scorecardresearch
Latest News

കോവിഡ് കേസുകൾ കുറയുന്നു, ദുരന്ത നിവാരണ നിയമം പ്രകാരമുള്ള നടപടികൾ ഒഴിവാക്കുന്നു; മാർച്ച് 31ന് ശേഷമുള്ള മാറ്റങ്ങൾ എന്തെല്ലാം?

കോവിഡ് -19 നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ “ഉചിതമായി” ക്രമീകരിക്കാനാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്

കോവിഡ് കേസുകൾ കുറയുന്നു, ദുരന്ത നിവാരണ നിയമം പ്രകാരമുള്ള നടപടികൾ ഒഴിവാക്കുന്നു; മാർച്ച് 31ന് ശേഷമുള്ള മാറ്റങ്ങൾ എന്തെല്ലാം?

2020 മാർച്ച് 24 മുതൽ, ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) കോവിഡ് -19 നിയന്ത്രണത്തിനുള്ള ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചുവരികയാണ്. 2005ലെ ദുരന്ത നിവാരണ നിയമം പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) മുഖേന സംസ്ഥാനങ്ങൾക്ക് എംഎച്ച്എ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

രണ്ട് വർഷത്തിന് ശേഷം, രാജ്യത്തെ സജീവമായ കോവിഡ് കേസലോഡ് 22,427 കേസുകളായി കുറയുകയും 182.23 കോടി ക്യുമുലേറ്റീവ് വാക്സിൻ ഡോസുകൾ നൽകുകയും ചെയ്തതോടെ (2022 മാർച്ച് 24 വരെ), കോവിഡ് -19 നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ “ഉചിതമായി” ക്രമീകരിക്കാൻ എംഎച്ച്എ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

എന്താണ് ദുരന്ത നിവാരണ നിയമം, 2005?

ദുരന്തങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി പാർലമെന്റ് 2005-ൽ ദുരന്ത നിവാരണ നിയമം പാസാക്കി. ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനുമുള്ള സ്ഥാപനപരമായ സംവിധാനം നിയമം പ്രതിപാദിക്കുന്നു. ദുരന്തങ്ങൾ തടയുന്നതിലും ലഘൂകരിക്കുന്നതിലും, ദുരന്തസാഹചര്യങ്ങളോടുള്ള വേഗത്തിലുള്ള പ്രതികരണത്തിലുമാണ് അത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2020 മാർച്ചിൽ മഹാമാരി ആരംഭിക്കുന്നതിന് മുമ്പ്, ഭൂകമ്പങ്ങൾ, രാസ ദുരന്തങ്ങൾ, വരൾച്ചകൾ, ആശുപത്രി സുരക്ഷ, വെള്ളപ്പൊക്കം മുതലായവ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഈ നിയമപ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്.

ദുരന്തനിവാരണ നിയമത്തിന്റെ ഏത് വകുപ്പിന് കീഴിലാണ് കോവിഡ്-19 പ്രതിരോധ ഉത്തരവുകൾ പുറപ്പെടുവിച്ചത്?

ഈ നിയമപ്രകാരം, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും വിവിധ മന്ത്രാലയങ്ങളിലെ അംഗങ്ങളും അടങ്ങുന്ന ഒരു ദേശീയ നിർവാഹക സമതി എൻഡിഎംഎയെ സഹായിക്കുന്നു.

ദുരന്തനിവാരണ നിയമത്തിന്റെ പത്താം വകുപ്പ് ഈ ദേശീയ നിർവാഹക സമതി അതിന്റെ അധികാരങ്ങളും പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നു. അപകടകരമായ ഏതൊരു ദുരന്തസാഹചര്യത്തിലും സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കോ അല്ലെങ്കിൽ വകുപ്പുകൾക്കോ സംസ്ഥാന സർക്കാരുകൾക്കോ സംസ്ഥാന അധികാരികൾക്കോ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനോ നിർദ്ദേശങ്ങൾ നൽകാനോ ദേശീയ നിർവാഹക സമിതിക്ക് ഈ വകുപ്പ് പ്രകാരം അധികാരമുണ്ട്.

ഈ വകുപ്പിന് കീഴിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോവിഡ്-19 നിയന്ത്രണത്തിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നത്.

ദുരന്ത നിവാരണ നിയമം പ്രകാരം പകർച്ചവ്യാധി നിയന്ത്രണവിധേയമാക്കാൻ പാസാക്കിയ അവസാനത്തെ സുപ്രധാന ഉത്തരവ് ഏതാണ്?

കഴിഞ്ഞ വർഷം ഡിസംബറിൽ, കൊറോണ വൈറസിന്റെ ഉയർന്ന പകർച്ചവ്യാധിയായ ഒമിക്രോൺ വകഭേദത്തിന്റെ ആവിർഭാവത്തിന്റെ പശ്ചാത്തലത്തിൽ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണ നടപടികൾ നടപ്പിലാക്കാൻ ആഭ്യന്തര മന്ത്രാലയം ജില്ലാ അധികാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു.

സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് ഉത്തരവുകളും നൽകിയിരുന്നു. സാമൂഹിക അകലം പാലിക്കാൻ ക്രിമിനൽ നടപടി നിയമത്തിലെ 144-ാം വകുപ്പിലെ വ്യവസ്ഥകൾ കഴിയുന്നിടത്തോളം ഉപയോഗിക്കാൻ അത് പ്രത്യേകം നിർദേശിച്ചിരുന്നു.

Also Read: വിമാനപകടങ്ങളില്‍ വഴിത്തിരിവാകും; എന്താണ് ബ്ലാക്ക് ബോക്സ്?

“ഈ നടപടികൾ ലംഘിക്കുന്ന ഏതൊരു വ്യക്തിക്കെതിരെയും ദുരന്ത നിവാരണ നിയമത്തിലെ 51, 60 വകുപ്പുകൾ പ്രകാരവും ഒപ്പം ഐപിസി വകുപ്പ്188 പ്രകാരവും ബാധകമായ മറ്റ് നിയമങ്ങൾ പ്രകാരവും നടപടിയെടുക്കാൻ ബാധ്യസ്ഥരായിരിക്കും,” ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങളോട് പറഞ്ഞിരുന്നു.

കേസുകൾ കുറയുന്നതിനാൽ, ഈ വർഷം ഫെബ്രുവരി 25 ന്, നിയന്ത്രണങ്ങൾ ലഘൂകരിക്കാനും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിൽ അപകടസാധ്യത വിലയിരുത്തൽ അടിസ്ഥാനമാക്കിയുള്ള സമീപനം നടപ്പിലാക്കാനും മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഒരു ഉത്തരവ് കേമാറി. അതിനുശേഷം, രാത്രി കർഫ്യൂവിലും 144 വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങളിലും രാജ്യത്തുടനീളമുള്ള ജില്ലാ അധികാരികൾ അയവ് വരുത്തി.

ഏറ്റവും പുതിയ ഉത്തരവ് എന്താണ്? എന്താണ് പ്രാധാന്യം?

ബുധനാഴ്ച (മാർച്ച് 23) പുറപ്പെടുവിച്ച ഉത്തരവിൽ, കോവിഡ് -19 നിയന്ത്രണ നടപടികൾക്കായി ദുരന്ത നിവാരണ നിയമം പ്രകാരം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ മാർച്ച് 31 ന് ശേഷം “ഉചിതമായി” നിർത്താൻ എല്ലാ സംസ്ഥാനങ്ങളെയും എംഎച്ച്എ ഉപദേശിച്ചു. ഏപ്രിൽ ഒന്ന് മുതൽ പൂർണ്ണമായി സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനയാണ് ഉത്തരവ്.

ഇത് പ്രകാരം ഷോപ്പിംഗ് കോംപ്ലക്സുകളും സിനിമാ ഹാളുകളും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ അനുവദിച്ചേക്കാം എന്നാണ് ഇതിനർത്ഥം. സംസ്ഥാനങ്ങൾക്ക് സാമൂഹിക ഒത്തുചേരലുകളും യോഗങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓഫ്‌ലൈൻ ക്ലാസുകളും പുനരാരംഭിക്കാം.

എന്നിരുന്നാലും, കേസുകളിൽ പുതിയ വർദ്ധനവ് കണ്ടെത്തുന്നതിനുള്ള പൊതുജനാരോഗ്യ നടപടികൾ നടപ്പിലാക്കേണ്ടതുണ്ട്. ബുധനാഴ്ചത്തെ ഉത്തരവിൽ അത് സംബന്ധിച്ച് മാറ്റങ്ങളൊന്നുമില്ല.

സംസ്ഥാനങ്ങൾ എന്ത് തുടരണം?

ജില്ലാ തലത്തിലെ സ്ഥിരമായ പരിശോധനയുടെ അടിസ്ഥാനത്തിൽ പുതിയ കേസുകളുടെ ഉയർന്നുവരുന്ന ഡാറ്റ നിരന്തരം അവലോകനം ചെയ്യാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പുതിയ ക്ലസ്റ്ററുകളുടെ ആവിർഭാവം, കേസിന്റെ പോസിറ്റീവിറ്റി, കേസുകളുടെ ഭൂമിശാസ്ത്രപരമായ വ്യാപനം, ആശുപത്രികളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ തയ്യാറെടുപ്പ് എന്നിവ ഉൾപ്പെടെ പ്രാദേശിക സാഹചര്യങ്ങളുടെ ശരിയായ വിശകലനത്തിന് ശേഷം നിയന്ത്രണങ്ങളും ഇളവുകളും സ്വീകരിക്കണമെന്ന് അതിൽ പറയുന്നു.

രോഗം കൂടിയ പ്രദേശങ്ങളിലെ കേസുകളുടെ അവസ്ഥ നിരീക്ഷിക്കാനും ഈ പ്രദേശങ്ങളിൽ നിയന്ത്രണ നടപടികൾ നടപ്പിലാക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: 137 ദിവസത്തെ ഇടവേളക്ക് ശേഷം പെട്രോൾ, ഡീസൽ വില വർധന; കാരണം എന്ത്, ഇനിയും വർധിക്കുമോ?

മുൻകൂർ മുന്നറിയിപ്പിനായി ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങൾ പതിവായി നിരീക്ഷിക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളുടെ മുൻകൂർ മുന്നറിയിപ്പിനായി ജീനോം സീക്വൻസിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഏറ്റവും പ്രധാനമായി, പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം ഇപ്പോഴും പിന്തുടരാൻ സംസ്ഥാനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Covid cases falling disaster act revoked life change march 31