ആരോഗ്യത്തെ ബാധിക്കുന്ന ശീലങ്ങൾ, വിഷാദം, മാനസിക സമ്മർദ്ദം, ഏകാന്തത തുടങ്ങിയ കാരണങ്ങൾ വാക്‌സിൻ പ്രയോഗത്തിലൂടെ രോഗപ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നുവെന്ന് പഠനം. പുതിയ കോവിഡ് -19 വാക്സിനുകളുടെ കാര്യത്തിലും ഇത് ബാധകമാവാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ അസോസിയേഷൻ ഫോർ സൈക്കോളജിക്കൽ സയൻസ് (എപിഎസ്) മുന്നറിയിപ്പ് നൽകി.

ചെറിയ ചില കാര്യങ്ങൾ ചെയ്യുന്നതിലൂടെ വാക്സിനുകളുടെ പ്രാരംഭ ഫലപ്രാപ്തി വർദ്ധിപ്പിക്കാനാവുമെന്ന്  പുതിയ പഠന റിപ്പോർട്ടിൽ എപിഎസ് പറഞ്ഞു. വാക്സിനേഷന് മുമ്പുള്ള 24 മണിക്കൂറിനുള്ളിൽ വ്യായാമം ചെയ്യാനും നല്ല ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും എപിഎസ് ശുപാർശ ചെയ്യുന്നു. ഈ പഠന റിപ്പോർട്ട് പെർസ്പെക്റ്റീവ്സ് ഓൺ സൈക്കോളജിക്കൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിക്കുന്നതിനായി അംഗീകാരം നേടിയതായി എപിഎസ് അറിയിച്ചു.

ഒരു വാക്സിനിന്റെ വിജയത്തിലേക്കുള്ള നിർണായക ഘടകമായി കണക്കാക്കുന്നത് ജനങ്ങൾക്കിടയിലെ സുപ്രധാന ശതമാനം ആളുകൾക്കും വാക്സിൻ ലഭ്യമാക്കുകയും ഇതിലൂടെ ഹെർഡ് ഇമ്യൂണിറ്റി നേടിയെടുക്കുകയും ചെയ്യുക എന്നതാണ്. വിവിധ രാജ്യങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതികൾ നടപ്പാക്കുമ്പോൾ, എല്ലാവർക്കും ഉടൻ തന്നെ മുഴുവൻ ഗുണവും ലഭിക്കില്ല. പാരിസ്ഥിതിക ഘടകങ്ങളും ഒരു വ്യക്തിയുടെ ജനിതകവും ശാരീരികവും മാനസികവുമായ ആരോഗ്യവും ശരീരത്തിൻറെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ഒരു വാക്സിനോടുള്ള പ്രതികരണം മന്ദഗതിയിലാക്കുകയും ചെയ്യാമെന്ന് എപി‌എസ് പുതിയ റിപ്പോർട്ടിനെക്കുറിച്ചുള്ള ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു.

Read More: കോവിഡ് വാക്സിനേഷൻ: പ്രധാന സുരക്ഷാ മാർഗനിർദേശങ്ങൾ അറിയാം

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഒറ്റപ്പെടൽ, സാമ്പത്തിക സമ്മർദ്ദങ്ങൾ, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ നേരിടേണ്ടി വന്നത് ആളുകളിൽ ഒരു മാനസികാരോഗ്യ പ്രതിസന്ധിയുണ്ടാവാൻ കാരണമായി എന്ന ആശങ്കയും റിപ്പോർട്ടിൽ പങ്കുവയ്ക്കുന്നു. വാക്സിൻ ഫലപ്രാപ്തി ദുർബലമാക്കുന്നമെന്ന് മുമ്പ് തെളിയിച്ച അതേ ഘടകങ്ങളാണ് കോവിഡ് വ്യാപനത്തെത്തുടർന്ന് ഉയർന്നുവന്ന വെല്ലുവിളികളെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

“ഞങ്ങളുടെ പുതിയ പഠനം വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ചും വൈകാരിക സമ്മർദ്ദങ്ങളും ആരോഗ്യത്തെ ബാധിക്കുന്ന ശീലങ്ങളും രോഗപ്രതിരോധ പ്രതികരണം വികസിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ എങ്ങനെ മാറ്റുമെന്ന കാര്യവും പഠന വിധേയമാക്കുന്നു. കോവിഡ് മഹാമാരി ഈ അപകടസാധ്യത വർദ്ധിപ്പിക്കും എന്നതാണ് പ്രശ്‌നം,” പ്രബന്ധത്തിന്റെ പ്രധാന രചയിതാവും ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയുമായ അന്നലൈസ് മാഡിസനെ അധികരിച്ച് എപിഎസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചാണ് വാക്സിനുകൾ പ്രവർത്തിക്കുന്നത്. ഒരു കുത്തിവയ്പ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ, ജൈവശാസ്ത്രപരമായ ഒരു ഭീഷണിയുള്ളതായി ശരീരം തിരിച്ചറിയാൻ തുടങ്ങുമ്പോൾ കോശ തലത്തിൽ തന്നെ രോഗപ്രതിരോധ പ്രതികരണം ഉടലെടുക്കും. രോഗപ്രതിരോധവ്യവസ്ഥയുടെ ഈ മുൻ‌നിര പ്രതികരണം ഒടുവിൽ ആന്റിബോഡികളുടെ ഉൽ‌പാദനത്തെ സഹായിക്കുന്നു, ഇത് നിർദ്ദിഷ്ട രോഗകാരികളെ ലക്ഷ്യം വയ്ക്കുന്നു. ആന്റിബോഡികളുടെ തുടർച്ചയായ ഉൽ‌പാദനമാണ് ദീർഘകാല സംരക്ഷണം നൽകുന്ന കാര്യത്തിൽ ഒരു വാക്സിൻ എത്രത്തോളം ഫലപ്രദമാണെന്നത് നിർണ്ണയിക്കുന്നത്.

Read More: കോവിഡ് രോഗമുക്തരിൽ പ്രതിരോധ ശേഷി എത്രകാലം നീണ്ടുനിൽക്കും? പഠനം പറയുന്നത് ഇങ്ങനെ

“ഞങ്ങളുടെ ഗവേഷണത്തിൽ, ആന്റിബോഡി പ്രതികരണത്തിലാണ് ഞങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനും പഠനത്തിലെ പങ്കാളികളിലൊരാളുമായ ജാനീസ് കീകോൾട്ട്-ഗ്ലേസർ പറഞ്ഞു. ഇതിനകം പ്രചാരത്തിലുള്ള കോവിഡ് -19 വാക്സിനുകൾ പരീക്ഷണ ഫലങ്ങൾ അനുസരിച്ച് വളരെ ഫലപ്രദമാണെങ്കിലും, ഈ മാനസികാവസ്ഥയും ആരോഗ്യത്തെ ബാധിക്കുന്ന ശീലങ്ങളുമടക്കമുള്ള ഘടകങ്ങൾ പ്രതിരോധശേഷി വികസിപ്പിക്കുന്നതിനുള്ള സമയം വൈകിപ്പിക്കുമെന്നും രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്നും ഗവേഷകർ പറഞ്ഞു. “എനിക്ക് പ്രതീക്ഷയുള്ള കാര്യം, ഈ ഘടകങ്ങളിൽ ചിലത് പരിഷ്കരിക്കാവുന്നവയാണ് എന്നതാണ്. വാക്സിനുകളുടെ പ്രാരംഭ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിന് ചില ലളിതമായ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതാണ്,” കീകോൾട്ട്-ഗ്ലേസർ പറഞ്ഞു.

Source: Association for Psychological Science

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook