ആഗോളതലത്തില്‍ സംഭവിച്ചേക്കാവുന്ന 3.14 കോടി കോവിഡ് മരണങ്ങളില്‍ 1.98 കോടി മരണങ്ങളെ വാക്സിനുകളുടെ ഉപയോഗം മൂലം തടഞ്ഞതായി പഠന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം തടഞ്ഞ മരണങ്ങളുടെ എണ്ണം 42.10 ലക്ഷമാണ്. ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ വാക്സിനേഷന്‍
“2020 ഡിസംബര്‍ എട്ട് മുതലുള്ള ഒരു വര്‍ഷക്കാലയളവില്‍ വാക്സിന്‍ മൂലം എത്ര മരണങ്ങള്‍ തടയാനാകുമെന്നതിനെ ആശ്രയിച്ചായിരുന്നു പഠനം. വാക്സിന്‍ വിതരണം ആരംഭിച്ച കാലയളവാണിത്. ഇന്ത്യയിൽ വാക്സിനേഷൻ വഴി 42.10 ലക്ഷം മരണങ്ങൾ തടയാനായതായാണ് മനസിലാക്കുന്നത്. ഈ കണക്കുകള്‍ വാക്സിനേഷന്റെ സ്വാധീനം കാണിക്കുന്നു, പ്രത്യേകിച്ച് ഡെൽറ്റ വേരിയന്റിന്റെ ആദ്യമായി കണ്ടെത്തിയ ഇന്ത്യയില്‍,” ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്നുള്ള പഠനത്തിന്റെ പ്രധാന രചയിതാവായ ഡോ. ഒലിവർ വാട്‌സൺട് ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
“ഈ കണക്കുകൾ മഹാമാരിയുടെ സമയത്ത് ഇന്ത്യയിൽ ഉണ്ടായ അധിക മരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ ഇക്കണോമിസ്റ്റിൽ നിന്ന് ശേഖരിച്ചതും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തതുമാണ്. അമിതമായ മരണനിരക്കിന്റെയും സെറോപ്രെവലൻസ് സർവേകളുടെ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം. ഔദ്യോഗിക കണക്കിന്റെ ഏകദേശം പത്ത് മടങ്ങിലേക്കായിരുന്നു പഠനം എത്തിയത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 ജനുവരിയിലായിരുന്നു ഇന്ത്യയില്‍ വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 196.62 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്സിനേഷൻ ഡ്രൈവുകളിലൊന്നാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇന്ത്യയില്‍ 65 ശതമാനത്തിലധികം പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
185 രാജ്യങ്ങളിലും മറ്റ് പ്രദേശങ്ങളില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. ഏറ്റവുമധികം മരണങ്ങള്‍ തടഞ്ഞിരിക്കുന്നത് ഉയര്‍ന്നതും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്. 2021 അവസാനത്തോടെ എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 40 ശതമാനം പേർക്ക് വാക്സിന്‍ നൽകുകയെന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം നേടിയിരുന്നെങ്കിൽ 5.99 ലക്ഷം മരണങ്ങൾ കൂടി ഒഴിവാക്കാമായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
Also Read: പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവ് തെറ്റിദ്ധാരണ മൂലം: മാധവ് ഗാഡ്ഗിൽ