/indian-express-malayalam/media/media_files/uploads/2021/02/Covid-vaccination-explained.jpg)
രാജ്യത്ത് കോവിഡ് -19 വാക്സിൻ വിതരണത്തിന്റെ രണ്ടാം ഘട്ടം മാർച്ച് ഒന്നിന് ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു. രാജ്യത്തെ രണ്ടാം മുൻഗണനാ വിഭാഗത്തിലുള്ളവർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുക. 60 വയസ്സിനു മുകളിലുള്ള വ്യക്തികളും 45 വയസ്സിനു മുകളിലുള്ള മറ്റ് അസുഖങ്ങളുള്ള വ്യക്തികളും അടക്കമുള്ളവർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുക. ഏകദേശം 27 കോടിയോളം പേരാണ് ഈ മുൻഗണനാ വിഭാഗത്തിലുള്ളതെന്ന് കേന്ദ്രസർക്കാർ കണക്കാക്കുന്നു.
പതിനായിരത്തോളം സർക്കാർ സ്ഥാപനങ്ങൾ വഴി വാക്സിനേഷൻ സൗജന്യമായി നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ, സ്വകാര്യ ആശുപത്രികളിലാണ് കുത്തിവയ്പ്പ് നടത്തുന്നതെങ്കിൽ ഗുണഭോക്താക്കൾ പണം നൽകേണ്ടിവരും.
സ്വകാര്യ ആശുപത്രികളിൽ വാക്സിനിന്റെ നിരക്കുകൾ എത്രയായിരിക്കുമെന്ന് അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാക്സിനേഷനുവേണ്ടി എങ്ങനെ രജിസ്റ്റർ ചെയ്യും?
രണ്ടാം ഘട്ടത്തിൽ സ്വയം രജിസ്ട്രേഷൻ സംവിധാനം ഉണ്ടായിരിക്കും. ഗുണഭോക്താവ് കോ-വിൻ ആപ്ലിക്കേഷൻ 2.0 ഡൗൺലോഡ് ചെയ്യുകയും വാക്സിനേഷനായി രജിസ്റ്റർ ചെയ്യുകയും വേണം.
രജിസ്ട്രേഷനായി ഏതെല്ലാം രേഖകൾ വേണം?
പ്രായം തെളിയിക്കാനായി, ഗുണഭോക്താവിന് ഒരു വോട്ടർ ഐഡി കാർഡോ ആധാർ കാർഡോ ആവശ്യമാണ്. ഗുണഭോക്താവ് കോ-വിൻ ആപ്പ് ഡൗൺലോഡ് ചെയ്ത് ഈ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. ആധാറിൽ നിന്നോ, വോട്ടർ പട്ടികയിൽ നിന്നോ ഉള്ള വിവരങ്ങൾ ആപ്പ് ശേഖരിക്കും.
പ്രായം സംബന്ധിച്ച വിവരങ്ങൾ ശരിയാണെങ്കിൽ തുടർന്ന് അപ്ലിക്കേഷൻ കൂടുതൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യും.
മറ്റു രോഗങ്ങളുള്ള പ്രായം കുറഞ്ഞവർ ചെയ്യേണ്ടത്
മറ്റ് രോഗാവസ്ഥകൾ ഏതെല്ലാമാണെന്ന് തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം ഇതുവരെ കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല.
എന്നിരുന്നാലും, ക്യാൻസർ, വൃക്ക തകരാറ്, ഹൃദയരോഗങ്ങൾ, പ്രമേഹം, രക്താതിമർദ്ദം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരെ പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
വോട്ടർ പട്ടികയിൽ പ്രായം തെറ്റാണെങ്കിൽ
നിങ്ങളുടെ അവസാന വോട്ടർ പട്ടികയിൽ പ്രായം കുറച്ചാണ് കാണിക്കുന്നതെങ്കിൽ നിങ്ങളുടെ പ്രായം തെളിയിക്കാൻ ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കാം. ജില്ലാ മജിസ്ട്രേറ്റ് പരിശോധിച്ചുറപ്പിച്ച ശേഷം, ഏറ്റവും പുതിയ പ്രായം വച്ച് വോട്ടർ പട്ടികയിലെ വിവരങ്ങൾ പുതുക്കുന്നതായിരിക്കും.
വാക്സിനേഷൻ തീയതിയും സ്ഥലവും തിരഞ്ഞെടുക്കാൻ കഴിയുമോ?
കഴിയും. കോ-വിൻ അപ്ലിക്കേഷനിൽ പ്രായം സംബന്ധിച്ച വിവരം അംഗീകരിച്ച കഴിഞ്ഞാൽ, ആപ്ലിക്കേഷനിൽ വാക്സിനേഷൻ കേന്ദ്രങ്ങളും അവയുടെ ലൊക്കേഷനും പ്രദർശിപ്പിക്കും. ഗുണഭോക്താവിന് ഒരുകേന്ദ്രം തിരഞ്ഞെടുക്കാം; അവർക്ക് ഒരു തീയതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭിക്കും.
അതിനാൽ, സ്ലോട്ടുകളുടെ ലഭ്യതയെ അടിസ്ഥാനമാക്കി, വാക്സിനേഷന്റെ സ്ഥലവും സമയവും ഗുണഭോക്താവിന് തീരുമാനിക്കാൻ കഴിയും.
മറ്റൊരു സംസ്ഥാനത്ത് വാക്സിൻ സ്വീകരിക്കാൻ കഴിയുമോ?
കഴിയും. രാജ്യത്തെ ഏത് സംസ്ഥാനത്തും വാക്സിനേഷൻ എടുക്കുന്നതിനുള്ള ഓപ്ഷൻ സർക്കാർ ഗുണഭോക്താവിന് നൽകുന്നുണ്ട്. ഉദാഹരണത്തിന്, ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള ഒരാൾക്ക് ബാംഗ്ലൂരിൽ തന്നെയുള്ള വാക്സിനേഷൻ കേന്ദ്രം തിരഞ്ഞെടുക്കാനാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us