ഒരാഴ്ചയിലധികമായി ഉയർന്നു വന്ന അസംസ്കൃത എണ്ണ വില വർധനവിനെ തടസപ്പെടുത്തി കോവിഡ് വ്യാപനം. തിങ്കളാഴ്ച അസംസ്കൃത എണ്ണ വില ബാരലിന് 0.5 ശതമാനം താഴ്ന്ന് ബാരലിന് 66.5 ഡോളർ എന്ന നിലയിലെത്തി.
അസംസ്കൃത എണ്ണ വില ഏപ്രിൽ അഞ്ചിന് ബാരലിന് 62.15 ഡോളർ എന്നതിൽ നിന്ന് ഏപ്രിൽ 15 ബാരലിന് 67 ഡോളർ എന്ന നിലയിൽ ഉയർന്നിരുന്നു. അമേരിക്കയും ചൈനയും സാമ്പത്തിക വളർച്ചയിലേക്ക് കടക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചതിന് പുറകെയായിരുന്നു ഇത്. അസംസ്കൃത എണ്ണ വിലയിലെ നിലവിലെ മാറ്റം ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
Read Also: എന്തുകൊണ്ട് കൊറോണ വൈറസ് വായുവിലൂടെ പടരുന്നു? കാരണങ്ങൾ
അസംസ്കൃത എണ്ണ വില വർധനവിന് കാരണമായതെന്ത്?
അമേരിക്കയിൽ തൊഴിലില്ലായ്മ കുറഞ്ഞത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നതും, ചില്ലറ വിൽപനകൾ ഉയർന്നത് സംബന്ധിച്ച അവകാശ വാദങ്ങൾ വന്നതിനുമൊപ്പം ചൈന 18.3 ശതമാനത്തിന്റെ ജിഡിപി വളർച്ച രേഖപ്പെടുത്തിയതാണ് അസംസ്കൃത എണ്ണ വില ഉയർത്തിയത്. ഒപ്പം അമേരിക്ക റഷ്യക്ക് മേൽ ഉയർത്തിയ പുതിയ സാമ്പത്തിക ഉപരോധവും എണ്ണ വിലയെ സ്വാധീനിച്ചു.
എന്താണ് വില വർധനവിനെ തടസ്സപ്പെടുത്തുന്നത്?
ഇന്ത്യയിലും ബ്രസീലിലും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ടായ കോവിഡ് വ്യാപനം അസംസ്കൃത എണ്ണയ്ക്കുള്ള ആവശ്യകതയിൽ ഇടിവ് വരുത്തി. എണ്ണ വിലയെ തുടർന്ന് യുഎസിൽ എണ്ണ കിണറുകളുടെ എണ്ണം കൂടിയതും വിലവർധനക്ക് തടസ്സമായി. ഇന്ത്യയിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം തിങ്കളാഴ്ച 273810 ആയി ഉയർന്നിരുന്നു.
ഇത് ഇന്ത്യയെ എങ്ങനെ ബാധിക്കും?
അസംസ്കൃത എണ്ണ വില ഉയരുന്നത് ഇന്ത്യയിലെ എണ്ണ ഇറക്കുമതിയുടെ ചെലവ് ഉയർത്തുകയും എണ്ണ കമ്പനികളെ ഇത് വലിയ രീതിയിൽ ബാധിക്കുകയും ചെയ്യും. കഴിഞ്ഞ ഫെബ്രുവരിയിൽ പശ്ചിമ ബംഗാൾ,തമിഴ്നാട്, കേരളം, അസം എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഉയരാത്ത പെട്രോൾ ഡീസൽ വില, വില ഉയർത്താത്ത പൊതുമേഖലാ എണ്ണ കമ്പനികൾക്ക് ഒരു ആഘാതമാകും. ഫെബ്രുവരി 27ന് ശേഷം ഇന്ത്യയിൽ നാല് തവണ മാത്രമാണ് പെട്രോൾ ഡീസൽ വിലയിൽ മാറ്റമുണ്ടായത്. അസംസ്കൃത എണ്ണ വില മാർച്ച് 8ന് ബാരലിന് 70 ഡോളർ വരെ ഉയർന്നിട്ടും മാർച്ച് 23ന് 61 ഡോളറായി താഴ്ന്നിട്ടും ലിറ്ററിന് 75 പൈസ വരെ മാത്രമാണ് ഇന്ത്യയിൽ കുറവുണ്ടായത്.
2020 ൽ കേന്ദ്ര സർക്കാർ ചുമത്തിയ കേന്ദ്ര നികുതിയുടെ ഫലമായി ഇന്ത്യയിലെ പെട്രോൾ ഡീസൽ വില റെക്കോർഡ് ഉയരത്തിൽ തന്നെ തുടരുകയാണ്. തിങ്കളാഴ്ച ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 90.4 രൂപയും, ഡീസലിന് 80.73 രൂപയുമാണ് വില.
കഴിഞ്ഞ രണ്ട് മാസമായി വില കൂട്ടാതിരുന്നതിനാൽ എണ്ണ കമ്പനികൾക്ക് ഉണ്ടായ നഷ്ടം നികത്തുന്നതിനും ഭാവിയിൽ എണ്ണ വില കുറയുമ്പോൾ ഉണ്ടാകുന്ന ലാഭം ഉപയോക്താക്കളിൽ എത്തിക്കുന്നതിന് വേണ്ടിയും തിരഞ്ഞെടുപ്പുകൾക്ക് ശേഷം എണ്ണ കമ്പനികൾ വില ഉയർത്താനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.