എറണാകുളം: സംസ്ഥാനത്ത് കോവിഡ് വ്യാപന ആശങ്ക വര്‍ദ്ധിപ്പിച്ചു കൊണ്ട് പ്രധാന നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ അതീവ ജാഗ്രത. മൂന്നിടത്തും സമ്പര്‍ക്കം മൂലമുള്ളതും ഉറവിടം അറിയാത്തതുമായ രോഗബാധ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന്അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു.
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് 13 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 109 പേരും എറണാകുളത്ത് 191 പേരും 120 പേരുമാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചു. തിരുവനന്തപുരത്ത് നാല് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരത്തെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഏവ?
തിരുവനന്തപുരം ജില്ലയില്‍ നാല് സ്ഥലങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഖോസ പ്രഖ്യാപിച്ചു. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പര്‍ വാര്‍ഡായ ചെമ്മരുത്തി മുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പര്‍ വാര്‍ഡായ കുറവറ, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പര്‍ വാര്‍ഡായ വാണിയകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പര്‍ വാര്‍ഡായ ഇഞ്ചി വിള എന്നിവയാണവ. കൂടാതെ നിലവിലെ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള ആറ്റുകാല്‍ (വാര്‍ഡ് – 70 ), കുരിയാത്തി (വാര്‍ഡ് – 73), കളിപ്പാന്‍ കുളം (വാര്‍ഡ് – 69), മണക്കാട് (വാര്‍ഡ് – 72), തൃക്കണ്ണാപുരംവാര്‍ഡിലെ (വാര്‍ഡ് -48) ടാഗോര്‍ റോഡ്, മുട്ടത്തറ വാര്‍ഡിലെ (വാര്‍ഡ് – 78) പുത്തന്‍പാലം എന്നിവിടങ്ങള്‍ ഏഴു ദിവസങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി തുടരും ഈ പ്രദേശങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
പൊലീസുകാരനും സമരക്കാരും തമ്മിലെ ബന്ധം
അടുത്ത രണ്ട് ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ഡ്യൂട്ടി ചെയ്തിരുന്ന പൊലീസുകാരന് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന 28 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. കൂടാതെ, എആര്‍ ക്യാംപിലെ ക്യാന്റീന്‍ മൂന്നു ദിവസത്തേക്ക് അടച്ചിട്ടു. ക്യാമ്പിലെ മറ്റു പൊലീസുകാര്‍ക്ക് രോഗബാധയില്ലെന്ന് മന്ത്രി പറഞ്ഞു.
പൊലീസുകാരന്‍ എല്ലാ ദിവസവും സമരക്കാരെ നേരിട്ടിരുന്നയാളാണെന്നും ഒരു പക്ഷേ, സമരക്കാരില്‍ നിന്നാകാം ഇയാള്‍ക്ക് രോഗം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ പൊലീസുകാരില്‍ 100 ഓളം പേര്‍ക്ക് കോവിഡ് പരിശോധന നടത്തി. സെക്രട്ടറിയേറ്റും എആര്‍ ക്യാമ്പും അണുമുക്തമാക്കി.
Read Also: മലപ്പുറത്ത് ക്വാറന്റൈൻ ലംഘിച്ച യുവാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്ക പട്ടികയിൽ നിരവധിപ്പേർ
കോര്‍പറേഷന്‍ പരിധിയിലെ നാല് പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. പാറവിള, പൂന്തുറ, മണക്കാട് എന്നിവിടങ്ങളിലാണ് രോഗം ബാധിച്ചത്. മണക്കാട് അനവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നഗരത്തില്‍ പകലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ജനക്കൂട്ടം ഒഴിവാക്കുന്നതിനായി നഗരത്തിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ബസ് സ്റ്റോപ്പുകളിലും നിയന്ത്രണമുണ്ട്. ജനങ്ങള്‍ ആവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും അവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകുന്നവര്‍ എവിടെ പോയി, ഏത് വാഹനങ്ങളില്‍ സഞ്ചരിച്ചു എന്നീ കാര്യങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന് മേയര്‍ പറഞ്ഞു. ചില കോവിഡ് കേസുകളുടെ ഉറവിടം അറിയാന്‍ സാധിക്കുന്നില്ലെന്ന് മേയര്‍ പറഞ്ഞു.
മാളുകളിലെ സിസിടിവി ക്യാമറകള്‍ കോര്‍പ്പറേഷന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാത്ത കടകള്‍ക്കെതിരെ ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാളയത്തെ സാഫല്യം ഷോപ്പിങ് കോംപ്ലക്‌സില്‍ ജോലി ചെയ്യുന്ന ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോംപ്ലക്‌സും സമീപത്തെ കണ്ണിമാറ മാര്‍ക്കറ്റും കടകളും ഏഴ് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
അതേസമയം, ആറ്റിങ്ങലില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ബി സത്യന്‍ എംഎല്‍എ ഉള്‍പ്പെടെ 100-ല്‍ അധികം പേര്‍ക്കെതിരെ കേസെടുക്കാന്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ജൂണ്‍ 10-ന് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കാരക്കാച്ചി കുളം നവീകരണ ഉദ്ഘാടനം നടത്തിയതിനാണ് കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സിന്റെ നാലും അഞ്ചും വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ ഉത്തരവിട്ടത്.
എറണാകുളത്ത് 50 പേരെ കസ്റ്റഡിയിലെടുത്തു
എറണാകുളം ജില്ലയില്‍ പൊലീസും ആരോഗ്യ വകുപ്പും കര്‍ശന ജാഗ്രതയാണ് പുലര്‍ത്തുന്നത്. കൊച്ചിയില്‍ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച അടച്ചിട്ടിരിക്കുന്ന എറണാകുളം മാര്‍ക്കറ്റിലേയും ബ്രോഡ് വേയിലേയും കടകളിലെ ജീവനക്കാരുടെ സ്രവ പരിശോധന ആരോഗ്യ വകുപ്പ് തുടരുന്നു. ജില്ലയിലെ ചെല്ലാനം (16, 18), പിറവം (17), പൈങ്ങോട്ടൂര്‍ (5) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.
കൊച്ചിയില്‍ ചമ്പക്കര മാര്‍ക്കറ്റില്‍ പൊലീസും നഗരസഭയും പരിശോധന നടത്തി കൃത്യമായി ചട്ടലംഘനങ്ങള്‍ നടത്തിയ 50 ഓളം പേരെ കസ്റ്റഡിയിലെടുത്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തവരെയാണ് പ്രധാനമായും പിടികൂടിയത്. സാമൂഹിക അകലം പാലിക്കാത്ത ഒരു കട പൊലീസ് അടപ്പിച്ചു. പുലര്‍ച്ചെ അഞ്ചരയോടെയാണ് ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. ഒന്നര മണിക്കൂറോളം പരിശോധന നീണ്ടു. ജനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ പരിശോധന നടത്തിയ അധികൃതര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ മാര്‍ക്കറ്റ് അടയ്ക്കുമെന്ന മുന്നറിപ്പ് നല്‍കി.
അതേസമയം, കടവന്ത്രയിലെ ഒരു ഫ്‌ളാറ്റിലെ വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാരുമുള്‍പ്പെടെ നാല് ജീവനക്കാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഈ വീട്ടമ്മയ്ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.
വലിയങ്ങാടിയില്‍ വലിയ ആശങ്ക
മലബാറിലെ പ്രധാന വ്യാപാര കേന്ദ്രമായ കോഴിക്കോട്ടെ വലിയങ്ങാടിയില്‍ ജില്ലാ ഭരണകൂടം നിയന്ത്രണം ശക്തമാക്കി. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം ചേരുന്നതിനെതിരെ കര്‍ശന നടപടിയെടുക്കാനാണ് കളക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ, കൊളത്തറയിലും ഹാര്‍ബറിലും നിയന്ത്രണമുണ്ട്.
വലിയങ്ങാടിയില്‍ കട നടത്തുന്ന കൊളത്തറ സ്വദേശിയുടെ മകന് കഴിഞ്ഞ ദിവസം രോഗം ബാധിച്ചിരുന്നു. ഇയാള്‍ ജൂണ്‍ 26-ന് രണ്ട് മണിക്കൂറോളം കടയില്‍ ചെലവഴിച്ചിരുന്നു. കടയിലെ ജീവനക്കാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഇയാള്‍ക്കും രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല. 21 പേരാണ് ഇയാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 72 പേര്‍ ദ്വിതീയ സമ്പര്‍ക്കപ്പട്ടികയിലുമുണ്ട്. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലാണ് 26 വയസ്സുകാരനായ ഇയാള്‍.
ഇയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ നാല് പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ട്. കൂടാതെ, മറ്റൊരു 20 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അവരോട് ഐസോലേഷനില്‍ പ്രവേശിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഈ കട അധികൃതര്‍ അടപ്പിച്ചു. മലബാറിലെ പല സ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ എത്തുന്ന മാര്‍ക്കറ്റാണ് വലിയങ്ങാടി.
Read Also: സ്വർണ മാസ്ക് ധരിച്ച് പൂനെ സ്വദേശി; വിലയോ 2.89 ലക്ഷം
നഗരത്തില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച 40 ഓളം കടകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം മേധാവി ആര്‍ എസ് ഗോപകുമാര്‍ പറഞ്ഞു. കോര്‍പറേഷനിലെ മൂന്ന് വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്.
കോവിഡ് രോഗികളെ കിടത്താന്‍ 3000 കിടക്കളും സ്വകാര്യ ആശുപത്രികളും
അതേസമയം, കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. 3000 കിടക്കകളാണ് തയ്യാറാക്കുന്നത്. ബീച്ച് ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കും. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കോവിഡ് ഗുരുതരമാകുന്നവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കൂടാതെ, മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സയും ഇവിടെ ലഭിക്കും.
നിലവില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിനെ കൂടാതെ സ്വകാര്യ ആശുപത്രികളെ കൂടെ ഈ സൗകര്യത്തിന് കീഴിലേക്ക് കൊണ്ടുവരും.
ഇ-ഹെല്‍ത്ത് പദ്ധതിയും ജില്ലയില്‍ നടപ്പിലാക്കും. 25 ആശുപത്രികളിലാണ് ഇ-സംവിധാനം. ജില്ലയിലെ എംഎല്‍എമാര്‍ 25 ലക്ഷം രൂപ നല്‍കും.