ന്യൂഡൽഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം തന്നെ മഹാമാരിയുടെ പിടിയിലാണ്. അതേസമയം കൊറോണ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ മുംബൈയെ തലസ്ഥാന നഗരമായ ഡൽഹി മറികടന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം രാജ്യത്തുണ്ടാകുന്നത്. കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കാൻ തുടങ്ങിയത് മുതൽ അത് കാര്യമായി ബാധിച്ചത് മഹാരാഷ്ട്രയെയും മുംബൈയെയും തന്നെയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ വലിയ വർധനവാണ് രോഗികളുടെ എണ്ണത്തിൽ ഡൽഹിയിൽ രേഖപ്പെടുത്തിയത്. പ്രതിദിനം ആയിരത്തിലധികം പുതിയ രോഗികൾ നഗരത്തിലുണ്ടാകുന്നതായാണ് കണക്കുകൾ പറയുന്നത്. കോവിഡ് ബാധിതർ ഏറ്റവുമധികമുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ നിലവിൽ രോഗികളുടെ എണ്ണത്തിലെ ഏറ്റവും വലിയ വളർച്ച നിരക്കും ഡൽഹിയിൽ തന്നെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ ഡൽഹിയിൽ 23645 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 9500 പേർ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്.

Also Read: കോവിഡ്-19: രാജ്യത്ത് പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്ക് കുറയുന്നു

നേരത്തെ മുംബൈയിൽ 1200ലധികം പേർക്ക് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുമ്പോഴും ഡൽഹിയിൽ ഇത് 500നും 800നും ഇടയിലായിരുന്നു. 1750 പേർക്ക് വരെ ഒറ്റദിവസം കോവിഡ് സ്ഥിരീകരിച്ച സമയവും മുംബൈയിൽ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ നാല് ദിവസങ്ങളിൽ ഇത് കുറവാണ്.

കോവിഡ്-19 ബാധിതരുടെ എണ്ണം വർധിച്ചതോടെ ഡൽഹിയിലേക്ക് കര, ട്രെയിൻ, വ്യോമ മാർഗം എത്തുന്ന എല്ലാവരും നിർബന്ധിത ക്വറന്റീനിൽ പോകണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം ഹരിയാന അതിർത്തി അടച്ചിടാനും തീരുമാനമായി. നിലവിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തുന്ന മറ്റൊരു സംസ്ഥാനമാണ് ഡൽഹി.

Also Read: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 94 പേർക്ക്

ആദ്യമായി ഒരു ദിവസം ഒൻപതിനായിരത്തിലേറെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌ത ദിവസമായിരുന്നു ബുധനാഴ്ച. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,304 പേർക്ക് രോഗം സ്ഥിരീകരിച്ചു, 260 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,16,919 ആയി. കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 6,075 ആയി ഉയർന്നു. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക പരത്തുന്നു.

കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിനു ചെറിയ തോതിൽ പനിയുണ്ടായിരുന്നു. അതിനു പിന്നാലെയാണ് സാംപിൾ പരിശോധിച്ചത്. അജയ് കുമാർ ഇപ്പോൾ ഹോം ക്വാറന്റൈനിലാണ്. ലോകത്താകമാനം കോവിഡ് ബാധിച്ചവരുടെ എണ്ണം 63 ലക്ഷം കടന്നു. 3,85,947 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായി. അമേരിക്കയിൽ മാത്രം 18 ലക്ഷത്തിലേറെ പേർക്ക് രോഗം ബാധിക്കുകയും ഒരു ലക്ഷത്തിലേറെ പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook