ജനുവരി 31 മുതൽ ഇന്ത്യയിലെ ഫ്ലൈറ്റ് ക്രൂ അംഗങ്ങളെയും എയർ ട്രാഫിക് കൺട്രോളർമാരെയും ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയ്ക്ക് വിധേയരാക്കും. കഞ്ചാവ്, കൊക്കെയ്ൻ തുടങ്ങിയ സൈക്കോ ആക്ടീവ് പദാർത്ഥങ്ങൾക്കായുള്ള പരിശോധനയാണ് നടത്തുക. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിജ്ഞാപനം ചെയ്ത പുതിയ ചട്ടങ്ങൾ പ്രകാരമാണ് ഈ പരിശോധന.
എന്തുകൊണ്ടാണ് ഡിജിസിഎ പുതിയ ചട്ടങ്ങൾ അവതരിപ്പിച്ചത്?
സൈക്കോ ആക്റ്റീവ് പദാർത്ഥങ്ങളുടെ ഉപയോഗം, അവയുടെ പൊതുവായ ലഭ്യത, ഉപയോക്താക്കളുടെ എണ്ണം ലോക വ്യാപകമായി വർധിക്കുന്നതും അവയോടുള്ള വർദ്ധിച്ചുവരുന്ന ആസക്തിയും “വ്യോമയാന സുരക്ഷയിൽ ഗുരുതരമായ ആശങ്ക” ഉയർത്തുന്നതായി ഡിജിസിഎ അവരുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം, കോവിഡ് -19 മഹാമാരി ഇന്ത്യയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഡിജിസിഎ കരട് നിയമങ്ങൾ പുറപ്പെടുവിച്ചിരുന്നു, പരിശോധനകൾ നടത്തുന്നതിനുള്ള സംവലിധാനങ്ങൾ സ്ഥാപിക്കാൻ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു.
Also Read: ഡ്രോണുകൾക്കായി വ്യോമമേഖല ഭൂപടം, മൂന്ന് സോണുകൾ- അറിയേണ്ടതെല്ലാം
എന്നിരുന്നാലും, ഏതാനും ആഴ്ചകൾക്കുമുമ്പ് ഡിജിസിഎ മറ്റൊരു കൂട്ടം കരട് നിയമങ്ങൾ പുറത്തിറക്കി. അതിൽ പരിശോധനകൾ നടത്താനുള്ള ഉത്തരവാദിത്തം വിമാനക്കമ്പനികൾക്കും എയർ ട്രാഫിക് സേവന ദാതാക്കൾക്കുമാണെന്ന് പറയുന്നു. ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനുളള്ള ബ്രീത്ത് ആൽക്കഹോൾ പരിശോധനയ്ക്ക് സമാനമായി മയക്ക് മരുന്ന് പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
ഇന്ത്യയിൽ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് (എഎഐ) ആണ് എയർ ട്രാഫിക് സേവനങ്ങളുടെ ചുമതല.
എന്താണ് ചട്ടങ്ങൾ?
ഷെഡ്യൂൾ ചെയ്ത വാണിജ്യ വിമാനക്കമ്പനികളും എയർ നാവിഗേഷൻ സേവന ദാതാക്കളും ഓരോ വർഷവും കുറഞ്ഞത് 10 ശതമാനം ഫ്ലൈറ്റ് ക്രൂ അംഗങ്ങളെയുംഅവർ നിയമിക്കുന്ന എയർ ട്രാഫിക് കൺട്രോളർമാരെയും മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാക്കണം. മുൻകൂട്ടി ജീവനക്കാരെ അറിയിക്കാതെ പെട്ടെന്ന് ഒരു ദിവസം അവരെ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് വേണ്ടതെന്നും ഡിജിസിഎയുടെ ചട്ടങ്ങളിൽ നിർദേശിക്കുന്നു.
വാണിജ്യ എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർ, മെയിന്റനൻസ് ആൻഡ് റിപ്പയർ ഓർഗനൈസേഷനുകൾ, ഫ്ലൈയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനുകൾ, എയർ നാവിഗേഷൻ സർവീസ് പ്രൊവൈഡർമാർ എന്നിവർ ഏതെങ്കിലും വ്യക്തിയെ നിയമിക്കുന്നതിനോ ട്രെയിനി പൈലറ്റിനെ പ്രവേശിപ്പിക്കുന്നതിനോ മുമ്പ് മയക്കുമരുന്ന് പരിശോധന നടത്തണമെന്നും ചട്ടങ്ങളിൽ നിർദേശിക്കുന്നു.
ഇന്ത്യയിലേക്കുള്ള യാത്ര ചെയ്യുന്ന വിമാനങ്ങളിലെ ജീവനക്കാർ മറ്റേതെങ്കിലും രാജ്യത്ത് മയക്കുമരുന്ന് പരിശോധനയ്ക്ക് വിസമ്മതിച്ചിട്ടുണ്ടെങ്കിൽ ഇന്ത്യയിലെത്തിയാൽ അവരെ പരിശോധിക്കണം എന്നും ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുന്നു.
ആംഫെറ്റാമൈൻ, കഞ്ചാവ്, കൊക്കെയ്ൻ, കറുപ്പ്, ബാർബിറ്റ്യൂറേറ്റുകൾ, ബെൻസോഡിയാസെപൈൻ തുടങ്ങിയ സൈക്കോ ആക്റ്റീവ് പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാവുന്ന പരിശോധനയാണ് നടത്തുക.
ഏതെങ്കിലും ജീവനക്കാരുടെ പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ ഡിജിസിഎയ്ക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
മയക്കുമരുന്ന് പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചാൽ?
“അത്തരം ജീവനക്കാർ ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങുന്നതിന് മുമ്പ് സംഘടനയുടെ പുനരധിവാസ പ്രക്രിയയ്ക്ക് വിധേയമാകണം. ആറ് മാസ കാലയളവിൽ അത്തരം കേസുകളുടെ എണ്ണം ഡിജിസിഎയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെടും,” എന്ന് ചട്ടങ്ങളിൽ പറയുന്നു.
ഒരു മയക്കുമരുന്ന് പരിശോധനയുടെ “നെഗറ്റീവ് അല്ലാത്ത” റിപ്പോർട്ട് ലഭിച്ച ജീവനക്കാരെ ഉടൻ ചുമതലകളിൽ നിന്ന് മാറ്റിനിർത്തി സ്ഥിരീകരണ റിപ്പോർട്ടിനായി കാത്തിരിക്കും.
Also Read: ടിപ്പുവിന്റെ സിംഹാസനം മെയ്‌ഡ് ഇൻ ചേർത്തല, തട്ടിപ്പിന് മറ പ്രമുഖർ; ആരാണ് മോണ്‍സണ്‍ മാവുങ്കല്‍?
സ്ഥിരീകരണ റിപ്പോർട്ടിലും പൊസിറ്റീവ് ഫലം ലഭിച്ച ജീവനക്കാരെ ഡി-അഡിക്ഷൻ-പുനരധിവാസ പദ്ദതിക്കായി ഒരു ഡി-അഡിക്ഷൻ സെന്ററിലേക്ക് അയക്കാൻ നിർദേശിക്കും.
“സൈക്കോ ആക്ടീവ് പദാർത്ഥത്തിന്റെ ഉപഭോഗം തിരിച്ചറിയാനുള്ള പരിശോധനകൾക്ക് ശേഷം നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് ലഭിച്ച ജീവനക്കാർ ചുമതലകളിൽ തിരിച്ചെത്തും. കൂടാതെ, ബന്ധപ്പെട്ട സ്ഥാപനത്തിന്റെ മെഡിക്കൽ ഇൻചാർജിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ആവശ്യമാണ്,” ചട്ടങ്ങൾ പറയുന്നു.
ആവർത്തിച്ച് ലഹരി ഉപഭോഗം കണ്ടെത്തിയാൽ?
ജോലിക്കിടെ രണ്ടുതവണ മരുന്ന് പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ ജീവനക്കാരുടെ ലൈസൻസ് മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്യപ്പെടും. ആരെങ്കിലും മൂന്നാം തവണയും പോസിറ്റീവ് ആണെങ്കിൽ, അവരുടെ ലൈസൻസ് റദ്ദാക്കപ്പെടും.