രണ്ടാം വരവിൽ കൂടുതൽ ശക്തി പ്രാപിച്ചിരിക്കുകയാണ് കോവിഡ് മഹാമാരി. നിയന്ത്രണാതീതമായ രീതിയിലാണ് കോവിഡിന്റെ വ്യാപനം. രാജ്യം വീണ്ടും ഒരു ലോക്ക്ഡൗണിലേക്ക് പോവാനുള്ള സാധ്യതകളാണ് ഇപ്പോൾ കാണുന്നത്. വീട്ടിൽ ഒരാൾക്ക് കോവിഡ് വന്നാൽ ഉടനെ ചെയ്യേണ്ടതെന്ത്? എന്തൊക്കെ സുരക്ഷാക്രമീകരണങ്ങളാണ് സ്വീകരിക്കേണ്ടത്? ഇക്കാര്യങ്ങൾ വിശദീകരിക്കുകയാണ് ദിശ കോവിഡ് ഹെൽപ് ലൈനിലെ വളണ്ടിയർ ആയ അഖില.
” കോവിഡ് പോസിറ്റീവ് ആയാൽ ഉടനെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്ററിലോ ആരോഗ്യവകുപ്പ് അധികൃതരെയോ ആശാ വർക്കറെയോ വിവരം അറിയിക്കുക. ദിശയുടെ കോവിഡ് ഹെൽപ്പ് ലൈനായ 1056ൽ വിളിച്ചും വിവരം അറിയിക്കാനാവും. ദിശയുടെ വളണ്ടിയർമാർ രോഗവിവരം രോഗിയുടെ ഏറ്റവും അടുത്തുള്ള ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു കൊള്ളും,” അഖില പറയുന്നു.
Read More: COVID-19 in children: കുട്ടികൾക്ക് കോവിഡ് വന്നാൽ
രോഗലക്ഷണങ്ങൾ വച്ച് കോവിഡ് രോഗികളെ കാറ്റഗറി എ, കാറ്റഗറി ബി, കാറ്റഗറി സി എന്നിങ്ങനെ മൂന്നായി തരം തിരിച്ചാണ് തുടർ ചികിത്സകൾ തീരുമാനിക്കുക. രോഗിയുടെ ഏറ്റവും അടുത്തുള്ള മെഡിക്കൽ ഓഫീസറാണ് ലക്ഷണങ്ങൾ വച്ച് രോഗി ഏതു കാറ്റഗറിയിൽ പെടുന്ന ആളാണെന്ന് നിർണയിക്കുന്നത്. രോഗിയെ ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചാൽ മതിയോ, അതോ കോവിഡ് ആശുപത്രിയിലേക്ക് മാറ്റണോ എന്നൊക്കെ തീരുമാനിക്കുന്നതും മെഡിക്കൽ ഓഫീസറാണ്. രോഗിയ്ക്ക് ശക്തമായ ശ്വാസതടസ്സം, ഓക്സിജൻ ലെവൽ തീരെ കുറഞ്ഞ അവസ്ഥ എന്നിവയൊക്കെ കണ്ടാൽ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റും, തൊണ്ടവേദന, പനി പോലുള്ള ലക്ഷണങ്ങളുള്ള, ആശുപത്രി പരിചരണം വേണ്ട രോഗികളെ സിഎസ്ടിസിയിലേക്കും.
Read more: കോവിഡ് മഹാമാരിയെ നേരിടാൻ ഇരട്ട മാസ്‌ക്കുകൾ ഫലപ്രദമോ?
ഗുരുതരമായ ലക്ഷണങ്ങൾ ഒന്നുമില്ലാത്ത, ഹോം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്നുള്ള രോഗികൾക്ക് ആശുപത്രികളിൽ നേരിട്ട് പോവാതെ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ ഇ- സഞ്ജീവനി ടെലി കൺസൽട്ടേഷൻ സഹായിക്കും. ഇ- സഞ്ജീവനിയിൽ കോവിഡ് രോഗികൾക്കായി പ്രത്യേകം ഓപിടി തുടങ്ങിയിട്ടുണ്ട്. രാവിലെ എട്ടു മുതൽ രാത്രി എട്ടു മണിവരെ തീർത്തും സൗജന്യമായി രോഗികൾക്ക് ഫോണിലൂടെ ഡോക്ടർമാരുടെ കൺസെൽട്ടേഷൻ എടുക്കാം. മരുന്ന് വിവരങ്ങൾ ഇ -റെസിപ്റ്റ് ആയാണ് ലഭിക്കുക. ഇ-റെസിപ്റ്റ് ഉപയോഗിച്ച് വീട്ടുകാരുടെയോ സുഹൃത്തുക്കളുടെയോ സഹായത്തോടെ അടുത്തുള്ള ഫാർമസിയിൽ നിന്നും രോഗിയ്ക്ക് മരുന്നുകൾ വാങ്ങാൻ സാധിക്കും.
ഹോം ക്വാറന്റൈനിൽ കഴിയുന്ന കോവിഡ് രോഗികൾ ചെയ്യേണ്ടത്
ഹോം ക്വാറന്റൈനിൽ കഴിയുന്ന രോഗികൾ നിർബന്ധമായും ഒരു പൾസ് ഓക്സീമീറ്റർ കരുതുക. ഇടയ്ക്കിടെ ഓക്സിജൻ ലെവൽ പരിശോധിക്കുക. ഓക്സിജൻ ലെവൽ 95ൽ താഴെയാണെങ്കിൽ ഉടനെ തന്നെ ഏറ്റവും അടുത്ത മെഡിക്കൽ ഡിപ്പാർട്ട്മെന്റിലോ ദിശയിലോ ബന്ധപ്പെടുക. അവർ സമയോചിതമായി ഇടപ്പെട്ട് രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതാണ്.
വീട്ടിൽ ഒരാൾ മാത്രം കോവിഡ് പോസിറ്റീവ് ആണെങ്കിൽ ആ വ്യക്തി ബാത്ത് റൂം അറ്റാച്ച്ഡായ, ശരിയായ വെന്റിലേഷൻ ഉള്ളൊരു മുറിയിൽ ക്വാറന്റെനിൽ ഇരിക്കുക. രോഗിയുമായി പ്രൈമറി കോൺടാക്റ്റ് ഉള്ള വ്യക്തികൾ കഴിയുന്നതും പുറത്തുപോവാതെയും മറ്റാരുമായും ഇടപഴകാതെയും ഇരിക്കുക. കോവിഡ് കേസുകൾ കൂടിക്കൂടി വരുന്ന സാഹചര്യത്തിൽ തിരിച്ചറിവോടെയും ഉത്തരവാദിത്വത്തോടെയും ഓരോരുത്തരും പെരുമാറുക എന്നതാണ് പ്രധാനം.
Read more: കോവിഡ് വാക്സിനുകളില്‍നിന്നുള്ള സംരക്ഷണം എത്രകാലം നിലനില്‍ക്കും?; അറിയേണ്ടതെല്ലാം
ക്വാറന്റൈനിൽ കഴിയുന്ന രോഗിയ്ക്കുള്ള ഭക്ഷണം മുറിയ്ക്ക് പുറത്തു നൽകുക. രോഗിയുമായി ഒരു തരത്തിലുള്ള ഇടപഴകലും പാടില്ല. രോഗിയടക്കം വീട്ടിലുള്ള എല്ലാവരും മാസ്ക് ധരിക്കുക. രോഗിയുമായി പ്രൈമറി കോൺടാക് വന്ന വ്യക്തികൾക്ക് ഏഴു ദിവസത്തിനു ശേഷം ടെസ്റ്റ് ചെയ്തു നോക്കാം. പോസിറ്റീവ് ആവുന്നുണ്ടെങ്കിൽ അവരും രോഗിയെ പോലെ ക്വാറന്റൈനിൽ ഇരിക്കുക.
മുൻപ്, ഒരാൾ കോവിഡ് പോസിറ്റീവ് ആയാൽ 10-ാം ദിവസം വീണ്ടും ടെസ്റ്റ് ചെയ്യണം എന്നുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ പത്താം ദിവസം ടെസ്റ്റ് ചെയ്യണമെന്ന് നിർബന്ധമില്ല. ലക്ഷണങ്ങൾ എല്ലാം മാറികഴിഞ്ഞാൽ രോഗിയ്ക്ക് 17-ാം ദിവസം ക്വാറന്റൈൻ അവസാനിപ്പിക്കാവുന്നതാണ്.
Read more: വീട്ടിലിരുന്ന് സ്‌പെഷാലിറ്റി ഡോക്ടറെ കാണാം; ചെയ്യേണ്ടത് എന്ത്?