വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നടത്തിയ പണമിടപാടുകളെ തുടര്‍ന്നുള്ള കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോടതിയിൽ ഹാജരായി. 2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചലച്ചിത്ര നടി സ്റ്റോമി ഡാനിയൽസിന് പണം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ കുറ്റം ചുമത്തപ്പെട്ടതോടെയാണ്, ചൊവ്വാഴ്ച (ഏപ്രിൽ 4) മാൻഹട്ടൻ ക്രിമിനൽ കോടതിയിൽ ട്രംപ് ഹാജരായത്. ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ചതിന് 34 കുറ്റങ്ങൾ ചുമത്തപ്പെട്ടെങ്കിലും, ട്രംപ് താൻ കുറ്റക്കാരനല്ലെന്ന് വാദിക്കുകയും എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും ചെയ്തു.
“അമേരിക്കയിൽ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിച്ചവരിൽനിന്ന് നിർഭയമായി രാജ്യത്തെ രക്ഷിക്കാൻ ശ്രമിച്ചതാണ് താൻ ചെയ്ത ഒരേയൊരു കുറ്റം. ഇത് നമ്മുടെ രാജ്യത്തിന് അപമാനമാണെന്നും,” ട്രംപ് പറഞ്ഞു. കോടതിയിൽ ഹാജരായതിനു ശേഷം, ഫ്ലോറിഡയിലെ മാർലാഗോയിലെ ക്ലബിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മാധ്യമങ്ങളെയും അനുയായികളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്.
“തിരഞ്ഞെടുപ്പ് സമയത്ത്, ട്രംപും മറ്റുള്ളവരും ട്രംപിനെക്കുറിച്ചുള്ള നെഗറ്റീവ് വിവരങ്ങൾ എല്ലാം തിരിച്ചറിയാനും അത് പണം കൊടുത്ത് വാങ്ങി. പിന്നീട് അതെല്ലാം മറച്ചുവച്ച് തിരഞ്ഞെടുപ്പിൽ തന്റെ സാധ്യതകൾ വർധിപ്പിക്കാൻ ശ്രമിച്ചു. സംസ്ഥാന, ഫെഡറൽ തിരഞ്ഞെടുപ്പ് നിയമങ്ങൾ ലംഘിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ മറയ്ക്കാൻ ബിസിനസ്സ് രേഖകളിൽ നിരവധി തെറ്റായ എൻട്രികളും ഉണ്ടാക്കി,” ട്രംപിനെതിരെ കുറ്റം ചുമത്തിയ മാൻഹട്ടനിലെ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
പണമിടപ്പാട് കേസിൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തിയതിനു ദിവസങ്ങൾക്കുശേഷമാണ് മുൻ പ്രസിഡന്റിനെ കോടതിയിൽ ഹാജരാക്കിയത്. ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് ഡോണാൾഡ് ട്രംപ്.
ട്രംപ് ജയിലിൽ പോകേണ്ടി വരുമോ?
അതിനെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നിലവിൽ, ന്യൂയോർക്ക് ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 175 പ്രകാരം ബിസിനസ്സ് രേഖകളിൽ കൃത്രിമം കാണിച്ചതിന് 34 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ, ഓരോ കുറ്റത്തിനും നാല് വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും (മൊത്തം 136 വർഷം), അതും ഒന്നിനുപുറകെ ഒന്നായി അനുഭവിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും, ഈ കുറ്റത്തിന് നിർബന്ധിത ജയിൽവാസം ആവശ്യമില്ലെന്ന് വാഷിംഗ്ടൺ പോസ്റ്റ് ഒരു റിപ്പോർട്ടിൽ പറഞ്ഞു.
ട്രംപിന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുമോ?
തീർച്ചയായും സാധിക്കും. ട്രംപിനു മേൽ കുറ്റം ചുമത്തപ്പെട്ടതോ, കേസിൽ ശിക്ഷിക്കപ്പെടുന്നതോ പ്രസിഡന്റ് സ്ഥനത്തേക്ക് മത്സരക്കുന്നതിൽനിന്നു ട്രംപിനെ തടയാനാകില്ല. അമേരിക്കൻ ഭരണഘടനയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മൂന്നു മാനദണ്ഡങ്ങളാണ് ഉള്ളത്. അതിൽ ട്രംപിനെ മത്സരത്തിൽനിന്നു തടയാൻ മാത്രം ഒന്നുമില്ലെന്ന് വിദഗ്ധർ പറഞ്ഞു. നാഷുറൽ ബോൺ സിറ്റിസൺ, കുറഞ്ഞത് 35 വയസ്സ്, കുറഞ്ഞത് 14 വർഷമെങ്കിലും യുഎസിൽ താമസിക്കുന്നവർ എന്നിവയാണ് മാനദണ്ഡങ്ങൾ.
ട്രംപ് ശിക്ഷിക്കപ്പെടുകയും അതിനുശേഷവും തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്താൽ, അമേരിക്കൻ ചരിത്രത്തിൽ അങ്ങനെ ചെയ്യുന്ന മൂന്നാമത്തെ സ്ഥാനാർത്ഥിയായി ട്രംപ് മാറും. 1920ൽ യൂജിൻ വി ഡെബ്സ്, 1992ൽ ലിൻഡൻ ലുറൂഷ്, എന്നീ മുൻ സ്ഥാനർഥികൾ ജയിലിൽനിന്നാണ് തിരഞ്ഞെടുപ്പിനായി മത്സരിച്ചതെന്ന് ബിസിനസ് ഇൻസൈഡർ പറയുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സോഷ്യലിസ്റ്റ് പാർട്ടിക്ക് വേണ്ടി ഡെബ്സ് അഞ്ച് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. 1918ൽ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും ഒന്നാം ലോകമഹായുദ്ധത്തിലേക്കുള്ള യുഎസ് പ്രവേശനത്തിനെതിരെ സംസാരിച്ചതിന് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. അവിടെ “പ്രിസണർ 9653” എന്നാണ് ഡെബ്സ് അറിയപ്പെട്ടിരുന്നത്. ദേശീയ വോട്ടിന്റെ 3 ശതമാനം, അതായത് ഏകദേശം ഒരു ദശലക്ഷം വോട്ടുകൾ ഡെബ്സിനു ലഭിച്ചതായി വോക്സ് പറയുന്നു.
നികുതിവെട്ടിപ്പ്, തപാൽ തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുമ്പോഴാണ്, 1992ൽ ലുറൂഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു, “ബിൽ ക്ലിന്റൺ പ്രൈമറി ജയിച്ചപ്പോൾ, ലോകത്തിന്റെ സാമ്പത്തിക, ബാങ്കിംഗ് സംവിധാനങ്ങളെ മാറ്റിമറിച്ച് പ്രചാരണം നടത്തി ദേശീയ സാമ്പത്തിക റിക്കവറി ടിക്കറ്റിലേക്ക് ലുറൂഷ് മാറി. തിരഞ്ഞെടുപ്പിൽ 26,000 വോട്ടുകളാണ് ലഭിച്ചത്. ഏകദേശം 0.02 ശതമാനം ജനകീയ വോട്ടുകൾ.