പൂർണ്ണമായി വാക്സിനേഷൻ ലഭിച്ച ഒരാൾക്ക് കൊറോണ വൈറസ് ബാധിക്കുന്ന സാഹചര്യത്തെയാണ് കോവിഡ് വാക്സിൻ ബ്രേക്ക് ത്രൂ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. അത്തരം കേസുകൾ വളരെ കുറച്ച് എണ്ണം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ, അതിനാൽ അവ ആശങ്കയ്ക്ക് കാരണമാവുന്നില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
വൈറസിനെ തിരിച്ചറിയാൻ ശരീരത്തെ പഠിപ്പിച്ചാണ് കോവിഡ്-19 വാക്സിനുകൾ പ്രവർത്തിക്കുന്നത്. അതിനാൽ, പ്രതിരോധ കുത്തിവയ്പ്പിനുശേഷം നിങ്ങൾ വൈറസുമായി സമ്പർക്കത്തിൽ വന്നാൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി സംവിധാനം വൈറസിനെതിരെ പ്രവർത്തിക്കാൻ തയ്യാറായിരിക്കണം.
ഫൈസറിന്റെയും മോഡേണയുടെയും രണ്ട് ഡോസ് കോവിഡ്-19 വാക്സിനുകൾ രോഗം തടയുന്നതിൽ 95 ശതമാനം ഫലപ്രദമാണെന്നാണ് യുഎസിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചത്. അതേസമയം ഒറ്റ-ഷോട്ട് ജോൺസൺ & ജോൺസൺ 72 ശതമാനം ഫലപ്രദമാണ്. വാക്സിനുകൾ തമ്മിൽ നേരിട്ടുള്ള താരതമ്യം ബുദ്ധിമുട്ടാണ്. വാക്സിനുകൾ വൈറസിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കുന്നതിൽ വളരെ മികച്ചതാണെങ്കിലും, ലക്ഷണങ്ങളില്ലാതെയോ സൗമ്യമായ ലക്ഷണങ്ങളോടെയോ അണുബാധ വരാൻ സാധ്യതയുണ്ട്, ചിലപ്പോൾ രോഗലമെന്ന നിലയിൽ തന്നെ പിടിപെടാനും സാധ്യതയുണ്ട്.
Read More: ഒരേ സമയം രണ്ട് കോവിഡ് വകഭേദങ്ങൾ ബാധിക്കുമോ? ആരോഗ്യവിദഗ്ധർ പറയുന്നു
വാക്സിനേഷൻ നൽകിയിട്ടും രോഗം പിടിപെടുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധർ പറയുന്നത് വാക്സിൻ ഷോട്ടുകൾ രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് വളരെ മികച്ചതാണെന്നാണ്. വാക്സിനേഷനെടുക്കാനുള്ള പ്രധാന കാരണമായും ഇവർ ചൂണ്ടിക്കാട്ടുന്നത് രോഗ തീവ്രത കുറയ്ക്കും എന്നതാണ്.
ബ്രേക്ക്‌ത്രൂ അണുബാധയുള്ള ഭൂരിഭാഗം പേർക്കും നേരിയ അസുഖം അനുഭവപ്പെടുന്നുണ്ടെന്ന് ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ വാക്സിൻ വിദഗ്ധനായ ഡോ. വില്യം മോസ് പറഞ്ഞു.
യുഎസിൽ, കുത്തിവയ്പ് എടുക്കാത്ത ആളുകൾക്ക് കോവിഡ് വരുമ്പോൾ അവർക്ക് ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരുന്നുണ്ട്. പലരും മരണപ്പെടുന്നുമുണ്ട്.
“ഏതെങ്കിലും പ്രത്യേക ബ്രേക്ക് ത്രൂ കേസ് സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് നിർണ്ണയിക്കാൻ പ്രയാസമാണ്. നിങ്ങൾ എത്രമാത്രം വൈറസിന് വിധേയരാകുന്നു എന്നത് ഒരു ഘടകമാകാം,” മോസ് പറഞ്ഞു.
Read More: കോവിഡ് വകഭേദങ്ങൾക്കെതിരെ പോരാടാൻ മോഡേണ, ഫൈസർ വാക്സിൻ ഫലപ്രദമെന്ന് പഠനം
“നമ്മുടെ വ്യക്തിഗത രോഗപ്രതിരോധ സംവിധാനങ്ങൾ നമ്മൾ വാക്സിൻ ഷോട്ടുകളോട് എത്രമാത്രം പ്രതികരിക്കുന്നു എന്നതിനെ ബാധിക്കും. ഉദാഹരണത്തിന്, ചില ആളുകളുടെ ആരോഗ്യസ്ഥിതിയോ അവർ കഴിയുന്ന മരുന്നുകളോ അവരുടെ രോഗപ്രതിരോധ ശേഷിയെ വാക്സിനുകളോട് കുറഞ്ഞ തരത്തിൽ പ്രതികരിക്കുന്നതാക്കി മാറ്റും.”
“ഷോട്ടുകൾ പൂർണ്ണമായി ഫലത്തിൽ വരുന്നതിനുമുമ്പ് ആളുകൾക്ക് വൈറസ് ബാധിച്ചിരിക്കാമെന്നതാണ് മറ്റൊരു സാഹചര്യം. അനുചിതമായ തരത്തിൽ സംഭരിക്കുകയോ നൽകുകയോ ചെയ്ത ഒരു ഡോസ് അവർക്ക് ലഭിച്ചിരിക്കാം എന്നത് സാധ്യത കുറവാണെങ്കിലും സംഭവിക്കാവുന്ന കാര്യമാണ്,” മോസ് പറഞ്ഞു.
കോവിഡ് വകഭേദങ്ങൾ ചില ബ്രേക്ക് ത്രൂ കേസുകളിൽ കാരണമാവാമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. ബ്രേക്ക് ത്രൂ കേസുകളിലെ വർധനവ് ആരോഗ്യ വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്. വാക്സിൻ പരിരക്ഷ കുറയുന്നുണ്ടോയെന്നും ബൂസ്റ്റർ വാക്സിൻ ആവശ്യമാണോയെന്നും മനസ്സിലാക്കുന്നതിനുള്ള സൂചന ഈ നിരീക്ഷണത്തിലൂടെ ലഭ്യമാവുമെന്നും വിദഗ്ധർ പറയുന്നു.