ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ രോഗികളുടെ എണ്ണം മാത്രം നോക്കിയാല്‍ ഒരുപക്ഷേ സംസ്ഥാനത്ത് അതിവേഗം കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നുവെന്ന് പറയാനാകില്ല. ബുധനാഴ്ച വൈകുന്നേരത്തോടെ പശ്ചിമ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത് 696 കേസുകള്‍ മാത്രമാണ്. പക്ഷേ, രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന നിരക്കും ഒരു രോഗിയില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്നതിന്റെ നിരക്കും (റീപ്രൊഡക്ഷന്‍ റേറ്റ്) മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതലാണ്.
ഏപ്രില്‍ 23 മുതല്‍ ഏപ്രില്‍ 27 വരെ ബംഗാളില്‍ രോഗികളുടെ എണ്ണം വർധിക്കുന്നത് പരിശോധിച്ചാല്‍ ഓരോ 7.13 ദിവസങ്ങളും രോഗികളുടെ എണ്ണം ഇരട്ടിക്കുന്നുണ്ട്. രോഗം പത്ത് ദിവസത്തോളമെടുത്ത് ഇരട്ടിക്കുന്ന ഗുജറാത്തും ആന്ധ്രാപ്രദേശും ഒഴിച്ചു നിര്‍ത്തി മറ്റു പ്രധാന സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് കൂടുതലാണ്. കേരളത്തില്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 37 ദിവസമെടുത്താണ്. അതേസമയം, തെലങ്കാനയില്‍ 58 ദിവസം കൊണ്ടാണ് ഇരട്ടിക്കുന്നത്. മാത്രമല്ല കഴിഞ്ഞ ഒരാഴ്ചയായി രോഗികളുടെ എണ്ണം അതിശയകരമായി കുറയുന്നുമുണ്ട്.
അതുപോലെ, പശ്ചിമ ബംഗാളില്‍ ഒരാളില്‍ നിന്നും രോഗം പടരുന്നത് 1.57 പേരിലേക്കാണ്. ദേശീയ ശരാശരി 1.29 ആണ്. ഒരു രോഗിയില്‍ നിന്നും ശരാശരി എത്ര പേരിലേക്ക് രോഗം പടരുന്നുവെന്നതിനെ കുറിക്കുന്നതാണ് ഈ സംഖ്യ. ഇപ്പോഴത്തെ നിലയില്‍ പശ്ചിമ ബംഗാളില്‍ ഓരോ നൂറു പേരും 152 പേര്‍ക്ക് രോഗം പകരുന്നു. വലിയ സംസ്ഥാനങ്ങളില്‍ ജാര്‍ഖണ്ഡിനും ബിഹാറിനും മാത്രമാണ് കൂടുതല്‍ റീപ്രൊഡക്ഷന്‍ നിരക്കുള്ളത്. എന്നാല്‍ പശ്ചിമ ബംഗാളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുറവാണ്.
എന്നിരുന്നാലും രാജ്യത്തെ മൊത്തം കണക്കെടുക്കുമ്പോള്‍ ഇപ്പോള്‍ പശ്ചിമ ബംഗാള്‍ ഒരു ഭീഷണിയല്ല. ദേശീയ കണക്കില്‍ രണ്ടു ശതമാനമാണ് ബംഗാളിന്റെ പങ്ക്.
Read Also: കോവിഡ് പ്രതിരോധം: ഇന്ത്യയ്ക്ക് 30 ലക്ഷം ഡോളര്‍ സഹായവുമായി യുഎസ്
മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഡല്‍ഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ബുധനാഴ്ച വൈകുന്നേരത്തോടെ ഇന്ത്യയില്‍ രോഗികളുടെ എണ്ണം 33,000-ത്തിന് അടുത്താണ്. എണ്ണായിരത്തോളം പേര് രോഗമുക്തി നേടി. അതായത്, ഇപ്പോള്‍ രോഗമുള്ളത് 25,000-ത്തോളം പേര്‍ക്കാണ്.
ബുധനാഴ്ച 1685 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പതിവുപോലെ ഇതില്‍ 80 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ 597 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അവിടെ മൊത്തം 9915 പേര്‍ക്ക് രോഗം ബാധിച്ചു. ഗുജറാത്തില്‍ 4000 കടന്നു. ബുധനാഴ്ച അവിടെനിന്നും 308 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.