ഉമിനീർ സാമ്പിളിൽ നിന്ന് ഒരു മണിക്കൂറിനുള്ളിൽ സാർസ് കോവി 2 വൈറസ് സാന്നിദ്ധ്യം കണ്ടെത്താൻ കഴിയുന്ന ഉപകരണം വികസിപ്പിച്ചെടുത്ത് എംഐടിയിലെയും ഹാവഡ് സർവകലാശാലയിലെയും എഞ്ചിനീയർമാർ. കോവിഡിന് കാരണമാവുന്ന സാർസ് കോവി-2 വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനുള്ള ഈ ഉപകരണത്തിന് പിസിആർ ടെസ്റ്റുകളിലേത് പോലെയുള്ള കൃത്യത നൽകാൻ സാധിക്കുമെന്ന് എംഐടി വാർത്താക്കുറിപ്പിൽ പറഞ്ഞു.
സയൻസ് അഡ്വാൻസ്ഡ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ ഉപകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങളുള്ളത്, ഇപ്പോൾ പ്രചരിക്കുന്ന ചില കോവിഡ് വകഭേദങ്ങളുമായി ബന്ധമുള്ളതായി കരുതുന്ന ജനിതക മാറ്റങ്ങൾ കണ്ടെത്താനും ഈ ഉപകരണം ഉപയോഗിക്കാമെന്ന് പഠന റിപ്പോർട്ടിൽ പറഞ്ഞു.
സിആർഐഎസ്പിആർ (CRISPR) സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന പുതിയ ഡയഗ്നോസ്റ്റിക് ഏകദേശം 15 ഡോളർ (ഏകദേശം 1,113 രൂപ) ചിലവിൽ തയ്യാറാക്കാൻ കഴിയും. എന്നാൽ ഉപകരണങ്ങൾ വലിയ തോതിൽ നിർമ്മിക്കുകയാണെങ്കിൽ ആ ചെലവുകൾ ഗണ്യമായി കുറയുമെന്നും ഗവേഷകർ പറയുന്നു. ഇത് ഒരു സിആർഐഎസ്പിആർ – അടിസ്ഥാനമാക്കിയുള്ള ഉപകരണമായ ഷെർലോക്കിനെ (SHERLOCK) അടിസ്ഥാനമാക്കിയുള്ളതാണ്.
Read More: ഡെൽറ്റയും അതിന് അപ്പുറവും; കോവിഡ് വകഭേദങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ പറയുന്നത്
ആദ്യം, ഒരു പ്രീ-പ്രോസസ്സിങ് ഘട്ടത്തിൽ ഉമിനീരിലെ സലൈവറി ന്യൂക്ലിയാസുകൾ എന്ന് വിളിക്കപ്പെടുന്ന എൻസൈമുകളെ പ്രവർത്തനരഹിതമാക്കുകയാണ് ഉപകരണം ചെയ്യുക. ഇത് ആർഎൻഎ പോലുള്ള ന്യൂക്ലിക് ആസിഡുകളെ നശിപ്പിക്കുന്നു. സാമ്പിൾ ഉപകരണത്തിലേക്ക് കടന്നുകഴിഞ്ഞാൽ, ന്യൂക്ലിയസുകളു താപവും രണ്ട് രാസ ഘടകങ്ങളും ഉപയോഗിച്ച് നിർജ്ജീവമാക്കും. തുടർന്ന്, വൈറൽ ആർഎൻഎ വേർതിരിച്ചെടുക്കുകയും ഉമിനീർ ഒരു പാളിയിലൂടെ കടത്തിവിടുകയും ചെയ്യുന്നു.
ഈ ആർഎൻഎ സാമ്പിൾ ശീതീകരിച്ച് നീർവിമുക്തമാക്കിയ (ഫ്രീസ്-ഡ്രൈഡ്) സിആർഐഎസ്പിആർ /സിഎഎസ് ഘടകങ്ങളുമായി സമ്പർക്കത്തിൽ വരുത്തുന്നു. ഇതിലെ പ്രതികരണ ഫലമായി ആർഎൻഎ സാമ്പിൾ വർദ്ധിപ്പിക്കുകയും തുടർന്ന് ആവശ്യമായ ആർഎൻഎ ശ്രേണി കണ്ടെത്തുകയും ചെയ്യുന്നു.
മിനിമലി ഇൻസ്ട്രുമെന്റഡ് ഷെർലോക്ക് (മിഷെർലോക്ക്) എന്നാണ് ഈ ഉപകരണത്തിന് ഗവേഷകർ പേര് നൽകിയത്. വിവിധ ആർഎൻഎ സീക്വൻസുകളെ നിരീക്ഷിക്കുന്ന നാലോ അതിൽ കുറവോ മൊഡ്യൂളുകളാണ് ഉപകരണത്തിലുള്ളത്. പ്രാഥമിക മൊഡ്യൂൾ സാർസ് കോവി2 വൈറസിന്റെ എല്ലാ വകഭേദങ്ങൾക്കുമായി പൊതുവായുള്ളതാണ്. മറ്റ് മൊഡ്യൂളുകൾ ബി.1.1.7, പി.1, ബി.1.351 എന്നിവയുൾപ്പെടെയുള്ള ജനിതകമാറ്റങ്ങളെ പ്രത്യേകം ലക്ഷ്യമിട്ടുള്ളവയാണ്.
ead More: ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ കോവാക്സിന്റ ഫലപ്രാപ്തി: പഠന ഫലം വ്യക്തമാക്കുന്നത്
ഗവേഷകർ ഈ പഠനം നടത്തിയപ്പോൾ ഡെൽറ്റ വേരിയന്റ് വ്യാപകമായിരുന്നില്ല. എന്നാൽ ആ വകഭേദം കണ്ടുപിടിക്കാൻ ഒരു പുതിയ മൊഡ്യൂൾ രൂപകൽപ്പന ചെയ്യുന്നതിനായി മുന്നോട്ടുപോവുമെന്ന് അവർ പറയുന്നു.