെത്തുകയായിരുന്നു.
അടുക്കളയോടു ചേർന്നുള്ള ചായ്പിൽ കോൺക്രീറ്റ് തറയുടെ ഭാഗങ്ങൾ പുതുതായി സിമന്റ് ഇട്ട് ഉറപ്പിച്ചിരിക്കുന്നതു ശ്രദ്ധയിൽപെട്ട പൊലീസ് അത് പൊളിച്ച് മൃതദേഹം കണ്ടെത്തി. സമാനമായ രീതിയിൽ കൊന്ന് കുഴിച്ചുമൂടിയ കേസുകൾ കേരളത്തിലുണ്ടായിട്ടുണ്ട്. ബിജു മേനോൻ കേന്ദ്ര കഥാപാത്രമായ ‘ആർക്കറിയാം’ എന്ന ചിത്രത്തിൽ സമാനമായ രംഗമുണ്ട് അത്തരം കേസുകളെല്ലാം തെളിയിക്കപ്പെട്ടിട്ടുണ്ട്.
ദൃശ്യം
മലയാള സിനിമയിലെ എക്കാലത്തെയും വമ്പൻ ഹിറ്റാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ദൃശ്യം’. മോഹന്‍ലാല്‍ അവതരിപ്പിച്ച നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി എന്ന കഥാപാത്രം തന്‍റെ കുടുംബത്തെ രക്ഷിക്കുന്നതിനായി ഒരു കുറ്റകൃത്യം ബുദ്ധിപൂർവമായ നീക്കങ്ങളിലൂടെ മറയ്ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സിനിമ ഹിറ്റായതോടെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം മൊഴിമാറ്റം ചെയ്തു. പിന്നീട് സിനിമയുടെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’ റിലീസിനെത്തി. ‘ദൃശ്യം 3’ അണിയറയില്‍ ഒരുങ്ങുന്നതായി ജീത്തു ജോസഫ് തന്നെ അറിയിച്ചിരുന്നു.
ചാലക്കുടി ഭാഗത്ത് നടന്ന എടിഎം മോഷണ പരമ്പരയിൽ പിടിക്കപ്പെട്ട പ്രതിക്കും പറയാനുണ്ടായിരുന്നതും സിനിമാക്കഥയായിരുന്നു. ആധുനിക സജ്ജീകരണങ്ങളുമായി എടിഎമ്മിൽനിന്നു പണം കൊള്ളയടിക്കുന്ന നായകന്റെ കഥ പറയുന്ന മലയാള ചിത്രത്തിൽ നിന്നു ലഭിച്ച പ്രചോദനമാണ് എടിഎം മോഷണത്തിലേക്കു നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി.
2006ൽ പറവൂരിൽ മോഷണശ്രമത്തിനിടെ നടന്ന കൊലപാതകത്തിലും സിനിമാ ബന്ധമുണ്ട്. പുത്തൻവേലിക്കര നെടുമ്പിള്ളി രാമകൃഷ്‌ണന്റെ ഭാര്യ ബേബിയെ കൊലപ്പെടുത്തുകയും രാമകൃഷ്‌ണനെ പരുക്കേൽപിക്കുകയും ചെയ്ത കേസിൽ പ്രതി തെളിവുകൾ നശിപ്പിച്ചിരുന്നു.
എന്നാൽ സമാനമായ കേസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട് സ്വദേശി ജനാന്ദൻ പൊലീസിന്റെ പിടിയിലായി. തമിഴ് സിനിമകളുടെ ആരാധകനായ പ്രതി തെളിവുകൾ എങ്ങനെ ഇല്ലാതാക്കണമെന്നു പഠിച്ചത് സിനിമയിൽ നിന്നാണെന്നു മൊഴി നൽകിയിരുന്നു.
കാസർകോട് നടന്ന ബാങ്ക് മോഷണത്തിന് പ്രചോദനമായത് ഒരു ഹിന്ദി സിനിമയായിരുന്നു. ചിത്രത്തിൽ ബാങ്കിന്റെ തൊട്ടടുത്ത കെട്ടിടത്തിൽ നായകനും സംഘവും മുറിയെടുക്കുകയും ചുമർ തുരന്ന് ബാങ്കിൽ കടക്കുകയും ചെയ്യുന്നതായി കാണിച്ചിരുന്നു. ഇതേ രീതിയാണ് ഇവിടെ മോഷ്ടാക്കൾ പ്രയോഗിച്ചതും. പിന്നീട് പിടിക്കപ്പെട്ടപ്പോഴാണ് സിനിമാക്കഥ മോഷ്ടാക്കൾ പൊലീസിനോടു പറയുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയ സ്വർണക്കടത്ത് പ്രതിക്കും പറയാനുണ്ടായിരുന്നത് തമിഴ് സിനിമയിലെ കഥ. തലമുടി വടിച്ച് സ്വർണം തലയിൽ ഒട്ടിച്ചുവച്ച് അതിനു മുകളിൽ വിഗ് വച്ചാണ് സ്വർണക്കടത്തിനു ശ്രമിച്ചത്. എന്നാൽ കസ്റ്റംസ് സംഘം ഇതു പിടികൂടി. 2009ൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു പുറത്തിറങ്ങിയ തമിഴ് ചിത്രത്തിൽ സമാനമായ രീതിയിൽ നായകൻ സ്വർണം കടത്തുന്നുണ്ട്.